ശിവഗിരി: മാനസികവും ആത്മീയവുമായ സംതൃപ്തിയ്ക്കും രോഗത്തെ അകറ്റാനുള്ള മാര്‍ഗ്ഗമായും യോഗ പരിശീലനം ഉപകരിക്കുമെന്ന് സി.ബി.ഐ. സ്പെഷ്യല്‍ ജഡ്ജി കെ. സനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു. അന്തര്‍ദേശീയ യോഗാദിനാചരണത്തിന്റെ ഭാഗമായി ശിവഗിരി മഠത്തില്‍ സംഘടിപ്പിച്ച യോഗദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ ഉള്ളിലെ ഈശ്വരസത്വത്തെ ഉയര്‍ത്തുവാനും രോഗത്തില്‍ നിന്നും മോചിതരാകുവാനും ഒരുപരിധിവരെ യോഗ സഹായിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിച്ചു. ഭാരതം ലോകത്തിന് സംഭാവന ചെയ്ത നിരവധി സംരംഭങ്ങളില്‍ ശ്രദ്ധേയമായ പങ്കാണ് യോഗയ്ക്കുള്ളതെന്നും മാനവിക ഐക്യത്തിന് യോഗ മുഖ്യപങ്ക് വഹിക്കുന്നുവെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.
യോഗ പരിശീലനത്തിന് ജാതി മത വര്‍ഗ്ഗ ഭേദ വേര്‍തിരിവില്ല. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും നിത്യേനയെന്ന വണ്ണം ഭാരതത്തിലേയ്ക്ക് യോഗാ പരിശീലനത്തിന് എത്തിച്ചേരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായും സ്വാമി ചൂണ്ടിക്കാട്ടി. ശിവഗിരി ഹൈസ്കൂള്‍, ശിവഗിരി ഹയര്‍സെക്കന്ററി സ്കൂള്‍, ശിവഗിരി ശ്രീനാരായണ സീനിയര്‍ സെക്കന്ററി സ്കൂള്‍, ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന് കോളജ് ഓഫ് നഴ്സിംഗ്, സ്കൂള്‍ ഓഫ് നഴ്സിംഗ്, ശിവഗിരി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരത്തി അഞ്ഞൂറില്‍പ്പരം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മെഗായോഗ നടന്നു.
ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, വര്‍ക്കല മുന്‍സിപ്പല്‍ ചെയര്മാന് കെ.എം.ലാജി എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളായ സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീര്‍ത്ഥ എന്നിവര്‍ പങ്കെടുത്തു. ശിവഗിരി മെഡിക്കല്‍ മിഷന് യോഗാ പ്രകൃതി ചികിത്സ വിഭാഗം ഡയറക്ടര്‍ ഡോ.കെ. ജയകുമാര്‍, ഡോ. അമൃത തുടങ്ങിയവര്‍ യോഗാ ക്ലാസ് നയിച്ചു. ഭാരത സ്വാതന്ത്രത്തിന്റെ 75ാം മത് വര്‍ഷിക ആഘോഷമായ ആസാദി ക അമൃത് മഹോത്സവ് സന്ദേശവും ദേശഭക്തിഗാനവും ഉണ്ടായിരുന്നു. വര്‍ക്കല മുന്‍സിപ്പല്‍ പരിധിയില്‍ വരുന്ന സ്കൂളുകള്‍ക്ക് ശിവഗിരി മെഡിക്കല്‍ മിഷന് ആശുപത്രിയുടെ ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: