തിരുവനന്തപുരം: മലയാളികള്‍ക്ക് ഹൃദയസ്പര്‍ശിയായ പാട്ടുകള്‍ സമ്മാനിച്ച എസ്.രമേശന് നായരുടെ ഓര്‍മ്മള്‍ പൂക്കളായി പെയ്തിറങ്ങി. ട്രിവാന്‍ഡ്രം ഡയലോഗ് എന്ന കലാസാംസ്കാരിക സംഘടനയുടെ നേതൃത്വത്തില്‍ വഴുതയ്ക്കാട് ഭാരത് ഭവനില്‍ നടന്ന അനുസ്മരണ ചടങ്ങിലാണ് രമേശന് നായരുടെ ഓര്‍മ്മകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്.
മലയാളികള്‍ക്ക് തീരാ നഷ്ടമാണ് രമേശന് നായരുടെ വിയോഗമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന് പറഞ്ഞു. രമേശന് നായര്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. വളരെ കുറച്ച് കാലത്തെ പരിചയമാണുണ്ടായിരുന്നെങ്കിലും രമേശന് നായരുമായുള്ള ബന്ധം ഗാഢമേറിയതായിരുന്നു. പൊതു സമൂഹത്തില്‍ വ്യത്യസ്തമായ കാഴ്ചപ്പടുകളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ചലചിത്ര ഗാനങ്ങളിലടങ്ങിയിട്ടുള്ള കാവ്യ ഭംഗി ഇതുവരെയുള്ള ഏത് പാട്ടുകളിലും പ്രകടമാണ്. പ്രണയമാണെങ്കിലും ഭക്തിയാണെങ്കിലും തന്മയത്വത്തോടു കൂടി തന്റെ കാവ്യഭാവനയിലൂടെ പൊതു സമൂഹത്തിന് നല്കാന് കഴിവുള്ള ബഹുമുഖ പ്രതിഭയാണ് രമേശന് നായര്‍. മാത്രവുമല്ല. സുബ്രഹ്മണ്യ ഭാരതിയുടേയും ശ്രീ നാരായണ ഗുരു തുടങ്ങിയ മഹത് വ്യക്തിത്വങ്ങളുടെ കൃതികള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ രമേശന് നായര്‍ കഴിഞ്ഞിട്ടുണ്ടുവെന്നത് അഭിമാനാര്‍ഹമാണെന്ന് വി.മുരളീധരന് പറഞ്ഞു.
രമേശന് നായര്‍ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്ന് സംഗീത സംവിധായകന് ദര്ശന് രാമന് പറഞ്ഞു. തന്റെ സഹോദരനായിരുന്നു രമേശന് നായര്‍. പത്താമുദയം എന്ന സിനിയയിലൂടെ അടുത്തറിഞ്ഞത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ കാവ്യ ഈരടികള്‍ എന്നെ അദ്ദേഹത്തോടൊപ്പം അടുപ്പിക്കുകയാണുണ്ടായത്. ഭക്തിഗാനങ്ങളായാലും സിനിമാ ഗാനങ്ങളായാലും അദ്ദേഹത്തിന്റെ വരികളില്‍ നിറഞ്ഞ് നിന്നത് ഭക്തി മാത്രമായിരുന്നുവെന്ന് ദര്ശന് രാമന് പറഞ്ഞു.
ആര്‍ഷ ഭാരതത്തിന്റെ പ്രതീകമാണ് എസ്.രമേശന് നായരെന്ന് കവി ജോര്‍ജ്ജ് ഓണക്കൂര്‍. നമ്മുടെ സംസ്കാരവും ഭക്തിയും നിറഞ്ഞ് തുളുമ്പുന്ന ഋഷി തുല്യനായ വ്യക്തിയാണ് . മലയാളവും തമിഴും അനായാസം കൈകാര്യം ചെയ്യാന്‍ കഴിവുള്ള അദ്ദേഹം മൂവായിരത്തിലധികം കൃതികള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. കാലഘട്ടത്തിനനുചിതമായ ഏറ്റവും നല്ല കവിതകളാണ് രമേശന് നായര്‍ സമ്മാനിച്ചതെന്ന് ജോര്‍ജ്ജ് ഓണക്കൂര്‍ പറഞ്ഞു.
ചടങ്ങില്‍ ആര്.പ്രദീപ്, ബാലു ജി നായര്‍, സജി കമല എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് രമേശന് നായര്‍ എഴുതിയ ഗാനങ്ങളടങ്ങിയ സംഗീത സദസ്സും പ്രമുഖ ഗായകരായ മണക്കാട് ഗോപന്, കാവാലം സജി, അപര്‍ണ്ണ സന്തോഷ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: