ശ്രീനഗര്‍: ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ കശ്മീരില്‍ വിവിധയിടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന നാല് ഭീകരരെ കൊന്നു. ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഭീകരരാണ് നാലുപേരും. സൗത്ത് കശ്മീരിലെ അനന്ത്നാഗ്, കുല്‍ഗാം ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. അനന്ത്നാഗിലെ ഹാങ്ഗല്ഗുണ്ട് പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ ജുനൈദ് ഭട്ട്, ബസിത് വാനി എന്നിവരാണ് കൊല്ലപ്പെട്ടത്.
അനന്ത്നാഗിലെ ബിജെപി നേതവും ഗ്രാമമുഖ്യനുമായിരുന്ന ഗുലാം റസൂല്‍ ദാറിന്റെയും ഭാര്യയുടെയും കൊലപാതകത്തില്‍ പങ്കാളിയാണ് ജുനൈദ് ഭട്ടെന്ന് കശ്മീര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു. 2021ലാണ് ഇരുവരെയും ഭീകരര്‍ കൊലപ്പെടുത്തിയത്.
കുല്‍ഗാമില്‍ മിഷിപോര-കുജ്ജാര്‍ പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍. സുരക്ഷാ സേനയും ഭീകരരുമായുണ്ടായ വെടിവയ്പില്‍ രണ്ട് ഭീകരര്‍ മരിച്ചു. ഇതിലൊരാളെ തിരിച്ചറിഞ്ഞു, കുല്‍ഗാമിലെ മോഹന്പോര സ്വദേശി സുബൈര്‍ സോഫി. മേയ് 31ന് സാംബ സ്വദേശിയും അധ്യാപികയുമായിരുന്ന രജനി ബല്ലയെ വധിച്ചതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും പോലീസ് അറിയിച്ചു. മറ്റ് രണ്ടുപേരുടെയും വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ചൊവ്വാഴ്ചയാണ് രണ്ട് ഏറ്റമുട്ടലുകളും ആരംഭിച്ചത്. രണ്ടിടങ്ങളിലും ഭീകര സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സുരക്ഷാ സേനയും സൈന്യവും പ്രദേശം വളയുകയായിരുന്നു.
കൂടാതെ ഭീകരസംഘടനകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന രണ്ടുപേരെ കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തു. പുല്‍വാമയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് 15 കിലോഗ്രാം ബോംബ് നിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ കണ്ടെടുത്തതായും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: