ആലപ്പുഴ: കാലവസ്ഥാവ്യതിയാനം ജില്ലയെ പനി കിടക്കയിലാക്കി. വൈറല്‍ പനിക്കൊപ്പം എലിപ്പനിയും ഡെങ്കിപ്പനിയും ജില്ലയില്‍ പടര്‍ന്നുപിടിക്കുന്നു. ഡെങ്കിപ്പനിയും കൂടുതലായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി പേര്‍ക്കാണ് ജില്ലയില്‍ വൈറല്‍പനി പിടികൂടിയത്. എല്ലാവര്‍ഷവും മഴ തുടങ്ങുമ്പോള്‍ വൈറല്‍ പനിയും വര്‍ധിക്കാറുണ്ട്. എന്നാല്‍ ഇത്തവണ വ്യാപനം ഇരട്ടിയോളമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
പനി, ജലദോഷം, ചുമ, മൂക്കൊലിപ്പ്, തൊണ്ട വേദന തുടങ്ങിയവയാണ് ലക്ഷണം. രോഗലക്ഷണം കണ്ടാലുടനെ ചികിത്സ തേടിയാല്‍ ഗുരുതരമാകുന്നത് തടയാന്‍ കഴിയും. കാലാവസ്ഥ മാറിയതോടെ കുട്ടികളില്‍ പനിയും വയറിളക്ക രോഗങ്ങളും പടരുന്നുണ്ട്. സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സ തേടിയെത്തുന്നവരില്‍ പകുതിയിലേറെയും കുട്ടികളാണ്. വൈറല്‍ പനി, തക്കാളിപ്പനി തുടങ്ങിയവ ബാധിച്ചാണ് കൂടുതല്‍ കുട്ടികളും ആശുപത്രിയിലെത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് രോഗവ്യാപനം ഏറിയത്. പനി പെട്ടെന്നു പകരുന്നുവെന്നതാണ് ഇതിനെ ഗുരുതരമാക്കുന്നത്.
ചിലയിടങ്ങളില്‍ ഡെങ്കിപ്പനിയും രൂക്ഷമാകാന്‍ തുടങ്ങി. ശരീരവേദന, സന്ധിവേദന, വിട്ടുമാറാത്ത ക്ഷീണം, തലവേദനയോടുകൂടിയ ജ്വരം, വിറയല്‍ എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളര്‍ച്ച, ശരീരവേദന, തലവേദന, ഛര്‍ദി, വിശപ്പില്ലായ്മ, മനംപുരട്ടല്‍, കണ്ണിനു ചുവപ്പ്, നീര്‍വീഴ്ച, വെളിച്ചത്തേക്കു നോക്കാന്‍ പ്രയാസം എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍.
ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.ആഴ്ചയില്‍ വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം. പനിയുണ്ടായാല്‍ സ്വയംചികിത്സ പാടില്ല. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്ന് വാങ്ങി കഴിക്കരുതെന്നും ഡിഎംഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: