തിരുവനന്തപുരം: ഇരട്ട മൂല്യനിര്‍ണയം നടത്തിയ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങള്‍ക്ക് സൂക്ഷ്മ പരിശോധന, പുനര്‍ മൂല്യനിര്‍ണയം എന്നിവ ഉണ്ടായിരിക്കില്ലെന്ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ച മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കെമിസ്ട്രി വിഷയത്തിലെ മൂല്യ നിര്‍ണയത്തിലെ അപാകത പരാതി ലഭിച്ചപ്പോള്‍ തന്നെ പരിഹരിച്ചു. മുല്യനിര്‍ണയത്തിനെതിരെ സമരം ചെയ്തവര്‍ക്കുനേരെ നടപടി സ്വീകരിക്കും. എന്നാല്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിലെ പിഴവ് സംബന്ധിച്ച് മറുപടി നല്‍കിയില്ല. വാര്‍ത്താ സമ്മേളനത്തില്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മറ്റ് വിഷയങ്ങളിലെ ഉത്തരക്കടലാസുകളുടെ പുനര്‍ മൂല്യനിര്‍ണയവും സൂക്ഷ്മ പരിശോധനയും നടത്തുന്നതിന് www.vhsems.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ഫീസ് സഹിതം പഠനം പൂര്‍ത്തിയാക്കിയ സ്കൂളില്‍ 27നു വൈകിട്ട് നാലിനുള്ളില്‍ സമര്‍പ്പിക്കണം. ഒന്നിലധികം വിഷയങ്ങളുണ്ടെങ്കിലും ഒരു അപേക്ഷാ ഫോറം മതിയാകും. ഇന്റര്‍നെറ്റില്‍നിന്നു ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റുകളുടെ പകര്‍പ്പ് അപേക്ഷയ്ക്കൊപ്പം ഉള്ളടക്കം ചെയ്യണം.
ഉത്തരക്കടലാസുകള്‍ പുനര്‍ മൂല്യനിര്‍ണയം നടത്തുന്നതിന് പേപ്പര്‍ ഒന്നിന് 500 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് പേപ്പര്‍ ഒന്നിന് 100 രൂപയുമാണ് ഫീസ്. പുനര്‍ മൂല്യനിര്‍ണയ ഫലം ജൂലൈയില്‍ പ്രസിദ്ധീകരിക്കും. സേ പരീക്ഷയുടേയും ഇംപ്രൂവ്മെന്റ് പരീക്ഷയുടേയും തീയതിയും വിശദാംശങ്ങളും പിന്നീടു പ്രസിദ്ധീകരിക്കും.
ഒന്നാം വര്‍ഷത്തെ പരീക്ഷയുടെ സ്കോര്‍കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിര്‍ണയിച്ചത്. ഫോക്കസ് ഏരിയ നിശ്ചയിക്കുന്നതിലടക്കമുള്ള കടുംപിടുത്തം വിജയ ശതമാനം കുറയാന്‍ കാരണമായി. ഇത്തവണയും ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയായിരുന്നു മൂല്യനിര്‍ണയം. വിവാദവുമുണ്ടായ കെമിസ്ട്രി പരീക്ഷയിലെ വിജയ ശതമാനം 89.14 ആണ്. മുന്‍വര്‍ഷം 93.24 ആയിരുന്നു. സയന്‍സ് വിഭാഗത്തില്‍ നിന്ന് 980 പേരില്‍ 911 പേരും (92.96 ശതമാനം), ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ നിന്ന് 28,320 പേരില്‍ 12,977 പേരും (45.82ശതമാനം), കോമേഴ്സ് വിഭാഗത്തില്‍ നിന്ന് 15,590 പേരില്‍ 7,297 പേരും (46.81 ശതമാനം) ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍ പഠന വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പേര് പരീക്ഷയ്ക്കിരുന്നത് മലപ്പുറം ജില്ലയിലാണ് 18,446 പേര്.
വിഎച്ച്എസ്സി വിഭാഗത്തില്‍ കേരള കലാമണ്ഡലം ആര്‍ട്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 67 വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരുന്നതില്‍ 58 പേര് ഉന്നത പഠനത്തിന് യോഗ്യത നേടി. 86.57 ശതമാനം വിജയം. 44,890 വിദ്യാര്‍ഥികള്‍ സ്കോള്‍ കേരള മുഖാന്തിരം രജിസ്റ്റര്‍ ചെയ്ത് പരീക്ഷ എഴുതി. ഇതില്‍ 21,185 പേര് ഉപരിപഠനത്തിന് അര്‍ഹത നേടി. 47.19ശതമാനം വിജയം. 583 പേര് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് നേടി.
പ്രത്യേകം തയ്യാറാക്കിയ ചോദ്യപേപ്പറിന്റെ അടിസ്ഥാനത്തില്‍ പരീക്ഷ നടത്തിയ നാലു ബധിര മൂക സ്കൂളുകളും നൂറു ശതമാനം വിജയം നേടി. തിരുവനന്തപുരം ജഗതി, സിഎസ് ഐ തിരുവല്ല, കുന്നംകുളം, ഒറ്റപ്പാലം എന്നീ സ്കൂളുകളാണ് ഈ വിഭാഗത്തില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: