ചെന്നൈ: മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ബിഎസ്എന്‍എല്‍ 4 ജി ഇന്ത്യയുടെ ടെക്നോളജി കുതിപ്പില്‍ വഴിത്തിരിവാകുമെന്ന് വിദഗ്ധര്‍. വിപുലമായ കണക്ടിവിറ്രി ഉള്ള ബിഎസ്എന്‍എല്‍ 4 ജി ഇന്ത്യ കാണാന്‍ പോകുന്ന വലിയ പ്രതീക്ഷയായിരിക്കുമെന്ന് ടിവിഎസ് കാപിറ്റല്‍ ഫണ്ട്സിന്റെ എംഡി ഗോപാല്‍ ശ്രീനിവാസന്‍ പറഞ്ഞു. ഐഐടി മദ്രാസിലെ റിസര്‍ച്ച് പാര്‍ക്ക് ഉദ്ഘാടനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ലാസ്റ്റ് മൈല്‍ കണക്ടിവിറ്റിയുടെ കാര്യത്തില്‍ ബിഎസ്എന്‍എല്‍ 4 ജി വലിയ സംഭവമായിരിക്കും. അത് വലിയ സംഭവമാണ്.”- അദ്ദേഹം പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഉത്തമോദാഹരണമാണ് ബിഎസ് എന്‍എല്‍ 4ജി. ഇതിന്റെ നെറ്റ് വര്‍ക്ക് ഉള്‍പ്പെടെ എല്ലാം ഇന്ത്യയിലെ കമ്പനികള്‍ തന്നെയാണ് നിര്‍മ്മിച്ചത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് (ടിസിഎസ്) നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് ഇത് ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി നിര്‍മ്മിച്ചത്. ചൈനീസ് കമ്പനികളായ ഹുവാവേ തുടങ്ങിയവയുടെ ഉപകരണങ്ങള്‍ വേണ്ടെന്നത് കേന്ദ്ര സര്‍ക്കാര്‍ എടുത്ത ധീരമായ തീരുമാനമാണ്. ചൈനയുമായുള്ള അതിര്‍ത്തിതര്‍ക്കം രൂക്ഷമായതോടെയാണ് ചൈനീസ് കമ്പനികളെ ടെലകോം മേഖലയില്‍ വേണ്ടെന്ന തീരുമാനം കേന്ദ്രം കൈക്കൊണ്ടത്. പക്ഷെ ഏറെ പണിപ്പെട്ടായാലും ഇന്ത്യ അത് സാധിച്ചെടുത്തു എന്നത് വലിയ ദൗത്യമായിരുന്നു.
ജാം (ജന്‍ ധന്‍, ആധാര്‍, മൊബൈല്‍ നമ്പര്‍), യുപി ഐ, ജിഎസ്ടി, ഫാസ്ടാഗ്, ഇപ്പോള്‍ ഒഎന്‍ഡിസി ഇതെല്ലാം ചേര്‍ന്ന് ഇന്ത്യയ്‌ക്ക് ഏറ്റവും വലിയ പൊതു ഡിജിറ്റല്‍ അടിസ്ഥാനഘടനയാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പണമിടപാടിന്റെ കാര്യത്തില്‍ ജനങ്ങളെ ഉള്‍ച്ചേര്‍ക്കാന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത കാര്യത്തില്‍ ഇന്ത്യ ഇപ്പോള്‍ ഏതാണ്ട് നേതൃപദവി എടുത്തുകഴിഞ്ഞെന്ന് ടിസിഎസ് മുന്‍ സിഎഫ് ഒ എസ്. മഹാലിംഗം പറഞ്ഞു. ഇപ്പോള്‍ ബാങ്കിംഗ് സംവിധാനത്തിനുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടത് ദൗര്‍ഭാഗ്യകരമാണെന്നും ഇക്കാര്യത്തില്‍ യുവാക്കള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് ഐഐടി മദ്രാസ് ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി പറഞ്ഞു. “ബാങ്ക് എടിഎമ്മുകളില്‍ ഓപ്പറേറ്റിംഗ് സിസ്റ്റംസ് പുതുക്കണമെന്ന് പറഞ്ഞപ്പോള്‍ അതിന് പിന്നിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം കമ്പനികള്‍ക്ക് അത് ഒരൊറ്റ രാത്രി കൊണ്ട് പ്രഖ്യാപനം നടത്താനായി. ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഗ്രേഡിന് 7,000 രൂപയാണ് നല്‍കുന്നത്. 35,000 എടിമ്മുകള്‍ക്ക് ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഗ്രേഡ് ചെയ്യുമ്പോഴത്തെ തുക എത്ര വലുതാണ്. ഇപ്പോഴും ഇക്കാര്യത്തില്‍ വിദേശ കമ്പനികളെ ഇന്ത്യ ആശ്രയിക്കുന്നു. ഇത് സാങ്കേതിക വിദ്യാരംഗത്തെ അടിമത്തമാണ്. ഇക്കാര്യത്തില്‍ ഇന്ത്യ സാങ്കേതിക സ്വാതന്ത്ര്യം നേടേണ്ടതുണ്ട്.”- പ്രൊഫ. വി. കാമകോടി പറഞ്ഞു.
ഇന്ത്യ സാമ്പത്തിക വളര്‍ച്ചയിലും ഫിന്‍ടെക് രംഗത്തും വളര്‍ച്ച നേടുമ്പോഴും സാധാരണക്കാരെ അതിലേക്ക് എത്തിക്കാനാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഇന്ത്യയിലെ ജനങ്ങളില്‍ 85 ശതമാനത്തിലധികം പേരും 25,000 രൂപയില്‍ താഴെ പ്രതിമാസ വരുമാനമുള്ളവരാണ്. ഇത്തരക്കാര്‍ക്ക് ഫിന്‍ടെക് ചേരില്ലെന്ന് അഭിപ്രായമായിരുന്നു പലര്‍ക്കും. എന്നാല്‍ ഫിന്‍ടെക് ടെക്നോളജി ഇവര്‍ക്കായി എത്തി. കുറഞ്ഞ വരുമാനക്കാരായ 85 ശതമാനം പേരും ധനഇടപാടിന് സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ തുടങ്ങിയതായി ഐഐടി മദ്രാസ് റിസര്‍ച്ച് പാര്‍ക്ക് പ്രസിഡന്‍റായ പ്രൊഫ. അശോക് ജുന്‍ജുന്‍വാല പറഞ്ഞു.
“കഴിഞ്ഞ ഒരു ദശകത്തില്‍ ധനകാര്യ സേവനങ്ങള്‍ ഇന്ത്യയില്‍ വലിയ മാറ്റത്തിന് വിധേയമായി. ഈ രംഗത്തേക്ക് ടെക്നോളജി കടന്നുവന്നു. ഇത്തരം ടെക്നോളജികള്‍ കൊണ്ടുവന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വലിയ പിന്തുണ നല്‍കി. ഇതോടെ 2030 ഓടെ ഇന്ത്യ ഫിന്‍ടെക് രംഗത്ത് മേധാവികളായി മാറുമെന്നാണ് കരുതുന്നത്”.- അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: