മുംബൈ: ശിവസേന സ്ഥാപകനായ ബാല്‍താക്കറെയെ ഭക്തിപുരസ്സരം ആരാധിക്കുന്ന കടുത്ത ശിവസേന ഭക്തനായ ഏക്നാഥ് ഷിന്‍ഡെ എങ്ങിനെയാണ് മഹാരാഷ്‌ട്രയിലെ ശിവസേന സര്‍ക്കാരിന്റെ അന്തകന്റെ റോളില്‍ എത്തിയത്? ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങിയ ഏക് നാഥ് ഷിന്‍ഡേ കഠിനാധ്വാനവും കരുത്തും ഉപയോഗിച്ചാണ് ശിവസേനയുടെ ഉയര്‍ന്ന പടവുകളില്‍ എത്തിയത്. ഇപ്പോള്‍ ഉദ്ധവ് താക്കറെയുടെ കുടുംബം കഴിഞ്ഞാല്‍ ശിവസേനയില്‍ രണ്ടാം സ്ഥാനക്കാരനാണ് ഷിന്‍ഡെ. മഹാരാഷ്‌ട്ര സര്‍ക്കാരിലെ ശിവസേനയുടെ നഗരവികസന മന്ത്രി.
കഴിഞ്ഞ മാസം ആദിത്യതാക്കറെ ഉത്തര്‍പ്രദേശില്‍ അയോധ്യാ സന്ദര്‍ശനം നടത്തിയപ്പോള്‍ ഏക്നാഥ് ഷിന്‍ഡെയാണ് അനുഗമിച്ചത്. മഹാരാഷ്‌ട്രയിലെ താനെയില്‍ നല്ല ജനപിന്തുണയുള്ള നേതാവാണ് ഏക്നാഥ് ഷിന്‍ഡെ. എന്നാല്‍ ഇദ്ദേഹമാണ് ഇപ്പോള്‍ 26 ശിവസേന എംഎല്‍എമാരുമായി(ഇതില്‍ മന്ത്രിമാരുമുണ്ട്) ഗുജറാത്തിലെ ഒരു റിസോര്‍ട്ടില്‍ ശിവസേന നേതാക്കളെ വെള്ളം കുടിപ്പിച്ച് കഴിയുന്നത്.
സേന നേതൃത്വത്തോട് കുറച്ചുനാളുകളായി ഏക് നാഥ് ഷിന്‍ഡെ അസംതൃപ്തനാണ്. തന്നേക്കാള്‍ പ്രായവും അനുഭവപരിചയവും കുറഞ്ഞവര്‍ ശിവസേനയിലും ഭരണത്തിലും തീരുമാനമെടുക്കുമ്പോഴുള്ള വേദനയാണ് ഷിന്‍ഡെയെ ശിവസേനയില്‍ നിന്നും അകറ്റിയത്. ബാല്‍താക്കറെയുടെ അരുമ ശിഷ്യനായ ആനന്ദ് ദിഘെയുടെ ശിഷ്യനാണ് ഏക് നാഥ് ഷിന്‍ഡെ.
ഇളമുറക്കാരായ ആദിത്യ താക്കറെയും അനില്‍ പരബും നല്ല മന്ത്രിസ്ഥാനങ്ങള്‍ കയ്യാളിയത് ഷിന്‍ഡെയെ അസംതൃപ്തനാക്കിയിരുന്നു. ആദിത്യ താക്കറെ പരിസ്ഥിതി, ടൂറിസം മന്ത്രിയായി. അനില്‍ പരബ് ഗതാഗത മന്ത്രിയും. ഏക് നാഥ് ഷിന്‍ഡെയ്‌ക്ക് ലഭിച്ചത് നഗരവികസന വകുപ്പാണ്. ഇതിനപ്പുറം സര്‍ക്കാരില്‍ തീരുമാനമെടുക്കുന്നതില്‍ ഷിന്‍ഡെയ്‌ക്ക് ഒരു പ്രധാന്യവും ഇല്ലാതായതും അദ്ദേഹത്തില്‍ അസംതൃപ്തി നിറച്ചു. ശിവസേന വക്താവ് സഞ്ജയ് റാവുത്തിന്റെ സര്‍വ്വാധിപത്യവും വിടുവായത്തവും ഏക് നാഥ് ഷിന്‍ഡെയെ കൂടുതല്‍ വെറുപ്പിച്ചു.
ബിജെപിയുമായി ഉദ്ധവ് താക്കറെ ബന്ധം അറുത്തുമാറ്റിയതില്‍ ഏക് നാഥ് ഷിന്‍ഡെ അസംതൃപ്തനായിരുന്നു. ഹിന്ദുത്വത്തെ ബലി കഴിച്ച് കോണ്‍ഗ്രസ്, എന്‍സിപി എന്നീ മതേതരപ്പാര്‍ട്ടികളുമായി കൂട്ടുചേര്‍ന്ന് ഭരിയ്‌ക്കുന്നതിലും എതിര്‍പ്പുള്ള നേതാവാണ് ഏക് നാഥ് ഷിന്‍ഡെ. ശിവസേന ബിജെപിയോടൊത്ത് അധികാരത്തിലിരുന്നപ്പോള്‍ ആരംഭിച്ച മുംബൈ-നാഗപൂര്‍ എക്സ്പ്രസ് വേയുടെ കാര്യത്തില്‍ പിന്നീട് ശിവസേനയ്‌ക്കുള്ളിലുള്ളവരില്‍ അസംതൃപ്തിയുണ്ടായിരുന്നു. ഈ പാതയുടെ നേട്ടത്തില്‍ ബിജെപിയും അവകാശവാദം ഉന്നയിക്കാന്‍ തുടങ്ങിയതോടെ സേനയ്‌ക്ക് ഇതില്‍ താല്‍പര്യമില്ലാതായി. എന്നാല്‍ അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു ഷിന്‍ഡെയ്‌ക്ക് ഈ പദ്ധതിയില്‍ വലിയ താല്‍പര്യമുണ്ടായിരുന്നു. ഈ അഭിപ്രായഭിന്നത ഷിന്‍ഡെയില്‍ കൂടുതല്‍ അസംതൃപ്തി വളര്‍ത്തി.
ഒരര്‍ത്ഥത്തില്‍ ഏക് നാഥ് ഷിന്‍ഡെ മഹാരാഷ്‌ട്രയിലെ ജ്യോതിരാദിത്യ സിന്ധ്യയായി മാറിയിരിക്കുകയാണ്. മധ്യപ്രദേശിലെ കോണ്‍ഗ്രസില്‍ നിന്നും പിണങ്ങിയ സിന്ധ്യ പിന്നീട് ബിജെപിയില്‍ എത്തി കേന്ദ്രമന്ത്രിയായി. ഷിന്‍ഡെയെ വീണ്ടും ശിവസേന ക്യാമ്പിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഉദ്ധവ് താക്കറെയ്‌ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. ഏക് നാഥ് ഷിന്‍ഡെ അടുത്ത മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാണെന്ന പോസ്റ്റര്‍ അദ്ദേഹത്തിന്റെ തട്ടകമായ താനെയില്‍ പ്രചരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: