മുംബൈ: എന്‍സിപി ദേശീയാധ്യക്ഷന്‍ ശരത് പവാറിനെ അവഹേളിക്കുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് മാപ്പു പറയില്ലെന്ന് തുറന്നടിച്ച മറാഠി യുവനടി കേതകി ചിതാലെയ്ക്കെതിരെ ഐടി നിയമത്തിലെ 66എ വകുപ്പ് പ്രകാരം കേസെടുത്തതിന്റെ പേരില്‍ വെട്ടിലായി മഹാരാഷ്ട്ര പൊലീസ്.
കേതകി ചിതാലെയ്ക്കെതിരെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ 66എ അനുച്ഛേദപ്രകാരം കേസെടുത്ത നടപടിയെ ദേശീയ വനിതാ കമ്മീഷന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ഡിജിപിയെ ചോദ്യം ചെയ്തിരുന്നു. മാത്രമല്ല, കേതകി ചിതാലെയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചില്ല എന്നതും വനിതാ കമ്മീഷന് ചൂണ്ടിക്കാണിച്ചിരുന്നു. രാഷ്ട്രീയപ്രതികാരത്തിന്റെ രീതിയില്‍ പൊലീസ് നടപടിയെടുക്കരുതെന്നും ദേശീയ വനിതാ കമ്മീഷന് വിമര്‍ശിച്ചിരുന്നു.
66എ വകുപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ശ്രേയ സിംഗാള്‍ കേസില്‍ സുപ്രീംകോടതി 66എ വകുപ്പ് 2015ല്‍ തന്നെ നീക്കം ചെയ്തതായി ഉത്തരവിട്ടിരുന്നു. ആവിഷ്കാരസ്വാതന്ത്ര്യത്തിന് എതിരാണെന്ന കാരണത്താല്‍ ഇതിലെ വിവിധ അനുച്ഛേദങ്ങളെയും സുപ്രീംകോടതി ഭരണഘടനാവിരുദ്ധമെന്ന് വിവക്ഷിച്ചിരുന്നു. ഇപ്പോള്‍ മഹാരാഷ്ട്ര പൊലീസിലെ സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കേതകി ചിതാലെ കേസില്‍ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് എന്തുകൊണ്ട് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ 66എ അനുച്ഛേദപ്രകാരം കേസെടുത്തു എന്ന് ചോദിച്ചിരിക്കുകയാണ്. ഇതിന് കൃത്യമായി ഉത്തരം നല്കാനാവാതെ വഴിമുട്ടി നില്‍ക്കുകയാണ് മഹാരാഷ്ട്ര പൊലീസ്.
ഇതേ തുടര്‍ന്ന് മഹാരാഷ്ട്ര ഡിജിപിയ്ക്ക് വേണ്ടി ദേശീയ വനിത കമ്മീഷന് മുന്നില്‍ ഹാജരായ സ്പെഷ്യല്‍ ഐജി മിലിന്ദ് ബരാംബെ പറഞ്ഞത് 66എ അനുച്ഛേദപ്രകാരം കേസെടുത്തത് നോട്ടപ്പിശക് മൂലമാണെന്നാണ്. ആ വകുപ്പ് ഈ കേസില്‍ നിന്നും ഉടനെ നീക്കം ചെയ്യുമെന്നും അദ്ദേഹം ദേശീയ വനിതാ കമ്മീഷന് ഉറപ്പ് നല്കി.
ചിതാലെയെ ഒരു മുന്‍കൂര്‍ അന്വേഷണവുമില്ലാതെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പൊലീസിന്റെ നടപടിയെയും ദേശീയ വനിതാ കമ്മീഷന് ചോദ്യം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസമായി ഈ കേസിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന കേതകി ചിതാലെയ്ക്ക് കഴിഞ്ഞ ദിവസം താനെ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് പൊലീസ് സ്റ്റേഷനുകളില്‍ ഏതാനും കേസുകള്‍ കൂടി നിലനില്‍ക്കുന്നതിനാല്‍ കേതകി ചിതാലെ ഉടന്‍ ജയില്‍ മോചിതയാകില്ല. ജാമ്യം തേടി കേതകി ചിതാലെ മുംബൈ ഹൈക്കോടതിയില്‍ നല്കിയ പരാതിയില്‍ അടുത്തയാഴ്ച കോടതി വാദം കേള്‍ക്കും.
എന്‍സിപി പ്രവര്‍ത്തകര്‍ സമൂഹമാധ്യമത്തില്‍ ശരത് പവാറിനെതിരെ നടത്തിയ വിമര്‍ശനത്തിന്റെ പേരില്‍ മാപ്പ് പറയാന്‍ ആവശ്യപ്പെട്ടെങ്കിലും ഫേസ്ബുക്ക് പോസ്റ്റില്‍ തെല്ലും കുറ്റബോധമില്ലെന്നും മാപ്പ് പറയില്ലെന്നും ഉള്ള നിലപാടിലാണ് നടി.
കേതകി ചിതാലെയ്ക്ക് നടിയ്ക്ക് സമൂഹമാധ്യമങ്ങളില്‍ പിന്തുണയേറുകയാണ്. കേതകി ചിതാലെ കാമ്പയിന് എന്ന പേരില്‍ ട്വിറ്ററില്‍ നടിയെ അനുകൂലിച്ച് പ്രത്യേക പ്രചാരണം നടക്കുകയാണ്. . ഇത് എന്‍സിപിയെയും ശരത് പവാറിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
വാസ്തവത്തില്‍ കേതകി ചിതാലെ സ്വയം തയ്യാറാക്കിയ കുറിപ്പല്ല, പകരം അഡ്വ. നിതിന്‍ ഭാവെയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു എന്ന കുറ്റത്തിന്റെ പേരിലാണ് അവരെ അറസ്റ്റ് ചെയ്തത്. ഈ ഫേസ്ബുക്ക് പോസ്റ്റില്‍ ശരത്പവാറിന്റെ പേര് നേരിട്ട് പരാമര്‍ശിക്കുന്നില്ല. അദ്ദേഹത്തിന്റെ പവാര്‍ എന്ന കുടുംബപ്പേരും വയസ്സ് 80 എന്ന വസ്തുതയും പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ‘താങ്കളെ കാത്തിരിക്കുന്നത് നരകമാണ്’, ‘താങ്കള്‍ ബ്രാഹ്മണരെ വെറുക്കുന്നു’ തുടങ്ങിയ ഭീഷണി നിറഞ്ഞ പരാമര്‍ശങ്ങള്‍ ഈ പോസ്റ്റിലുണ്ടായിരുന്നു.
മറാഠി കവി ജവഹര്‍ റാത്തോഡിന്റെ കവിതയിലെ വരികള്‍ ഉദ്ധരിച്ച് ഹിന്ദു ദൈവങ്ങളെ പരിഹസിച്ച് ശരദ് പവാര്‍ ഈയിടെ നടത്തിയ ഒരു പ്രസ്താവനയെ തുടര്‍ന്ന് ശരത് പവാറിനെതിരെ ഒട്ടേറെപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു. അത്തരമൊരു പോസ്റ്റാണ് കേതകി ചിതാലെ പങ്കുവെച്ചത്. ഈയിടെ ട്രൈബല്‍ റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിപാടിയില്‍ മഹാരാഷ്ട്രയിലെ സട്ടാരയില്‍ സംസാരിക്കവേയാണ് ശരത് പവാറിന്റെ വിവാദ പ്രസ്തവാന ഉണ്ടായത്. താഴ്നന്ന ജാതിയിലുള്ളവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന പൂജാരികളെ വിമര്‍ശിക്കുന്ന ജവഹര്‍ റാത്തോഡിന്റെ കവിതയാണ് ശരത് പവാര്‍ ഉദ്ധരിച്ചത്. നിങ്ങളുടെ ദൈവങ്ങളുടെ അച്ഛനാണ് ഞാന്‍ എന്ന പവാറിന്റെ ദൈവനിന്ദയാണ് ഹിന്ദുക്കളെയും ബ്രാഹ്മണരെയും പ്രകോപിപ്പിച്ചത്.
നടിയുടെ അറസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശരത് പവാറിനെതിരെ വ്യാപകമായ എതിര്‍പ്പുയരുകയാണ്. വ്യക്തിസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും പ്രസംഗിക്കുന്ന പവാറില്‍ നിന്നും ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നാണ് പൊതുവായ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: