കൊല്ലം: 2018-19ല്‍ നിലയ്ക്കല്‍ ദേവസ്വം മെസ്സിലേക്ക് പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്ത കമ്പനിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജെ. ജയപ്രകാശ് ജൂലൈ രണ്ടു വരെ റിമാന്‍ഡില്‍. 16ന് പത്തനംതിട്ട വിജിലന്‍സ് അറസ്റ്റ് ചെയ്ത ജയപ്രകാശിനെ കോടതി രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു. ചോദ്യം ചെയ്യലിനു ശേഷം ഇന്നലെയാണ് തിരികെ കോടതിയില്‍ ഹാജരാക്കിയത്. വിജിലന്‍സ് ഡിവൈഎസ്പി ഹരിവിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയപ്രകാശിനെ അറസ്റ്റു ചെയ്തത്.
തട്ടിപ്പില്‍ ജയപ്രകാശിന്റെ പങ്ക് വ്യക്തമാക്കുന്ന നിര്‍ണായക വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചതായാണ് വിവരം. കേസിലെ മറ്റു പ്രതികള്‍ക്കൊപ്പമിരുത്തിയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സാക്ഷിമൊഴികളെല്ലാം ജയപ്രകാശിനെതിരാണ്. ഒരുമിച്ചുള്ള ചോദ്യം ചെയ്യലില്‍ തട്ടിപ്പ് നടന്നത് തെളിയിക്കുന്ന വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചു. കേസില്‍ ഒന്നാം പ്രതിയാണ് ജയപ്രകാശ്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് കൊട്ടാരക്കര ഓഡിറ്റ് ഓഫീസറായിരുന്ന ജയപ്രകാശിനെ ദേവസ്വം ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തിരുന്നു.
എക്സിക്യൂട്ടീവ് ഓഫീസര്‍മാരായ ഡി. സുധീഷ്കുമാര്‍, വി.എസ്. രാജേന്ദ്രപ്രസാദ്, ജൂനിയര്‍ സൂപ്രണ്ട് എന്‍. വാസുദേവന്‍ നമ്പൂതിരി എന്നിവരാണ് മറ്റു പ്രതികള്‍. വ്യാജ ബില്ലുകളും വൗച്ചറുകളും തയാറാക്കിയും ചെക്ക് കൈപ്പറ്റി വൗച്ചറില്‍ കരാറുകാരന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയും 70 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: