മോസ്കോ: പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ‘കൊളോണിയല്‍ ധാര്‍ഷ്ട്യ’മാണെന്നും വിവേകശൂന്യമായ ഉപരോധങ്ങള്‍ കൊണ്ട് റഷ്യയെ ഞെരിച്ച് നശിപ്പിക്കാമെന്ന പാശ്ചാത്യരാഷ്ട്രങ്ങളുടെ ധാരണ വ്യാമോഹം മാത്രമാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്.
സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ എക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പുടിന്. ഉക്രൈന് മേലുള്ള ‘സ്പെഷ്യല്‍ മിലിറ്ററി ഓപ്പറേഷന്’ തുടരുമെന്നും ഫോറത്തില്‍ വെച്ച് പുടിന് വ്യക്തമാക്കി. ഇക്കുറി ഇക്കണോമിക് ഫോറത്തില്‍ ഒരൊറ്റ പാശ്ചാത്യരാഷ്ട്രം പോലും പങ്കെടുത്തില്ല.
”നമ്മള് ശക്തരാണ്, ഏത് വെല്ലുവിളിയും നമുക്ക് നേരിടാം. നമ്മുടെ പൂര്‍വികരെ പോലെത്തന്നെ നമ്മളും എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തും. നമ്മുടെ രാജ്യത്തിന്റെ ആയിരം വര്‍ഷത്തെ ചരിത്രം പറയുന്നതും ഇതാണ്,” പുടിന് കൂട്ടിച്ചേര്‍ത്തു.
ഉക്രൈന്- റഷ്യ യുദ്ധം 100 ദിവസം പിന്നിട്ടതിന് ശേഷം പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള റഷ്യയുടെ വരുമാനം കുത്തനെ ഉയര്‍ന്നതായി വ്യക്തമാക്കിയിരുന്നു. റഷ്യന്‍ എണ്ണയുടെ കയറ്റുമതിയും അതിന്റെ ഏറ്റവും ഉയര്‍ന്ന ലെവലിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.യൂറോപ്യന്‍ ഉപരോധങ്ങള്‍ റഷ്യ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
എണ്ണ വിലയിലുണ്ടായ വലിയ വര്‍ധനവും, ഇന്ത്യയും യു.എ.ഇയുമടക്കമുള്ള രാജ്യങ്ങള്‍ റഷ്യയുമായുണ്ടായിരുന്ന എണ്ണ സംബന്ധ വ്യാപാരങ്ങള്‍ നിലനിര്‍ത്തിയതുമാണ് വരുമാനം ഇടിവ് കൂടാതെ നിലനിര്‍ത്താന്‍ റഷ്യയെ സഹായിച്ചത്.
റഷ്യ ഇപ്പോള്‍ ഉക്രൈന്റെ തെക്ക് കിഴക്കന്‍ മേഖലയായ ഡോണ്‍ബാസ് പ്രദേശം പൂര്‍ണ്ണമായും കീഴടക്കാനുള്ള അവസാനശ്രമത്തിലാണ്. ഡൊണെറ്റ്സ്ക്, ലുഹാന്‍സ്ക് എന്നീ രണ്ട് പ്രവിശ്യകള്‍ ചേര്‍ന്നാലുള്ള പ്രദേശമാണ് ഡോണ്‍ബാസ് എന്നറിയപ്പെടുന്നത്. റഷ്യക്കാര്‍ ഏറെയുള്ള പ്രദേശം കൂടിയാണ് ഡോണ്‍ബാസ് മേഖല എന്നതിനാലാണ് ഇവിടെ ആധിപത്യം നേടാന്‍ റഷ്യ ശ്രമിക്കുന്നത്. ഒരു പ്രധാന കല്‍ക്കരി ഖനന മേഖലകൂടിയാണിത്. ഇപ്പോള്‍ ലുഹാന്‍സ്കിലെ സെവറോഡോണെറ്റ്സ്ക് മേഖലയിലാണ് കടുത്ത പോരാട്ടം നടക്കുന്നത്. ഈ പ്രദേശം കൂടി പിടിച്ചെടുത്താല്‍ ഡോണ്‍ബാസ് മേഖല റഷ്യയുടെ സ്വന്തമാകും. എന്നാല്‍ സെവറോഡോണെറ്റ്സ്ക് മേഖലയില്‍ ഉക്രൈന് ശക്തമായ പ്രതിരോധം തീര്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: