കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റേണ്ടിയിരുന്ന മാവ് ഇനി അടുക്കത്ത്ബയല്‍ സ്‌കൂളിന് സ്വന്തം. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം ഒപ്പ് മരച്ചുവട്ടിനടുത്ത് 2016 ഡിസംബര്‍ മൂന്നിന് കവയിത്രി സുഗതകുമാരി നട്ട ‘പയസ്വിനി’ എന്ന മാവാണ് അതേപടി അടുക്കത്ത്ബയല്‍ സ്‌കൂള്‍ അങ്കണത്തില്‍ പറിച്ച് നട്ടത്.
വേരിന് പോലും ഒരു കോട്ടവും തട്ടാതെ ജെസിബി കൊണ്ട് നാല് ഭാഗത്തു നിന്നും മണ്ണ് നീക്കം ചെയ്ത് ക്രെയ്ന്‍ കൊണ്ട് പൊക്കിയെടുത്ത ശേഷം മാവ് അടുക്കത്ത് വയല്‍ ഗവ. സ്‌കൂള്‍ അങ്കണത്തില്‍ നേരത്തെ തയ്യാറാക്കിയ കുഴിയില്‍ നടുകയായിരുന്നു. ഇതിനായി സ്‌കൂളില്‍ രണ്ടര മീറ്റര്‍ നീളത്തിലും വീതിയിലും രണ്ട് മീറ്റര്‍ ആഴത്തിലുമാണ് കുഴിയെടുത്തത്. സുഗതകുമാരി നട്ട തേന്മാവ് പൂത്തുലഞ്ഞ് നിന്നിരുന്നു. സുഗതകുമാരി അന്തരിച്ചപ്പോള്‍ കാസര്‍കോടിന് ഓര്‍മയായി എത്തിയതും ഈ തേന്മാവായിരുന്നു. അന്ന് മാവ് നട്ട ശേഷം സുഗതകുമാരി പയസ്വിനി എന്ന് മൂന്ന് വട്ടം പേരുവിളിച്ചു. കവിതയും ചൊല്ലിയാണ് അവര്‍ മടങ്ങിയത്. പുതിയ കാലത്തെ നന്മയിലേക്ക് നയിക്കുന്ന സന്നദ്ധ സേനയായി മുന്നേറാന്‍ തേന്മാവ് നട്ടുകൊണ്ട് സുഗതകുമാരി വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളോട് അന്ന് ആഹ്വാനം ചെയ്തിരുന്നു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി അനേകായിരം മരങ്ങളാണ് ഇവിടങ്ങളില്‍ വെട്ടിമാറ്റിയത്. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി നിറഞ്ഞു നിന്ന ഒപ്പ് മരം നേരത്തെ മുറിച്ചു നീക്കിയിരുന്നു. എന്നാല്‍ സുഗതകുമാരി നട്ട മാവിന് കോടാലി വീഴ്‌ത്താന്‍ പരിസ്ഥിതി സ്‌നേഹികള്‍ സമ്മതിച്ചില്ല. സ്‌കൂളിലേക്ക് എത്തിച്ച മാവിന് പുഷ്പ വൃഷ്ടി നടത്തിയാണ് വിദ്യാര്‍ത്ഥികള്‍ വരവേറ്റത്.
16 വർഷം പ്രായമുള്ള മാവ് നിരവധി ശാഖകളാൽ സമ്പന്നമായിരുന്നു. മരത്തിന് ക്ലേശം പരമാവധി ഒഴിവാക്കിയാണു മാറ്റിനടീല്‍. മൂന്നുദിവസം നീണ്ട പ്രവർത്തനങ്ങൾക്കൊടുവിലാണ് മാവ് മാറ്റി നട്ടത്. ചൊവ്വാഴ്ച മരത്തിന് ചുറ്റും ഒന്നര മീറ്റര്‍ അകലമിട്ടുകൊണ്ട് രണ്ട് മീറ്റര്‍ ആഴത്തില്‍ ചതുരമായി ട്രെഞ്ച് പൂര്‍ത്തിയാക്കി. ഒരു മീറ്റര്‍ വരെ നേരെ താഴേക്കും പിന്നെയുള്ള ഒരു മീറ്റര്‍ 45 ഡിഗ്രി ചരിച്ചുമാണ് ട്രെഞ്ച് എടുത്ത്. ഒന്നര മീറ്റര്‍ ചുറ്റളവിന് വെളിയിലുള്ള വേരുകളുടെ ഭാഗം നീക്കം ചെയ്തു. മരത്തിന്റെ വേരുകളിരിക്കുന്ന മണ്‍കട്ട അനങ്ങാതിരിക്കാന്‍ ട്രെഞ്ച് എടുത്ത വശങ്ങളില്‍ പ്ലൈവുഡ് ഫ്രെയിമുകള്‍ ഉറപ്പിച്ച് ബോക്‌സ് ആക്കി. ഒപ്പം മാവിന്റെ വലിയ ശാഖകള്‍ മുറിച്ചുമാറ്റി പൂപ്പല്‍ബാധ തടയുന്നതിനായി പ്രത്യേക മിശ്രിതം പുരട്ടി. ആദ്യം ക്രെയിന്‍ ഉപയോഗിച്ച് ബോക്‌സോടുകൂടി മരം ഉയര്‍ത്തി വാഹനത്തില്‍ വച്ചു. ഉയര്‍ത്തുമ്പോള്‍ തായ്‌ത്തടിക്കു സപ്പോര്‍ട്ട് കൊടുത്തു. അപ്പോള്‍ തന്നെ മരം സ്‌കൂള്‍പരിസരത്ത് എത്തിച്ച് അവിടെ ഒരുക്കിയ കുഴിയിലേക്കു ക്രെയിന്‍ ഉപയോഗിച്ച് ഇറക്കിവച്ചു.
ആദ്യമാസങ്ങളില്‍ മരത്തിന് തണല്‍ നല്കും. എല്ലാ ദിവസവും വെള്ളമൊഴികാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി വകുപ്പും വനം വകുപ്പുമാണ് ഈ വൃക്ഷസംരക്ഷണപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നത്. മരം മാറ്റിനടുന്നതു സംബന്ധിച്ച് കേരള വനഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: