ഗുവാഹത്തി: അസമിലെ കര്‍ബി ആംഗ്ലോങ് സ്വയംഭരണ കൗണ്‍സില്‍ (കെഎഎസി) തെരഞ്ഞെടുപ്പില്‍ 26ല്‍ 26 സീറ്റുകളും നേടി ബിജെപി തൂത്തുവാരി. കോണ്‍ഗ്രസിന് ഒരൊറ്റ സീറ്റു പോലും നേടാനായില്ല.
കെഎഎസിയില് ആകെ 30 അംഗങ്ങളാണുള്ളത്. ഇതില്‍ 26 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. നാല് സീറ്റുകള്‍ നാമനിര്‍ദേശം ചെയ്യുന്ന സീറ്റുകളാണ്. ബിജെപി 26 സീറ്റുകളും നേടിയതോടെ സ്വയംഭരണ കൗണ്‍സിലിന്റെ അധികാരത്തിലേക്ക് ബിജെപി തിരിച്ചെത്തി.
“കര്‍ബി ആംഗ്ലോങില്‍ ചരിത്രപരമായ ഫലം! ബിജെപിയില്‍ തുടര്‍ച്ചയായി വിശ്വാസമര്‍പ്പിക്കുന്ന ജനങ്ങള്‍ നന്ദി. അസമിന്റെ പുരോഗതിക്ക് ഞങ്ങള്‍ പരിശ്രമം തുടരുമെന്ന് ഉറപ്പ് നല്കുന്നു. ബിജെപി കാര്യകര്‍ത്താക്കളുടെ പരിശ്രമം മികച്ചതാണ്. അവര്‍ക്ക് നന്ദി”- വിജയ വാര്‍ത്തയറിഞ്ഞ പ്രധാനമന്ത്രി മോദി ട്വീറ്റില്‍ കുറിച്ചു.
2017ലും ബിജെപി തന്നെയായിരുന്നു വിജയിച്ചത്. അന്ന് 26ല്‍ 24 സീറ്റുകള്‍ നേടിയിരുന്നു. ഇത്തവണ കോണ്‍ഗ്രസ് ഒരൊറ്റ സീറ്റും നേടാനാവാതെ നാമാവശേഷമായി. 2017ന് മുന്‍പ് മൂന്ന് തവണ തുടര്‍ച്ചയായി കോണ്‍ഗ്രസായിരുന്നു ഭരണത്തില്‍.
കര്‍ബി ആംഗ്ലോങ് സ്വയം ഭരണ കൗണ്‍സിലില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ബിജെപിയ്ക്ക് ചരിത്രപരമായ ജനവിധി നല്കിയ ജനങ്ങള്‍ക്ക് മുന്‍പാകെ നമിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
ഇക്കുറി 79 ശതമാനമായിരുന്നു പോളിംഗ്. ബിജെപിയ്ക്കും കോണ്‍ഗ്രസിനും പുറമെ ഓള് പാര്‍ട്ടി ഹില്‍സ് ലീഡേഴ്സ് കോണ്‍ഫറന്‍സ് (എപിഎച്ച്എല്‍സി), ഓട്ടോണമസ് സ്റ്റേറ്റ് ഡിമാന്റ് കമ്മിറ്റി (എഎസ്ഡിസി), ആം ആദ്മി പാര്‍ട്ടി എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു. ബിജെപി 26 സീറ്റുകളിലും കോണ്‍ഗ്രസ് 24 സീറ്റുകളിലേക്കും ആം ആദ്മി 10 സീറ്റുകളിലേക്കും സിപി ഐ എംഎല് 15 സീറ്റുകളിലേക്കും മത്സരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: