ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ 1924 ജനുവരി ഏഴിന് ഭൂജാതനായ യോഗേന്ദ്രചന്ദ്രജി 1941 ല്‍ ആര്‍എസ്എസ് ശാഖയില്‍ ചേര്‍ന്നു. 1945 ല്‍ സംഘപ്രചാരകനായി ഗോരഖ്പൂരിലെത്തിയപ്പോള് നാനാജി ദേശ്മുഖിനെയാണ് മാര്‍ഗദര്‍ശിയായി ലഭിച്ചത്. അവിടെ ഒട്ടനവധി യുവാക്കളുമായി ബന്ധപ്പെടുവാനും, നാനാജിയുടെ ശിക്ഷണത്തില്‍ സ്വാതന്ത്ര്യസമരത്തിന് ആക്കം കൂട്ടാനുമുള്ള പ്രവൃത്തിയിലേര്‍പ്പെടാനും കഴിഞ്ഞു. ആയുഷ്ക്കാലം രാഷ്ട്രസേവനത്തിനായി പ്രവര്‍ത്തിക്കണമെന്നും, സ്വാതന്ത്ര്യം ലഭിച്ചാല്‍ അത് സമ്പൂര്‍ണ ഭാരതത്തിന്റേതായിരിക്കണമെന്നും നിര്‍ബന്ധമുണ്ടായിരുന്നതുകൊണ്ട് ശാഖയില്‍ അഖണ്ഡഭാരതചിത്രം വരച്ച് അതില്‍ പുഷ്പാര്‍ച്ചന ചെയ്യുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നുവെന്ന് ഒരിക്കല്‍ അദ്ദേഹം പറയുകയുണ്ടായി.
കുംഭമേള സമയത്ത് നാനാജിയുടെ പ്രേരണയാല്‍ വിശ്വഹിന്ദു പരിഷത്തിന്റെ ആദ്യസമ്മേളനത്തിന്റെ ഭാഗമായി യോഗേന്ദ്രജിയുടെ നേതൃത്വത്തില്‍ ‘ധര്‍മ്മഗംഗാ’ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. നാഗപൂരിലെ പാതൂര്ക്കല് തയ്യാറാക്കിയ ശിവാജിയുടെ ജീവചരിത്ര ചിത്രങ്ങള്‍ അടിയന്തരാവസ്ഥക്കാലത്ത് പൊതുപ്രദര്‍ശനം നടത്തി അതോടൊപ്പം അടിയന്തരാവസ്ഥയിലെ അതിക്രമങ്ങള്‍ ചിത്രീകരിച്ചുകൊണ്ട് ദല്‍ഹി ഝണ്ഡേവാലയിലും ഒരു പ്രദര്‍ശനം സംഘടിപ്പിച്ചു.
വിദ്യാഭാരതിയുടെ ആദ്യ ദേശീയ സമ്മേളനം ദല്‍ഹിയില്‍ നടന്നപ്പോള്‍ യോഗേന്ദ്രജിയുടെ ‘ധര്മ്മഗംഗാപ്രദര്ശിനി’ അഖിലഭാരതീയ പ്രശസ്തി നേടി. ആദ്യകാലത്ത് നാഗപൂരില്നിന്നും സംഘപ്രചാരകനായി ഉത്തര്‍പ്രദേശിലെത്തിയ ഭാവുറാവു ദേവറസ്ജിയുടെ പ്രേരണയില്‍ ഗോരഖ്പൂരിലും പരിസരത്തും ശിശുമന്ദിരങ്ങള്‍ തുടങ്ങി. അതാണ് പിന്നീട് വിദ്യാഭാരതിയെന്ന വിദ്യാഭ്യാസ പ്രസ്ഥാനമായി മാറിയത്.
മോറോപന്ത് പിംഗ്ലേ, പ്രൊഫ. രാജേന്ദ്രസിങ്ജി, സരസ്വതീനദീ ഗവേഷകനായ ഡോ. വാക്കണ്‍കര്‍ എന്നിവരുടെ പ്രേരണയും സാന്നിധ്യവും ലഭിച്ച പശ്ചാത്തലത്തിലാണ് യോഗേന്ദ്രജിയുടെ നേതൃത്വത്തില്‍ സംസ്കാര്‍ഭാരതി എന്ന കലാസാഹിത്യ പ്രസ്ഥാനം 1981 ജനുവരി 18 ന് ദല്‍ഹിയില്‍ രൂപീകരിച്ചത്. ദല്‍ഹി മേയറും പ്രാന്തസംഘചാലകുമായിരുന്ന ഹന്സ്രാജ് ഗുപ്തയുടെ പുതന്‍ രാജേന്ദ്രഗുപ്തയായിരുന്നു ആദ്യത്തെ അധ്യക്ഷന്‍.
വിവിധ കലാരൂപങ്ങള്‍, നാടോടികലകളായാലും ക്ലാസിക് കലകളായാലും സാഹിത്യകൃതികളായാലും അവയെല്ലാം ഭാരതീയ സംസ്കാരത്തിന്റെ പ്രകടനരംഗങ്ങളാണെന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ അവയുടെ സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കാന്‍ തുടങ്ങി. 1985 മുതല്‍ സംഘടനയ്ക്ക് വ്യക്തമായ മാര്‍ഗ്ഗരേഖ തയ്യാറാക്കുകയും അഖിലഭാരതീയ തലത്തില്‍ വിവിധ കലകളെക്കുറിച്ചുള്ള സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തു. ഈ രംഗത്ത് 1975 ല്‍തന്നെ കേരളത്തില്‍ ഭാരതീയ സംസ്കൃതിയുടെ സമുദ്ധാരണത്തിനായി തപസ്യ കലാസാഹിത്യവേദി കോഴിക്കോട് കേന്ദ്രമായി രൂപംകൊണ്ടുകഴിഞ്ഞിരുന്നു. സംഘപ്രസ്ഥാനങ്ങളുടെ ഏകീകരണമെന്ന നിലയില്‍ പിന്നീട് തപസ്യയെ സംസ്കാര്ഭാരതിയുമായി സംയോജിപ്പിക്കുകയും, മഹാകവി അക്കിത്തം, പി. രാജന് നമ്പി, പി. നാരായണക്കുറുപ്പ് തുടങ്ങിയവര്‍ അഖിലഭാരതീയ തലത്തില്‍ ചുമതല വഹിക്കുകയും ചെയ്തു. പ്രൊഫ. സി.ജി. രാജഗോപാല്‍ സംസ്കാര്‍ഭാരതിയുടെ ഉപാധ്യക്ഷനായി.
ഭാരതത്തിലുടനീളമുള്ള നാടകരചയിതാക്കള്‍, അഭിനേതാക്കള്‍, സംഗീതവിദ്വാന്മാര്, നാടോടി കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നവര്‍ എന്നിവരുടെ അഖിലഭാരതീയ സമ്മേളനങ്ങള്‍ യഥാക്രമം നാഗപൂര്‍, ബാംഗ്ലൂര്‍, ദല്‍ഹി എന്നിവിടങ്ങളില്‍ നടന്നിട്ടുണ്ട്. 1990 ല്‍ ബീഹാറില്‍നിന്നുള്ള എംപി പ്രൊഫ. ശൈലേന്ദ്രനാഥ് ശ്രീവാസ്തവ അധ്യക്ഷനായിരുന്നു. പിന്നീട് പ്രശസ്ത സിനിമാസംവിധായകന് രാജദത്ത് അധ്യക്ഷനായി.
ദക്ഷിണഭാരതത്തിലെ ക്ഷേത്രഗോപുരങ്ങള്‍ ഭാരതീയ സംസ്കൃതിയുടെ മഹത്തായ മാതൃകകളായി പ്രശോഭിക്കുമ്പോള്‍, ശിലാരൂപങ്ങളെക്കുറിച്ചുള്ള ഒരു അഖിലഭാരതീയ ചര്‍ച്ചാസമ്മേളനം തമിഴ്നാട്ടിലെ കുംഭകോണത്തുവച്ച് ഫെബ്രുവരി 21, 22 തീയതികളില്‍ നടന്നു. ആ സമ്മേളനം കഴിഞ്ഞ് കൊച്ചിയിലെത്തിയ അവസരത്തിലാണ് യോഗേന്ദ്രജി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഭാരതീയ സംസ്കൃതിയുടെ സംരക്ഷണത്തിനും സംഘടനയ്ക്കുംവേണ്ടി ഉഴിഞ്ഞുവെച്ച് ഭാരതമൊട്ടുക്കും സഞ്ചരിക്കുന്ന ഒരു പരിവ്രാജകനെയാണ് യോഗേന്ദ്രജിയില് കാണാന്‍ കഴിഞ്ഞത്.
കേരളത്തിലെ ബാലഗോകുലത്തെ അനുകരിച്ച് പൂര്‍വ്വോത്തര ഭാരതത്തില്‍ 13,000 കുട്ടികളുടെ ഒരു സമ്മേളനം നടത്തിയ കാര്യം അദ്ദേഹം വിശദീകരിച്ചു. ഏപ്രില്‍ 21, 22 തീയതികളില്‍ കൊച്ചിയില്‍ വെച്ച് നടത്താന്‍ പോകുന്ന സംസ്കാര്‍ഭാരതിയുടെ അഖിലഭാരതീയ കേന്ദ്രസമിതി സമ്മേളനത്തിന്റെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ കൂടിയാണ് അദ്ദേഹം വന്നത്.
2006 മുതല്‍ സംഘടനയുടെ ‘സംരക്ഷക്’ എന്ന ചുമതലയാണ് അദ്ദേഹം വഹിച്ചത്. 2008 ല്‍ ഇന്‍ഡോറില്‍നിന്ന് അഹല്യാഭായി സമ്മാന്‍, 2010 ല്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ ചന്ദ്രശേഖര്‍ ആസാദ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. വരുന്ന ഏപ്രില്‍ 29 ന് കല്‍ക്കട്ടാ ബഡാബസാര്‍ ലൈബ്രറിയുടെ ഡോക്ടര്‍ ഹെഡ്ഗേവാര്‍ പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങി. വയസ്സ് 88 ആയെങ്കിലും തളരാതെ യാത്രചെയ്യുന്ന യോഗേന്ദ്രജി തിരുവനന്തപുരവും കൊച്ചിയും സന്ദര്‍ശിച്ചതിനുശേഷം കോഴിക്കോട്ടേക്കാണ് പുറപ്പെട്ടത്. ഭാരതീയ സംസ്കാര അഭിവൃദ്ധിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു മഹാത്മാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: