‘ലജ്ജിക്കുക മമ നാടേ- ഇത് പണ്ടേ പറഞ്ഞു കേള്‍ക്കുന്നതാണ്. ഇന്നത്തെ അവസ്ഥ അതുതന്നെയാണ്. ലജ്ജ കൊണ്ടെന്റെ തല ഉയരുന്നില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഈ ദുരവസ്ഥ കേരളത്തിന്റെ മാത്രമാണെന്നാണ് കരുതിയത്. അത് കേരളവും കടന്ന് ദല്‍ഹിവരെ എത്തി നില്ക്കുന്നു.
പണം ഇടപാടുകേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയ്‌ക്കും മകന്‍ രാഹുലിനും ഇ ഡി ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്കി. ദിവസം മാറ്റി മാറ്റി ഒഴിഞ്ഞുമാറാന്‍ നോക്കുകയായിരുന്നു. ഒടുവില്‍ തിങ്കളാഴ്ച മകന്‍ ഇ ഡി ഓഫീസില്‍ ഹാജരായി. ഒറ്റയ്‌ക്കല്ല. ആള്‍ക്കൂട്ടത്തെ അണിനിരത്തിയാണ്. ആള്‍ക്കൂട്ടത്തില്‍ മുഖ്യമന്ത്രിമാരുണ്ട്. എംപിമാരുണ്ട്. എംഎല്‍എമാരുണ്ട്. ഏറെ പണിപ്പെടേണ്ടിവന്നു ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍. ഇതിനിടയില്‍ ചിലര്‍ കുഴഞ്ഞുവീഴുന്നു. പോലീസ് ബലം പ്രയോഗിച്ചതായി പരാതിപ്പെടുന്നു. ആകെ കോലാഹലം.
നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് നടപടി. മടിയില്‍ കനമുള്ളതുകൊണ്ടാണ് ഈ കോപ്രായങ്ങളെല്ലാം എന്ന് വ്യക്തം. അന്വേഷണസംഘം രാഹുലിനെ വിരട്ടാനൊന്നും പോകുന്നില്ല. കേസിലെ വിവരങ്ങള്‍ ആരായുക മാത്രമാണ് ലക്ഷ്യം. അതും ഒഴിവാക്കണമെങ്കില്‍ എന്ത് നിയമവാഴ്ച? എന്ത് ജനാധിപത്യം? അമ്മയ്‌ക്ക് അതിനിടെ കൊവിഡ് ബാധിച്ചത്രെ. രോഗം ഭേദമായ ശേഷമാകും അവരെത്തുക. ആ സമയത്തും ഈ കോലഹാലമെല്ലാം നടന്നേക്കാം. ലജ്ജിക്കാതെങ്ങനെ ഇരിക്കും !
കേരളത്തിലാണ് അതിനേക്കാള്‍ വലിയ കോമാളിത്തരം. കൊലപാതകശ്രമം ഉള്‍പ്പെടെ 40ല്‍പ്പരം കേസിലെ പ്രതി കീഴടങ്ങി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ ആണ് അറസ്റ്റിലായത്. മൂന്നു മാസം മുന്‍പ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയിട്ടും പോലീസ് അറസ്റ്റു ചെയ്യാതിരുന്നതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി. ഷാജഹാന്‍ എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്കി. തുടര്‍ന്നാണ് എറണാകുളം സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്തത്.
ദേഹപരിശോധനയ്‌ക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ ആര്‍ഷോയെ റിമാന്‍ഡ് ചെയ്തു. ഇദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ രക്തഹാരം അണിയിച്ചു മുദ്രാവാക്യങ്ങളോടെയാണ് ജയിലിലേക്ക് അയച്ചത്. ഇതിനുപോലീസ് ഒത്താശ ചെയ്തു കൊടുക്കുന്നതു വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. അറസ്റ്റു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയാറായിട്ടില്ല എന്നതാണ് വിചിത്രം.
ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രിയില്‍ വീട്ടില്‍ കയറി ആക്രമിച്ചതിനെ തുടര്‍ന്നാണ് ആര്‍ഷോയ്‌ക്കെതിരെ വധശ്രമത്തിനു കേസെടുത്തത്. അറസ്റ്റിലായ പ്രതിക്കു ജാമ്യം നിഷേധിച്ചു. പിന്നീടു കര്‍ശന വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ പ്രതിക്കെതിരായി കൂടുതല്‍ കേസുകളുള്ള വിവരം പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചു.
തുടര്‍ന്നാണ് ആര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്. പിന്നീട് പ്രതിയെ അറസ്റ്റു ചെയ്യാന്‍ പോലീസ് തയ്യാറായില്ല. പരാതി ഉയര്‍ന്നപ്പോള്‍ പ്രതി ഒളിവിലാണെന്നും ഉടന്‍ പിടിയിലാകുമെന്നുമായിരുന്നു പോലീസ് കോടതിയെ അറിയിച്ചത്. പിണറായി, പോ
ലീസിനെ ഭരിക്കുമ്പോള്‍ എങ്ങനെ എസ്എഫ്‌ഐ നേതാവിനെ പിടികൂടും ?
*****
കോടതിയില്‍ നല്കിയ രഹസ്യമൊഴിയില്‍ മുന്‍മന്ത്രി കെ.ടി. ജലീലിനെതിരെ പറഞ്ഞ കാര്യങ്ങള്‍ ഉടന്‍ പുറത്ത് പറയുമെന്ന് സ്വപ്‌ന സുരേഷ്. ഗൂഢാലോചന നടത്തിയത് ജലീലാണെന്ന് സ്വപ്‌ന ആരോപിച്ചു. താന്‍ ഗൂഢാലോചന നടത്തിയിട്ടില്ല. രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ രണ്ട് ദിവസത്തിനകം വെളിപ്പെടുത്തുമെന്നും പറഞ്ഞകാര്യങ്ങളില്‍ ഉറച്ചുനില്ക്കുകയാണെന്നും സ്വപ്ന അറിയിച്ചു. ജലീല്‍ എന്തൊക്കെ കേസ് കൊടുക്കുമെന്ന് കാണട്ടെയെന്നും അവര്‍ വെല്ലുവിളിച്ചു. തന്നെ പോലീസ് പിന്തുടരേണ്ട കാര്യമില്ലെന്നും അവരെ പിന്‍വലിക്കണമെന്നും സ്വപ്‌ന ആവശ്യപ്പെട്ടു. സ്വന്തം സുരക്ഷയ്‌ക്ക് ആളുകളെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് പറഞ്ഞ സ്വപ്‌ന, പോലീസ് സംരക്ഷണം വേണ്ടെന്നും പ്രതികരിച്ചു. പ്രധാനമന്ത്രിപോലും സുരക്ഷാഭടന്മാരുടെ കൈകളാല്‍ കൊല്ലപ്പെട്ടതോര്‍ക്കുമ്പോള്‍ സര്‍ക്കാരിന്റെ സുരക്ഷയെ ആര്‍ക്കാണ് വിശ്വാസം?
മുഖ്യമന്ത്രിക്കെതിരെ രഹസ്യമൊഴി നല്കിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നാണ് സ്വപ്‌നയുടെ വാദം. ഇതിനിടെ ജീവന് ഭീഷണിയുള്ള പശ്ചാത്തലത്തില്‍ സ്വപ്‌ന സുരേഷ് സ്വന്തം നിലയില്‍ രണ്ട് സുരക്ഷാ ഗാര്‍ഡുമാരെ നിയോഗിച്ചു.
പക്ഷേ ഇത് കേട്ടാലൊന്നും ജലീലിന് ഒട്ടും ടെന്‍ഷനില്ലത്രെ. രണ്ടു ദിവസം ജലീല്‍ ടെന്‍ഷനടിക്കട്ടെ എന്നും വൈകാതെതന്നെ സ്വപ്‌ന വിവരങ്ങളെല്ലാം മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നുമാണ് സ്വപ്‌നയുടെ അഭിഭാഷകനായ കൃഷ്ണരാജ് പറഞ്ഞത്. ഇതിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ജലീല്‍ ചുണ്ടനക്കിയില്ല. പകരം ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു.
”മിസ്റ്റര്‍ കൃഷ്ണരാജ്, രണ്ടു ദിവസമല്ല, ഒരു നിമിഷം പോലും എനിക്ക് ടെന്‍ഷന്‍ അടിക്കേണ്ടി വരില്ല. ഖുര്‍ആനില്‍ സ്വര്‍ണം കടത്തി എന്ന് ആദ്യം പറഞ്ഞു. ഖുര്‍ആന്റെ തൂക്കം പറഞ്ഞ് കുറെ കഥകള്‍ വേറെ മെനഞ്ഞു. ഖുര്‍ആന്‍ കയറ്റിയ വണ്ടിയുടെ ജിപിഎസ് കേടുവന്നു എന്നും പറഞ്ഞ് കുറെ നടന്നു. പിന്നെ കേട്ടത് വണ്ടി ബെംഗളൂരുവിലേക്കു പോയ വാര്‍ത്തയാണ്. ഈന്തപ്പഴത്തിന്റെ കുരുവാക്കി സ്വര്‍ണം കടത്തിയെന്നായി അടുത്ത പ്രചരണം. അതിനൊക്കെ തീര്‍പ്പുണ്ടാക്കിയിട്ട് പോരേ പുതിയ വെളിപ്പെടുത്തല്‍.
അഡ്വ. കൃഷ്ണരാജിനും സംഘികള്‍ക്കും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേട് കൂരിപ്പറമ്പില്‍ തെക്കുംപാട്ട് കുഞ്ഞി മുഹമ്മദാജിയുടെ മകന്‍ ജലീലിനില്ല. എന്തും പറഞ്ഞോളൂ. ഏത് ഏജന്‍സികളെയും അന്വേഷണത്തിനു വിളിച്ചോളൂ. സൂര്യന്‍ കിഴക്കുദിക്കുന്നേടത്തോളം എനിക്കെന്ത് ടെന്‍ഷന്‍ കൃഷ്ണരാജ്”. എന്നാണ് ജലീലിന്റെ ചോദ്യം.
സ്വപ്‌ന സുരേഷിനെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് എച്ച്ആര്‍ഡിഎസ് ഒരുക്കമാണെന്ന് സെക്രട്ടറി അജികൃഷ്ണന്‍ പറയുന്നു. സ്വപ്‌ന സുരേഷിനെ ജോലിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പലരും ഭീഷണിപ്പെടുത്തുന്നുണ്ട്. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ വിദേശ ഫണ്ട് കൊണ്ടുവരാനുള്ള സഹായം തേടി ഷാജ് കിരണ്‍ എച്ച്ആര്‍ഡിഎസ്സിനെ സമീപിച്ചിരുന്നു. നേരത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് സ്വപ്‌ന നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റിന് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന വാദം പരിഗണിച്ചായിരുന്നു നടപടി. സ്വപ്‌ന സുരേഷിന് പുറമെ പി.സി. ജോര്‍ജ്ജും കേസില്‍ പ്രതിയാണ്. ജലീല്‍ പരാതി കൊടുത്ത ഉടന്‍ കേസ് പ്രാഥമിക അന്വേഷണം പോലും നടത്തിയില്ല. ഇതെല്ലാം കാണുമ്പോള്‍ എങ്ങനെ ലജ്ജിക്കാതിരിക്കും. ഇതിനിടയിലാണ് കറുപ്പിന് ഏഴഴക് എന്ന ചൊല്ലുപോലെ മുഖ്യമന്ത്രിയുടെ മൊഴി ഉതിര്‍ന്നത്. പരിപാടികളുടെ അവസാന ചടങ്ങില്‍. ലജ്ജ എന്ന വികാരം വിട്ട് ഭയത്തില്‍ മുഴുകിയിരിക്കുന്ന ആളോട് എന്ത് പറയാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: