കാസര്‍കോട്: ഇത്തവണയും എസ്എസ്എല്‍സി പാസായവര്‍ക്ക് ഉപരിപഠനം ദുഷ്കരമാവും. സയന്‍സ് വിഷയമെടുത്ത് പഠിക്കാന്‍ സീറ്റില്ലാതെ മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശ വിദ്യാര്‍ഥികള്‍. 60 സീറ്റിന് കഴിഞ്ഞ വര്‍ഷം 4000 അപേക്ഷകള്‍. കാസര്‍കോടിന്റെയും മഞ്ചേശ്വരത്തിന്റെയും ഇടയിലുള്ള തീരദേശ പ്രദേശത്ത് ജീവശാസ്ത്രം ഉള്‍പെടെയുള്ള സയന്‍സ് വിഷയങ്ങളെടുത്ത് പ്ലസ്ടു പഠിക്കാന്‍ ആകെയുള്ളത് ഒരു സ്കൂള്‍ മാത്രം.
ഹയര്‍സെക്കന്ററി സ്കൂളുകളായ മൊഗ്രാല്‍, ഷിറിയ, മംഗല്പാടി, ഉപ്പള എന്നിവിടങ്ങളിലൊന്നും സയന്‍സ് ബാച്ച് ഇല്ല. കുമ്പള സ്കൂളില്‍ മാത്രമാണ് സയന്‍സ് ഉള്ളത്. തൊട്ടടുത്ത മൊഗ്രാല്‍ പുത്തൂരില്‍ സയന്‍സ് ഉണ്ടെങ്കിലും അത് ബയോളജി ഇല്ലാത്ത സ്ട്രീമാണ്. ജില്ലയില്‍ 116 ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ 74 എണ്ണത്തില്‍ മാത്രമാണ് സയന്‍സ് ഉള്ളത്. കാസര്‍കോട് മണ്ഡലത്തില്‍ 16ല്‍ 12 ഇടത്തും സയന്‍സ് പഠന സൗകര്യം ഉള്ളപ്പോള്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ 16 ല്‍ ആറ് സ്ഥലത്ത് മാത്രമാണ് സയന് ബാച്ച് പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാനത്ത് വലിയ പഞ്ചായത്തുകളില്‍ നാലും അഞ്ചും ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ സയന്‍സ് ബാച്ചുകള്‍ ഉണ്ടാകുമ്പോള്‍ മംഗല്പാടി, കുമ്പള പോലുള്ള പഞ്ചായത്തുകളില്‍ ഓരോ ബാച്ചുകള്‍ മാത്രമാണുള്ളത്. കുമ്പള ഹയര്‍ സെക്കന്ററി സ്കൂളില്‍ കഴിഞ്ഞ വര്‍ഷം 60 സീറ്റുകളില്‍ നാലായിരത്തിനടുത്ത് അപേക്ഷകരുണ്ടായി. മുഴുവന്‍ എപ്ലസ് നേടിയ കുട്ടികള്‍ക്ക് അഡ്മിഷന് കിട്ടാത്ത അവസ്ഥയാണുള്ളത്. ജില്ലയിലെ ഏറ്റവും മികച്ച സയന്‍സ് ലാബ് സൗകര്യം സ്കൂളിന് വേണ്ടി നാട്ടുകാര്‍ ഒരുക്കി ഒരു അധിക സയന്‍സ് ബാച്ചിന് വേണ്ടി അപേക്ഷ കൊടുത്തെങ്കിലും കിട്ടിയത് അപേക്ഷിക്കാത്ത കോമേഴ്സാണ്.
കുമ്പള, അംഗടിമൊഗര്‍, സൂരംബയല്‍, കൊടിയമ്മ, മൊഗ്രാല്‍, ഷിറിയ എന്നീ ഹൈസ്ക്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അടുത്തായി ഈ ഒരു സയന്‍സ് ബാച്ച് മാത്രമേയുള്ളൂ. മഞ്ചേശ്വരം മണ്ഡലത്തിലെ പുത്തിഗെ, മീഞ്ച, വോര്‍ക്കാടി പഞ്ചായതുകളിലെ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ഒരൊറ്റ സയന്‍സ് ബാച്ച് പോലുമില്ല. കുമ്പള സ്കൂളില്‍ ഒരു അധിക ബാച്ചും മൊഗ്രാല്‍, ഉപ്പള, മംഗല്പാടി എന്നീ സ്കൂളുകളില്‍ പുതുതായി ബയോളജി അടക്കമുള്ള സയന്‍സ് ക്ലാസുകള്‍ ഈ അധ്യയന വര്‍ഷമെങ്കിലും തുടങ്ങണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: