ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിയുടെ .ചോദ്യം ചെയ്യലിന് വിധേയനായ രാഹുല്‍ ഗാന്ധി അന്തരിച്ച കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറയുടെ മേല്‍ എജെഎല്‍-യംഗ് ഇന്ത്യന്‍ ഇടപാടിന്റെ കുറ്റം ചാര്‍ത്താന്‍ ശ്രമിച്ചതില്‍ കഴമ്പില്ലെന്ന് മകന് അരുണ്‍ വോറ. എജെഎല്ലിനെ (അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്) യംഗ് ഇന്ത്യന്‍ വാങ്ങിയ ഇടപാടില്‍ ഒപ്പുവെച്ചത് അന്തരിച്ച കോണ്‍ഗ്രസ് നേതവ് മോത്തിലാല്‍ വോറ മാത്രമാണെന്നും തനിക്ക് ഈ ഇടപാടിനെക്കുറിച്ച് ഒന്നും അറിയില്ലെന്നുമാണ് രാഹുല്‍ ഇഡിയ്ക്ക് മുമ്പാകെ നല്കിയ മൊഴി.
എന്നാല്‍ തന്റെ അച്ഛനെതിരെ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന പ്രസ്താവനയുമായി മകന് അരുണ്‍ വോറ രംഗത്തെത്തി. രാഹുലിന് തന്റെ അച്ഛനെതിരെ അത്തരമൊരു ആരോപണം നടത്തില്ലെന്നാണ് വിശ്വസിക്കുന്നതെന്നും അരുണ്‍ വോറ പറഞ്ഞു. എജെഎല്‍-യംഗ് ഇന്ത്യന്‍ ഇടപാട് മുഴുവനായി മോത്തിലാല്‍ വോറയുടെ നേതൃത്വത്തിലായിരുന്നതിനാല്‍ ഇതേക്കുറിച്ച് തനിക്ക് യാതൊന്നുമറിയില്ലെന്നാണ് രാഹുല്‍ ഗാന്ധി ഇഡിയ്ക്ക് മുന്‍പാകെ നല്കിയ മൊഴി.
എജെഎല്ലിന്റെ ഭൂരിഭാഗം ഓഹരികളും യംഗ് ഇന്ത്യന്‍ എന്ന കമ്പനി വാങ്ങിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്ന കേസ് ഇഡി അന്വേഷിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ 2 ദിവസമായി ചോദ്യം ചെയ്തിരുന്നു. എജെഎല്ലും യംഗ് ഇന്ത്യനും തമ്മിലുള്ള പണമിടപാടില്‍ ഒപ്പിട്ടത് മോത്തിലാല്‍ വോറയാണെന്നാണ് രാഹുല്‍ ഇഡിയ്ക്ക് മനുന്പില് മൊഴി നല്‍കിയിരിക്കുന്നത്. വാസ്തവത്തില്‍ യംഗ് ഇന്ത്യന്‍ എന്ന കമ്പനിയില്‍ 76 ശതമാനം ഓഹരികളും രാഹുലിന്റെയും സോണിയാഗാന്ധിയുടെയും ഉടമസ്ഥതയിലാണ്. 12 ശതമാനം വീതം ഓഹരികള്‍ മോത്തിലാല്‍ വോറയുടെയും ഓസ്കാര്‍ ഫെര്‍ണാണ്ടസിന്റെയും പേരുകളിലാണ്.
എ ഐസിസി ട്രഷററായിരുന്നു മോത്തിലാല്‍ വോറ. ദല്‍ഹിയുള്‍പ്പെടെ വിവിധ നഗരങ്ങളില്‍ കെട്ടിടങ്ങളും ഭൂമിയുമായി കോടികളുടെ ആസ്തിയുള്ള എജെല്ലിനെ സ്വന്തമാക്കാന്‍ യംഗ് ഇന്ത്യ പണം സമാഹരിച്ചത് കൊല്‍ക്കൊത്തയിലെ ഒരു കമ്പനിയില്‍ നിന്നാണ്. ഈ കമ്പനി ഡോളര്‍ രൂപയും രൂപ ഡോളറുമാക്കി മാറ്റുന്ന സംശയകരമായ ഇടപാടുകള്‍ നടത്തുന്ന കമ്പനിയാണ്. ഈ കമ്പനിയില്‍ നിന്നും ഒരു കോടി രൂപ യംഗ് ഇന്ത്യന്‍ വാങ്ങിയത് ഈടോ പലിശയോ ഇല്ലാതെയാണ്. ഇത് സംഭാവനയായി നല്‍കിയതാണെന്ന് കൊല്‍ക്കൊത്തയിലെ ഡോള്‍ടെക്സ് എന്ന കമ്പനി പറയുമ്പോള്‍, അല്ല വായ്പയായിരുന്നു എന്നതാണ് യംഗ് ഇന്ത്യന്‍ എന്ന കമ്പനിയുടെ വരവ് ചെലവ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നത് ഈ കമ്പനിയുമായി നടത്തിയ ഇടപാടിലാണ്. ഇവിടെയാണ് സമര്‍ഥമായി മരിച്ചുപോയ മോത്തിലാല്‍ വോറയുടെ പേര് പറഞ്ഞ് രാഹുല്‍ ഗാന്ധി സമര്‍ത്ഥമായി സ്വയം രക്ഷിക്കാന്‍ ശ്രമം നടത്തുന്നത്.
നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ പവന് ബന്‍സാലും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇഡിയ്ക്ക് നല്കിയ മൊഴി പ്രകാരം എജെഎല്‍-യംഗ് ഇന്ത്യന്‍ ഇടപാടുകള്‍ കൂട്ടായ തീരുമാനത്തിന്റെ ഭാഗമാണെങ്കിലും ഇത് സംബന്ധിച്ച സാന്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്വം മോത്തിലാല്‍ വോറയ്ക്കാണെന്നാണ് മൊഴി നല്‍കിയത്. മോത്തിലാല്‍ വോറ ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെ പേരില്‍ കുറ്റം ചാര്ത്തിയാല് കേസില്‍ അനുകൂലസാഹചര്യമുണ്ടാകുമെന്ന് കരുതിയായിരിക്കാം ഈ നിലപാടെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: