”ഇന്ന്, എന്റെ അമ്മ ശ്രീമതി. ഹീരാബ മോദി നൂറാം വര്‍ഷത്തിലേക്ക് കടക്കുകയാണെന്നത് പങ്കുവയ്ക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷവും ഭാഗവുമുണ്ട്. ഇത് അവരുടെ ജന്മശതാബ്ദി വര്‍ഷമായിരിക്കും”. പ്രധാനമന്ത്രി മോദി എഴുതി.
സഹിഷ്ണുതയുടെ പ്രതീകം
”എല്ലാ അമ്മമാരേയും പോലെ എന്റെ അമ്മയും അസാധാരണയെന്നതുപോലെ ലളിതവുമാണ്”, തന്റെ കുട്ടിക്കാലത്ത് അമ്മ നേരിട്ട കഷ്ടപ്പാടുകള്‍ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ചെറുപ്രായത്തില്‍ തന്നെ പ്രധാനമന്ത്രി മോദിയുടെ അമ്മയ്ക്ക് അവരുടെ അമ്മയെ നഷ്ടപ്പെട്ടു. ”അവര്‍ എന്റെ മുത്തശ്ശിയുടെ മുഖമോ അവരുടെ മടിയിലെ സുഖമോ പോലും ഓര്‍ക്കുന്നില്ല. അവര്‍ അവരുടെ കുട്ടിക്കാലം മുഴുവനും അമ്മയില്ലാതെയാണ് ചെലവഴിച്ചത്” അദ്ദേഹം പറഞ്ഞു.
താന്‍ മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം താമസിച്ചിരുന്ന വടനഗറിലെ മണ്‍ഭിത്തികളും കളമണ്‍ ഓടുകള്‍ പാകിയ മേല്‍ക്കൂരയുമുള്ള ചെറിയ വീട് അദ്ദേഹം സ്മരിച്ചു. തന്റെ അമ്മ നേരിട്ടതും വിജയകരമായി തരണം ചെയ്തതുമായ എണ്ണമറ്റ ദൈനംദിന പ്രതിസന്ധികളേയും അദ്ദേഹം പരാമര്‍ശിച്ചു.
കുടുംബത്തിലെജോലികളെല്ലാം തന്റെ അമ്മ സ്വയം ചെയ്യുക മാത്രമല്ല, വീട്ടിലെ തുച്ഛമായ വരുമാനം നികത്താന്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പരാമര്‍ശിച്ചു. അവര്‍ ചില വീടുകളില്‍ പാത്രങ്ങള്‍ കഴുകുകയും വീട്ടുചെലവുകള് നടത്താനായി ചര്‍ക്കയില്‍ നൂല്ക്കാന് സമയം കണ്ടെത്തുകയും ചെയ്യുമായിരുന്നു.
”മഴക്കാലത്ത് ഞങ്ങളുടെ മേല്‍ക്കൂര ചോര്‍ന്നൊലിക്കുകയും വീട് വെള്ളത്തിലാകുകയും ചെയ്യുമായിരുന്നു. മഴവെള്ളം ശേഖരിക്കാന്‍ അമ്മ ചോര്‍ച്ചയുള്ള സ്ഥലങ്ങള്‍ക്ക് താഴെ ബക്കറ്റുകളും പാത്രങ്ങളും സ്ഥാപിക്കും. ഈ പ്രതികൂല സാഹചര്യത്തിലും അമ്മ സഹിഷ്ണുതയുടെ പ്രതീകമായിരുന്നു” പ്രധാനമന്ത്രി മോദി അനുസ്മരിച്ചു.
ശുചിത്വ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് അഗാധമായ ആദരവ്
ശുചിത്വം, തന്റെ അമ്മ എപ്പോഴും പ്രത്യേകം ശ്രദ്ധിക്കുന്ന ഒന്നായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ശുചിത്വം പാലിക്കുന്നതില്‍ തന്റെ അമ്മ വളരെ പ്രത്യേകം ശ്രദ്ധിക്കുന്ന നിരവധി സംഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു.
ശുചീകരണത്തിലും ജനാരോഗ്യപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നവരോട് തന്റെ അമ്മയ്ക്ക് ആഗാധമായ ബഹുമാനമുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. വട്നഗറിലെ അവരുടെ വീടിനോട് ചേര്‍ന്നുള്ള ഓട വൃത്തിയാക്കാന്‍ ആരെങ്കിലും വന്നാല്‍ ചായ കൊടുക്കാതെ അമ്മ അവരെ പോകാന്‍ അനുവദിക്കില്ലായിരുന്നു.
മറ്റുള്ളവരുടെ ആഹ്ളാദങ്ങളില്‍ സന്തോഷം കണ്ടെത്തും
തന്റെ അമ്മ മറ്റുള്ളവരുടെ ആഹ്ളാദങ്ങളില്‍ സന്തോഷം കണ്ടെത്തുമെന്നും വളരെ വിശാലഹൃദയയാണെന്നും പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചു. ”എന്റെ പിതാവിന്റെ അടുത്ത സുഹൃത്ത് അടുത്തുള്ള ഒരു ഗ്രാമത്തില്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ആകസ്മിക മരണശേഷം, എന്റെ പിതാവ് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ മകന് അബ്ബാസിനെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നു. ഞങ്ങളോടൊപ്പം താമസിച്ച് അവന് പഠനം പൂര്‍ത്തിയാക്കി. ഞങ്ങളുടെ എല്ലാ സഹോദരങ്ങള്‍ക്കും ചെയ്യുന്നതുപോലെ അമ്മയ്ക്ക് അബ്ബാസിനോടും വാത്സല്യവും കരുതലും ഉണ്ടായിരുന്നു” അദ്ദേഹം അനുസ്മരിച്ചു. എല്ലാ വര്‍ഷവും പെരുന്നാളിന് അവര്‍ അവന്റെ ഇഷ്ടവിഭവങ്ങള്‍ തയ്യാറാക്കുമായിരുന്നു. ഉത്സവങ്ങ സമയങ്ങളില്‍, അമ്മയുടെ പ്രത്യേക ഒരുക്കങ്ങള്‍ ആസ്വദിക്കുന്നതിന് അയല്പക്കത്തെ കുട്ടികള്‍ ഞങ്ങളുടെ വീട്ടില്‍ വരുന്നത് സാധാരണമായിരുന്നു.
രണ്ട് തവണ മാത്രമാണ് മോദിയുടെ അമ്മ പരസ്യമായി അദ്ദേഹത്തെ അനുഗമിച്ചത്
തന്റെ അമ്മ പരസ്യമായി തന്നെ അനുഗമിച്ച രണ്ട് അവസരങ്ങള്‍ മാത്രമാണ് മോദി ബ്ലോഗ് പോസ്റ്റില്‍ എടുത്തുകാണിച്ചിരിക്കുന്നത്. ഒരിക്കല്‍, ഏകതാ യാത്ര പൂര്‍ത്തിയാക്കി ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തിയ ശ്രീനഗറില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം അഹമ്മദാബാദില്‍ നടന്ന ഒരു പൊതു ചടങ്ങില്‍, അവര്‍ അദ്ദേഹത്തിന്റെ നെറ്റിയില്‍ തിലകം ചാര്‍ത്തി. രണ്ടാമത്തേത് 2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി ആദ്യമായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍.
പ്രധാനമന്ത്രി മോദിയെ അമ്മ പഠിപ്പിച്ച ജീവിതപാഠം
ഔപചാരികമായ വിദ്യാഭ്യാസമില്ലാതെ പഠിക്കാന്‍ കഴിയുമെന്ന് തനിക്ക് മനസിലാക്കി തന്നത് തന്റെ അമ്മയാണെന്ന് പ്രധാനമന്ത്രി മോദി എഴുതുന്നു. തന്റെ ഏറ്റവും വലിയ ഗുരവായ അമ്മ ഉള്‍പ്പെടെ എല്ലാ അദ്ധ്യാപകരെയും പരസ്യമായി ബഹുമാനിക്കാന്‍ ആഗ്രഹിച്ച ഒരു സംഭവം അദ്ദേഹം പങ്കുവച്ചു. എന്നാല്‍ ” നോക്കൂ, ഞാന്‍ ഒരു സാധാരണ വ്യക്തിയാണ്. ഞാന്‍ നിന്നെ പ്രസവിച്ചിരിക്കാം, എന്നാല്‍ നിന്നെ പഠിപ്പിച്ചതും വളര്‍ത്തിയതും സര്‍വ്വശക്തനാണ്” എന്നുപറഞ്ഞുകൊണ്ട് അവര്‍ അത് നിരസിച്ചു.
തന്റെ അമ്മ പരിപാടിക്ക് വന്നില്ലെങ്കിലും, തന്നെ അക്ഷരമായ പഠിപ്പിച്ച പ്രാദേശിക അദ്ധ്യാപകനായ ജെതാഭായ് ജോഷി ജിയുടെ കുടുംബത്തില്‍ നിന്ന് ആരെയെങ്കിലും വിളിച്ചെന്ന് അവര്‍ ഉറപ്പാക്കിയെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു. ”അവരുടെ ചിന്താ പ്രക്രിയയും ദീര്‍ഘവീക്ഷണത്തോടെയുള്ള ചിന്തയും എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്”, അദ്ദേഹം പറഞ്ഞു.
കടമയുള്ള പൗരന്
കര്‍ത്തവ്യബോധമുള്ള ഒരു പൗരയെന്ന നിലയില്‍ തെരഞ്ഞെടുപ്പുകള്‍ ആരംഭിച്ചതുമുതല്‍ പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും തന്റെ അമ്മ വോട്ട് ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചു.
വളരെ ലളിതമായ ജീവിതശൈലി നയിക്കുന്നു
അമ്മയുടെ വളരെ ലളിതമായ ജീവിതശൈലി പ്രതിഫലിപ്പിച്ചുകൊണ്ട് ഇന്നും തന്റെ അമ്മയുടെ പേരില്‍ സ്വത്തുക്കളൊന്നുമില്ലെന്ന് പ്രധാനമന്ത്രി മോദി എഴുതി. ”അവര്‍ ഒരിക്കലും സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല, അവര്‍ക്ക് അതില്‍ താല്‍പ്പര്യവുമില്ല. മുമ്പത്തെപ്പോലെ, തന്റെ ചെറിയ മുറിയില്‍ അവര്‍ വളരെ ലളിതമായ ഒരു ജീവിതശൈലിയാണ് നയിക്കുന്നത്”, പ്രധാനമന്ത്രി പ്രസ്താവിച്ചു.
നിലവിലെ സംഭവവികാസങ്ങള്‍ക്കൊപ്പം നീങ്ങുന്നു
ലോകത്തെ നിലവിലെ സംഭവവികാസങ്ങള്‍ക്കൊപ്പം തന്നെ തന്റെ അമ്മയും സഞ്ചരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ” അവര്‍ ദിവസവും എത്രനേരം ടിവി കാണുമെന്ന് അടുത്തിടെ, ഞാന്‍ അവരോട് ചോദിച്ചു. ടി.വിയിലെ ഭൂരിഭാഗം ആളുകളും പരസ്പരം പോരടിക്കുന്ന തിരക്കിലാണെന്നും ശാന്തമായി വാര്‍ത്തകള്‍ വായിക്കുകയും എല്ലാം വിശദീകരിക്കുകയും ചെയ്യുന്നവരെ മാത്രമേ താന്‍ കാണുന്നുള്ളൂവെന്നും അവര്‍ മറുപടി നല്കി. അമ്മ ഇത്രയധികം കാര്യങ്ങള്‍ നിരീക്ഷിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി”, അദ്ദേഹം തന്റെ ബ്ലോഗില്‍ സൂചിപ്പിച്ചു.
പ്രായമേറെയായിട്ടും നല്ല ഓര്‍മശക്തി
പ്രായമേറെയായിട്ടും അമ്മയുടെ ജാഗ്രതയെക്കുറിച്ച് പറയുന്നതിനായി 2017ലെ മറ്റൊരു സംഭവം പ്രധാനമന്ത്രി മോദി പങ്കുവെച്ചു. 2017ല്‍ പ്രധാനമന്ത്രി മോദി കാശിയില്‍ നിന്ന് നേരിട്ട് അവരെ കാണാന്‍ പോകുകയും ഒപ്പം പ്രസാദം കരുതുകയും ചെയ്തിരുന്നു. ”ഞാന്‍ അമ്മയെ കണ്ട ഉടന്‍ തന്നെ, ഞാന്‍ കാശി വിശ്വനാഥ മഹാദേവനെ പ്രണമിച്ചോ എന്നാണ് അവര്‍ എന്നോട് ചോദിച്ചത്. അമ്മ ഇപ്പോഴും കാശി വിശ്വനാഥ് മഹാദേവ് എന്ന മുഴുവന്‍ പേരാണ് ഉപയോഗിക്കുന്നത്. പിന്നെ സംഭാഷണത്തിനിടയില്‍, ആരുടെയെങ്കിലും വീട്ടുവളപ്പില്‍ ഒരു ക്ഷേത്രം ഉള്ളതെന്നതുപോലെ കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള വഴികള്‍ ഇപ്പോഴും അങ്ങനെ തന്നെയാണോ എന്ന് അവര്‍ എന്നോട് ചോദിച്ചു. ആശ്ചര്യപ്പെട്ട ഞാന്‍, എപ്പോഴാണ് അവര്‍ ക്ഷേത്രം സന്ദര്‍ശിച്ചതെന്ന് ചോദിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ കാശിയില്‍ പോയിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തി, എന്നാല്‍ അതിശയകരമാം വിധം അവര്‍ എല്ലാം ഓര്‍ത്തിരിക്കുന്നു”, പ്രധാനമന്ത്രി മോദി പറഞ്ഞു.
മറ്റുള്ളവരുടെ തെരഞ്ഞെടുപ്പുകളെ ബഹുമാനിക്കുന്നു
തന്റെ അമ്മ മറ്റുള്ളവരുടെ തെരഞ്ഞെടുപ്പുകളെ ബഹുമാനിക്കുക മാത്രമല്ല, അവരുടെ മുന്‍ഗണനകള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി വിശദീകരിച്ചു. ”പ്രത്യേകിച്ച് എന്റെ കാര്യത്തില്‍, അവര്‍ എന്റെ തീരുമാനങ്ങളെ മാനിച്ചു, ഒരിക്കലും തടസ്സങ്ങളൊന്നും സൃഷ്ടിച്ചില്ല, എന്നെ പ്രോത്സാഹിപ്പിച്ചു. കുട്ടിക്കാലം മുതല്‍, എന്റെ ഉള്ളില്‍ വ്യത്യസ്തമായ ഒരു ചിന്താഗതി വളരുന്നതായി അവര്‍ക്ക് തോന്നി”. പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചു.
അദ്ദേഹം വീട് വിടാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കിയത് പ്രധാനമന്ത്രി മോദിയുടെ അമ്മയാണ്. അദ്ദേഹന്റെ ആഗ്രഹങ്ങള്‍ മനസ്സിലാക്കി അനുഗ്രഹിച്ചുകൊണ്ട് ”നിന്റെ മനസ്സ് പറയുന്നതുപോലെ ചെയ്യുക”. എന്ന് ് അമ്മ പറഞ്ഞു,
ദരിദ്രരുടെ ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
ദരിദ്രരുടെ ക്ഷേമത്തില്‍ ദുഢപ്രതിജ്ഞയെടുക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും അമ്മ എപ്പോഴും പ്രചോദനം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 2001ല്‍ തന്നെ ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട അവസരത്തിലുള്ള ഒരു ഉദാഹരണം അദ്ദേഹം പങ്കുവെച്ചു. ഗുജറാത്തിലെത്തിയശേഷം പ്രധാനമന്ത്രി മോദി നേരെ അമ്മയെ കാണാനാണ് പോയത് . അങ്ങേയറ്റം ആഹ്ലാദഭരിതയായ അവര്‍ ”ഗവണ്മെന്റിലെ നിന്റെ ജോലി എനിക്ക് അറിയില്ല, പക്ഷേ നീ ഒരിക്കലും കൈക്കൂലി വാങ്ങരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു” എന്നാണ് അദ്ദേഹത്തോട് പറഞ്ഞത്.
തന്നെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും വലിയ ഉത്തരവാദിത്തങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹത്തിന് അമ്മ എല്ലായ്പ്പോഴും ഉറപ്പുനല്‍കികൊണ്ടേയിരിക്കുന്നു. ”ഒരിക്കലും ആരോടും തെറ്റോ മോശമായതോ ഒന്നും ചെയ്യരുത്, പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക” എന്ന് അദ്ദേഹം ഫോണില്‍ സംസാരിക്കുമ്പോഴോക്കെ അവര്‍ പറയും.
ജീവിതമന്ത്രം കഠിനാധ്വാനം
തന്റെ മാതാപിതാക്കളുടെ സത്യസന്ധതയും ആത്മാഭിമാനവുമാണ് അവരുടെ ഏറ്റവും വലിയ ഗുണങ്ങളെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ദാരിദ്ര്യത്തോടും അതിനോടൊപ്പമുള്ള വെല്ലുവിളികളോടും മല്ലിടുമ്പോഴും, തന്റെ മാതാപിതാക്കള്‍ ഒരിക്കലും സത്യസന്ധതയുടെ പാത ഉപേക്ഷിക്കുകയോ അവരുടെ ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഏത് വെല്ലുവിളിയും തരണം ചെയ്യാനുള്ള അവരുടെ പ്രധാനമന്ത്രം നിരന്തരമായ കഠിനാധ്വാനമായിരുന്നു !
മാതൃശക്തിയുടെ പ്രതീകം
”എന്റെ മാതാവിന്റെ ജീവിതകഥയില്‍, ഇന്ത്യയുടെ മാതൃശക്തിയുടെ തപസ്സും ത്യാഗവും സംഭാവനയും ഞാന്‍ കാണുന്നു. അമ്മയേയും അവരെപ്പോലുള്ള കോടിക്കണക്കിന് സ്ത്രീകളെയും നോക്കുമ്പോഴെല്ലാം, ഇന്ത്യന്‍ സ്ത്രീകള്‍ക്ക് അപ്രാപ്യമായതായി ഒന്നുമില്ലെന്ന് എനിക്ക് കണ്ടെത്താനാകുന്നു” പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: