തിരുവനന്തപുരം: പ്രവാചകനിന്ദ ആരോപണത്തിന്റെ പശ്ചാത്തല പള്ളികളില്‍ ജുമുഅ പ്രഭാഷണങ്ങളില്‍ വിദ്വേഷം അരുതെന്ന് കാട്ടി നോട്ടീസ് നല്കിയ പൊലീസിനെതിരേ മുസ്ലിം സംഘടനകള്‍. കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പൊലീസാണ് പ്രദേശത്തെ ഏതാനും പള്ളികള്‍ക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയത്. പ്രവാചകനിന്ദ നടന്നതായി പറയപ്പെടുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ പള്ളികളില്‍ ജുമുഅക്ക് ശേഷം നടത്തുന്ന പ്രഭാഷണങ്ങള്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്നതോ ആയ രീതിയില്‍ നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് മഹല്ല് ഭാരവാഹികള്‍ക്ക് നല്കിയ നോട്ടീസില്‍ പറയുന്നത്. മയ്യില്‍ സ്റ്റേഷന് ഹൗസ് ഓഫിസറാണ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടുള്ളത്.
എന്നാല്‍, ഈ നോട്ടീസിനെതിരേ സുന്നി യുവജന സംഘം അടക്കം സംഘടനകള്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. നോട്ടീസ് നല്കിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യണമെന്നായിരുന്നു ആവശ്യം. ഒടുവില്‍ കണ്ണൂര്‍ കമ്മിഷണര്‍ വിഷയത്തില്‍ ഇടപെട്ടു. നോട്ടീസ് നല്കിയ ഉദ്യോഗസ്ഥനെ കൊണ്ട് നോട്ടീസ് നല്‍കിയത് വീഴ്ചയാണെന്ന് സമ്മതിപ്പിക്കുകയായിരുന്നു. മയ്യില്‍ എസ്എച്ച്ഒ ബിജു പ്രകാശിനെ കൊണ്ടാണ് താന്‍ ഇത്തരത്തിലൊരു നോട്ടീസ് നല്‍കിയത് വീഴ്ചയാണെന്ന് പറയിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: