ശാസ്താംകോട്ട: സപ്ലൈകോ സംഭരിച്ച രണ്ടാംവിള നെല്ലിന്റെ പണത്തിനായി ജില്ലയിലെ നിരവധി കര്‍ഷകര്‍ ബാങ്കുകളില്‍ കയറിയിറങ്ങുന്നു. സര്‍ക്കാര്‍ വീമ്പ് പറയുന്ന നെല്ല് സംഭരണം ഇതോടെ നെല്‍കൃഷിക്കാര്‍ക്ക് കീറാമുട്ടിയായി. ജില്ലയിലെ 65 കൃഷിഭവനുകളുടെ കീഴിലായി 1500 ഹെക്ടറോളം നെല്‍കൃഷിയുണ്ട്. കൂട്ടുകൃഷി സംവിധാനത്തില്‍ സര്‍ക്കാരിന്റെ ഉറപ്പിനെ വിശ്വസിച്ച് കൃഷിയിറക്കിയ കര്‍ഷകരാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്.
കര്‍ഷകരില്‍ അധികവും കടം വാങ്ങിയും വായ്പയെടുത്തും കൃഷി ഇറക്കിയവരാണ്. മുന്തിയ ഇനം വിത്തിനങ്ങളായ ഉമ, ജ്യോതി എന്നിവയുടെ കൃഷിയാണ് അധികവും. കാലാവസ്ഥ അനുകൂലമായി കഠിനാധ്വാനം ചെയ്താല്‍ ഒരു ഹെക്ടറില്‍ നിന്നും രണ്ടായിരം കിലോ നെല്ല് വരെ ലഭിക്കും. 28 രൂപ വില നിശ്ചയിച്ചാണ് സപ്ലൈകോ നെല്ല് സംഭരിച്ച് മില്ലുകള്‍ക്ക് നല്‍കുന്നത്. സപ്ലൈകോ കര്‍ഷകര്‍ക്ക് നല്‍കിയ പിആര്‍എസ് (നെല്ല് സംഭരിച്ചതിന്റെ രസീത്) ബാങ്കുകള്‍ അംഗീകരിക്കുന്നതിലെ പിഴവാണ് പണം ലഭിക്കാന്‍ തടസ്സമായിരിക്കുന്നത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്യുന്നത് ശൂരനാട്, മൈനാഗപ്പള്ളി, ചാത്തന്നൂര്‍, മയ്യനാട്, പൂയപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ്. പലരുടെയും നെല്ല് രണ്ടുമാസം മുമ്പേ സപ്ലൈകോ സംഭരിച്ചിട്ടുണ്ട്. നെല്ല് സംഭരിക്കുമ്പോള്‍ത്തന്നെ കര്‍ഷകര്‍ക്ക് പിആര്‍എസ് കൈമാറണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഇത് പലപ്പോഴും പാലിക്കപ്പെടാറില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
കര്‍ഷകര്‍ക്ക് പണം നല്‍കേണ്ട ജില്ലാതല ബാങ്ക് കമ്മിറ്റിയുടെ അനാസ്ഥയാണ് പണം വൈകാനിടയാകുന്നതെന്ന് കൃഷി വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തിലുള്ള ചില ഉദ്യോഗസ്ഥര്‍ പറയുന്നു. മാത്രമല്ല കര്‍ഷകര്‍ സപ്ലൈകോയ്‌ക്ക് നല്‍കിയ നെല്ലിന്റെ തൂക്കത്തിലും വലിയ വ്യത്യാസം ഉണ്ടാകുന്നുണ്ടത്രേ. ഈ നഷ്ടവും കര്‍ഷകരാണ് സഹിക്കേണ്ടത്. കനത്ത മഴയിലും വെള്ളപ്പെക്കത്തിലും നെല്‍ക്കൃഷി നശിച്ചെങ്കിലും രണ്ടുംകല്പിച്ച് വീണ്ടും കൃഷിയിറക്കിയ കര്‍ഷകര്‍ക്കാണ് ഈ ദുരിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: