മൂന്നാര്‍: അടിമാലിക്ക് പിന്നാലെ ഓള്‍ഡ് ദേവികുളത്തിന് സമീപം കൂറ്റന്‍ കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന ശേഷം ഇറച്ചി മുറിച്ച് കടത്തി. മൂക്കിന് താഴെയുണ്ടായ സംഭവത്തില്‍ നാണക്കേട് ഭയന്ന് യഥാസമയത്ത് വിവരങ്ങള്‍ പുറത്ത് വിടാതെ വനംവകുപ്പിന്റെ ഒളിച്ചുകളി.
തിങ്കളാഴ്ച വൈകിട്ടാണ് ദേവികുളം റേഞ്ചിന് കീഴിലെ സെന്‍ട്രല്‍ നഴ്സറിക്ക് സമീപം കാട്ടുപോത്തിന്റെ അവഷിഷ്ടങ്ങള്‍ കണ്ടെത്തിയത്. വെറ്ററിനറി ഡോക്ടറടക്കം എത്തി നടത്തിയ വിശദമായ പരിശോധനയില്‍ ആണ് വേട്ടയാടല്‍ സ്ഥീരീകരിച്ചത്. 1200ല്‍ അധികം കിലോ ഗ്രാം ഭാരമുള്ള കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന ശേഷം ഇറച്ചി മുറിച്ച് കടത്തിയതായി സ്ഥിരീകരിച്ചത്. എന്നാല്‍ വെടിവച്ച മെറ്റല്‍ കണ്ടെത്താനായിട്ടില്ല.
അതേ സമയം റോഡരികില്‍ നിന്നാണ് കാട്ടുപോത്തിന്റെ തലയും എല്ലും തോലും മടങ്ങുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിനോദ സഞ്ചാരികളും വനംവകുപ്പ് ഉദ്യോഗസ്ഥരും തലങ്ങും വിലങ്ങും പായുന്ന ഇവിടെ നിന്ന് എങ്ങനെയാണ് വേട്ടയാടി ഇറച്ചി മുറിച്ച് കടത്തിയതെന്നത് വനംവകുപ്പിനെയും ആശ്ചര്യപ്പെടുത്തുന്നു. മൂന്നാര്‍ ഡിഎഫ്ഒ ഓഫീസില്‍ നിന്ന് ഒരു കി.മീ. മാത്രം അകലെയാണ് ഈ സ്ഥലം. വേട്ടയാടിയ ശേഷം തലച്ചുമടായി കടത്തിയെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥര്‍ നല്കിയ റിപ്പോര്‍ട്ട്.
മേഖലയിലെ ഉദ്യോഗസ്ഥര്‍ അറിയാതെ ഇവിടെ വേട്ട നടക്കില്ലെന്നാണ് ഉയരുന്ന ആക്ഷേപം. വനംവകുപ്പിന് നാണക്കേടായി മാറിയ സംഭവത്തില്‍ പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാണ്. ഇതിനായി മൂന്നാര്‍ ഡിഎഫ്ഒ പ്രത്യേക സംഘത്തെ തന്നെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. മുറിച്ചെടുത്ത ഇറച്ചി എങ്ങനെ ഇവിടെ നിന്ന് കടത്തിയെന്നതും എവിടെയെല്ലാം എത്തിച്ച് വില്‍പ്പന നടത്തിയെന്നതും പരിശോധിച്ച് വരികയാണ്. ഈ സംഭവത്തോടെ ഹൈറേഞ്ച് കേന്ദ്രീകരിച്ച് വലിയൊരു വേട്ടസംഘം തന്നെ പ്രവര്‍ത്തിക്കുന്നതായുള്ള സ്ഥിരീകരണം കൂടിയാണ്.
ഫെബ്രുവരി 15ന് അടിമാലി റേഞ്ചില്‍ ഉള്‍പ്പെടുന്ന മച്ചിപ്ലാവ് സെക്ഷനിലെ നെല്ലിപ്പാറ വനവാസി കോളനിയോട് ചേര്‍ന്ന്് കാട്ടുപോത്തിന്റെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. പിന്നീടാണ് കെണിവച്ച് പിടിച്ച ശേഷം വെടിവച്ച് കൊന്ന് ഇറച്ചി മുറിച്ച് കടത്തിയതാണെന്ന് കണ്ടെത്തിയത്. ഈ കേസില്‍ 15 ഓളം പ്രതികള്‍ പിടിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: