ന്യൂദല്‍ഹി: മോദിയുടെ ബാല്യകാല ഓര്‍മ്മകളില്‍ പൂത്തുലഞ്ഞ് അബ്ബാസ് എന്ന മുസ്ലിം സുഹൃത്ത് വെറും സാങ്കല്പിക സൃഷ്ടിയാണെന്ന പലരുടെയും വാദം പൊളിഞ്ഞു ഞായറാഴ്ചയാണ് മോദിയുടെ മുസ്ലിമായ ബാല്യകാല സുഹൃത്ത് അബ്ബാസ് മാധ്യമങ്ങള്‍ക്ക് മുന്പില് എത്തിയത്. ഇതോടെ മുസ്ലിം രാഷ്ട്രങ്ങളെ തണുപ്പിക്കാനുള്ള മോദിയുടെ അടവാണ് അബ്ബാസെന്ന കഥാപാത്രമെന്ന കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ വാദവും പൊളിഞ്ഞു
അല്ലെങ്കില്‍ എവിടെനിന്നാണിപ്പോള്‍ പെട്ടെന്ന് ഒരു മുസ്ലിം മോദിയുടെ ജീവതത്തിലേക്കു കടന്നുവെന്നതെന്നായിരുന്നു ഷമ മുഹമ്മദ് ട്വിറ്ററിലൂടെയുള്ള പ്രതികരണത്തിലൂടെ ചോദിച്ചത്.
പ്രധാനമന്ത്രിയുടെ സഹോദരനാണ് ഞായറാഴ്ച അബ്ബാസ് ഭായിയുടെ ചിത്രം പുറത്ത് വിട്ടത്. ഇപ്പോള്‍ ആസ്ത്രേല്യയിലാണ് അബ്ബാസ് ഭായി ഉള്ളത്. ഗുജറാത്ത് സര്‍ക്കാരില്‍ ക്ലാസ് 2 ജീവനക്കാരനായി അബ്ബാസ് ഭായി വിരമിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അബ്ബാസ് ഭായി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചത്.
ഭക്ഷ്യവിതരണ വകുപ്പിലായിരുന്നു ജോലി. അബ്ബാസ് ഭായിയ്ക്ക് രണ്ട് മക്കളാണ് ഉള്ളത്. മൂത്ത മകന് ഗുജറാത്ത് മെഹ് സാന ജില്ലയിലെ ഖെറാലു തെഹ്സിലിലാണ് ജീവിക്കുന്നത്. ഇളയ മകന് ആസ്ത്രേല്യയിലാണ്. അബ്ബാസ് ഭായി ഇപ്പോള്‍ ഇളയമകന്റെ കൂടെ സിഡ്നിയിലാണ് താമസം.
നൂറാം വയസ്സിലേക്ക് കടക്കുന്ന അമ്മയുടെ ജന്മദിനത്തിനാണ് മോദി തങ്ങളുടെ വീട്ടില്‍ നിന്ന് പഠിച്ച അച്ഛന്റെ സുഹൃത്തിന്റെ മകന് അബ്ബാസ് എന്ന മുസ്ലിം ബാലന്റെ കഥ പറഞ്ഞത്. മോദിയുടെ കുറിപ്പ് ഇങ്ങിനെ പോകുന്നു: “മറ്റുള്ളവരുടെ ആഹ്ളാദങ്ങളില്‍ അമ്മ സന്തോഷം കണ്ടെത്തിയിരുന്നു. ഞങ്ങളുടെ വീട് ചെറുതായിരുന്നെങ്കിലും അവരുടെ ഹൃദയം വിശാലമായിരുന്നു. ഞങ്ങളുടെ ഗ്രാമിത്തനടുത്ത് അച്ഛന്റെ സുഹൃത്ത് താമസിച്ചിരുന്നു. അദ്ദേഹം അപ്രതീക്ഷിതമായി മരണപ്പെട്ടതോടെ അച്ഛന് സുഹൃത്തിന്റെ മകനായ അബ്ബാസിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഞങ്ങള്‍ക്കൊപ്പം താമസിച്ചാണ് അവന് 8,9 ക്ലാസ്സുകളിലെ പഠിപ്പ് പൂര്‍ത്തിയാക്കിയത്.
ഞങ്ങള്‍ സഹോദരങ്ങളോടെന്ന പോലെ അമ്മയ്ക്ക് അവനോട് വാത്സല്യവും കരുതലുമുണ്ടായിരുന്നു. എല്ലാ വര്‍ഷവും പെരുന്നാളിന് അമ്മ അവന് ഇഷ്ടപ്പെട്ട ഭക്ഷണം പാചകം ചെയ്തു കൊടുത്തു. ആഘോഷങ്ങളില്‍ അടുത്തുള്ള വീട്ടിലെ കുട്ടികളെല്ലാം ഞങ്ങളുടെ വീട്ടിലെത്തി അമ്മയുടെ പ്രത്യേക വിഭവങ്ങല്‍ ആസ്വദിക്കുമായിരുന്നു. – മോദി കുറിപ്പില്‍ പറയുന്നു.
അബ്ബാസ് എന്ന ചങ്ങാതിയെക്കുറിച്ച് മോദി കുറിച്ച ശേഷം അബ്ബാസ് (#Abbas) എന്ന ഹാഷ്ടാഗില് അബ്ബാസ് എന്നത് ഒരു സാങ്കല്പിക കഥാപാത്രമാണെന്ന മട്ടില്‍ ഇടത്-ലിബറല്‍-എൻജിഒ ലോബി ട്രോളുകള്‍ പടച്ചുവിടുകയായിരുന്നു. പക്ഷെ സത്യം പുറത്തുവന്നതോടെ മോദി വിരുദ്ധലോബി ഞെട്ടിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: