ന്യൂദല്‍ഹി: പ്രവാചകനെ വിമര്‍ശിച്ചുവെന്ന ആരോപണത്തെതുടര്‍ന്ന് നൂപുര്‍ ശര്‍മ്മയ്ക്കെതിരെ വധഭീഷണികളും അറസ്റ്റാവശ്യവും ഉയരുന്നതിനിടയില്‍ ഇറാന് സംവിധായകന് മജീദ് മജീദിയുടെ 2015ലെ മുഹമ്മദ് എന്ന സിനിമയുടെ മോര്‍ഫ് ചെയ്ത പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. പ്രവാചകന്റെ ബാല്യകാലത്തെക്കുറിച്ച് പറയുന്ന വിഖ്യാത ചിത്രമാണ് മജീദ് മജീദിയുടെ മുഹമ്മദ്.
എന്നാല്‍ 2015ല്‍ പുറത്തുവന്ന മുഹമ്മദ് എന്ന സിനിമയുടെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്ന പോസ്റ്റര്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സൃഷ്ടിക്കപ്പെട്ടതാണെന്നും വ്യാജവാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം കണ്ടെത്തുന്ന ആള്‍ട്ന്യൂസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു പ്രായമേറിയ ആള് ഒരു ചെറിയ പെണ്‍കുട്ടിക്ക് മേല്‍ കിടക്കുന്ന ചിത്രമാണ് 2015ലെ മുഹമ്മദ് എന്ന സിനിമയുടെ പോസ്റ്ററായി പ്രചരിക്കുന്നത്. പോസ്റ്റര്‍ തന്നെ ഇങ്ങിനെയെങ്കില്‍ സിനിമ എന്തായാരിക്കും എന്ന നിലയില്‍ അശ്ലീലച്ചുവയുള്ള അടിക്കുറിപ്പോടെയാണ് ഈ പോസ്റ്റര്‍ പ്രചരിക്കുന്നത്.
എന്നാല്‍ ആള്‍ട്ട് ന്യൂസ് ഈ പോസ്റ്ററിനെക്കുറിച്ച് ആഴത്തില്‍ വെബില്‍ അന്വേഷണം നടത്തിയപ്പോഴാണ് സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ഫോട്ടോയാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്നതെന്ന് വസ്തുത മനസ്സിലായത്. ഈജിപ്തിലെ ഒമര്‍ ഷെകൂ എന്ന ഫൊട്ടോഗ്രാഫറുടെ ഇന്‍സ്റ്റഗ്രാം പേജിലുള്ളതാണ് ഈ ചിത്രം.
2019ല്‍ കെയ്റോയിലെ അല്‍ തൗഹീദ് പള്ളിയില്‍ നടന്ന ഈദ് പ്രാര്‍ത്ഥനയ്ക്കിടെ എടുത്ത ഫോട്ടോയായിരുന്നു സിനിമ പോസ്റ്റര്‍ എന്ന നിലയില്‍ പ്രചരിച്ചത്. ഈ പ്രായമേറിയ ആള് കൊച്ചുമകളോടു കൂടി ഇരിയ്ക്കുന്ന മറ്റൊരു ചിത്രവും ആള്‍ട്ട് ന്യൂസ് വെബ് സെര്‍ച്ചിലൂടെ കണ്ടെത്തി. ഈ വയസ്സായ ആളുടെയും കുട്ടിയുടെയും മറ്റൊരു ദൃശ്യമായിരുന്നു പിന്നീട് മുഹമ്മദ് എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ എന്ന നിലയില്‍ ആരോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.
എന്നാല്‍ മുഹമ്മദ് എന്ന സിനിമയുടെ പോസ്റ്റര്‍ വേറൊന്നാണ്. അതില്‍ ദൈവികമായ ഒരു ആകാശം മാത്രമാണ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: