അനുരാഗ് താക്കൂര്‍
ഒരു രാജ്യത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ എട്ടുവര്‍ഷം എന്നതു വളരെ ചെറിയ കാലയളവാണ്. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ ഉയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കഴിഞ്ഞു. നഷ്ടപ്പെട്ട അഭിമാനവും അന്തസ്സും വിശ്വഗുരു എന്ന ഇന്ത്യയുടെ മഹത്വവും പുനഃസ്ഥാപിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ നേതൃത്വം ഒമ്പതാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍, ലോകവേദികളിലും കൂടുതല്‍ ഉയരങ്ങളിലേക്കു കടക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ ഭാഗധേയം ഉറപ്പോടെ നിര്‍ണയിക്കപ്പെട്ടിരിക്കുന്നു.
പരമ്പരാഗത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കു മുകളില്‍ ദേശീയ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കും വിധത്തിലുള്ള, പ്രധാനമന്ത്രി മോദിയുടെ ‘ഇന്ത്യ ആദ്യം’ എന്ന നയം വിദേശത്ത് രാജ്യത്തിന്റെ ഉയര്‍ച്ചയ്ക്കു നിദാനമായെന്നതില് സംശയമില്ല. ഹാര്‍ഡ് ആന്‍ഡ് സോഫ്റ്റ് പവര്‍ പ്രൊജക്ഷന്റെ സമര്‍ത്ഥമായ മിശ്രിതത്തോടൊപ്പം സാങ്കേതികവിദ്യയിലും അതിന്റെ പ്രയോഗത്തിലുമുള്ള ഇന്ത്യയുടെ വൈദഗ്ധ്യം നാലാം വ്യാവസായിക വിപ്ലവം ഇന്ത്യയില്ലാതെ കടന്നുപോകുന്നില്ലെന്ന് ഉറപ്പാക്കി. ‘ഇന്ത്യ ആദ്യം’ എന്ന നയം വാസ്തുവിദ്യയ്ക്കും കരുത്തുപകരുന്നു. ഇന്ത്യയുടെ നാഗരിക പൈതൃകത്തെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്ന മോദിയുടെ നയമാണ് ഇതിനുപിന്നിലും.
മുന്‍ സര്‍ക്കാരുകള്‍ ഇന്ത്യയുടെ സൗമ്യമായ കരുത്തിനെ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ആ ശ്രമങ്ങള്‍ക്കു പരിമിത സ്വാധീനമേ ഉണ്ടായിരുന്നുള്ളൂ. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക; അല്ലെങ്കില്‍ ഇന്ത്യയുടെ ബഹുമുഖമായ ആകര്‍ഷകത്വത്തെ ഒരു സ്മാരകത്തിലേക്കു മാത്രം പരിമിതപ്പെടുത്തുക; ഇന്ത്യയുടെ പൈതൃകമെന്ന നിലയില്‍ ജനപ്രിയ സംസ്കാരത്തിന്റെ ഏറ്റവും താഴ്ന്ന വിഭാഗത്തെ പ്രദര്‍ശിപ്പിക്കുക തുടങ്ങി സൗമ്യമായ രീതിയില്‍ കരുത്തു പ്രകടിപ്പിച്ചതിലൂടെ, വാസ്തവത്തില്‍ ഇന്ത്യയുടെ ഉയര്‍ച്ചയാണ് തടയപ്പെട്ടത്. എന്നാല്‍ പരസ്പരപൂരകമായ നിരവധി ഘടകങ്ങള്‍ ഉള്‍പ്പെടുത്തി, ഈ സമീപനത്തില്‍ വലിയ മാറ്റമാണു പ്രധാനമന്ത്രി മോദി കൊണ്ടുവന്നത്. യോഗ ഇതിനുദാഹരണമാണ്. ലോകത്തെ ഏതൊരു കുടുംബത്തിനും ‘യോഗ’ എന്ന പദം ഇപ്പോള്‍ പരിചിതമാണ്. ജൂണ്‍ 21 ‘അന്താരാഷ്ട്ര യോഗ ദിനം’ ആയി പ്രഖ്യാപിക്കാന്‍ യുഎന്നിനെ പ്രേരിപ്പിക്കാന്‍ മുന്‍കൈയെടുത്തതും മോദിയാണ്. ഈ പുരാതനഭൂവില് നിന്ന് ലോകത്തിനുള്ള സമ്മാനമായി അതു മാറി.
മുന്‍കാലങ്ങളില്‍, ‘വസുധൈവ കുടുംബകം’ എന്നത് അതിന്റെ കരുത്തുറ്റ ധാര്‍മികാര്‍ഥം നഷ്ടപ്പെട്ട വെറുമൊരു പദസമൂഹമായി മാറിയിരുന്നു. പുരാതന ഋഷിമാരുടെ അറിവില്‍ നിന്നു പിറവിയെടുത്തതും പുരാതന ഗ്രന്ഥങ്ങളില്‍ അടങ്ങിയിരിക്കുന്നതുമായ ഈ വചനത്തില്‍ ഇന്ത്യ വിശ്വസിക്കുക മാത്രമല്ല, അതില്‍ ജീവിക്കുകയും ചെയ്യുന്നുവെന്നു പ്രധാനമന്ത്രി മോദി തെളിയിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ അയല്‍ക്കാരെയും വിദൂര രാജ്യങ്ങളെയും സഹായിക്കാന്‍ ഇന്ത്യ മുന്നോട്ടുവന്നു. ഒരു രാഷ്ട്രമെന്ന നിലയിലും നാഗരികതയെന്ന നിലയിലും നാം വ്യത്യസ്തരാണെന്നു ലോകത്തിനു കാണിച്ചുകൊടുത്ത, സമീപകാല ഇന്ത്യയുടെ ഏറ്റവും മികച്ച നിമിഷമായിരുന്നു ‘വാക്സിന് മൈത്രി’.
മഹാമാരിക്കാലത്തെ സഹായത്തിനു മാത്രമല്ല, ‘വസുധൈവ കുടുംബക’ത്തെ നാം മുന്നോട്ടുവച്ചത്. നേപ്പാളില്‍ ഭീകരമായ ഭൂകമ്പമുണ്ടായപ്പോള്‍, ആദ്യം തന്നെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ രാജ്യമാണ് ഇന്ത്യ. ശ്രീലങ്ക പ്രക്ഷുബ്ധമായ സമയങ്ങളിലൂടെ കടന്നുപോകുമ്പോള്‍, പ്രതിസന്ധി മറികടക്കാനും സഹായിക്കാനും ഇന്ത്യ മുന്നോട്ടു വന്നു. കാബൂളിന്റെ പതനത്തിനും താലിബാന്റെ ഉയര്‍ച്ചയ്ക്കും ശേഷം ലോകം അഫ്ഗാനിസ്ഥാനില്‍ നിന്നു മുഖം തിരിച്ചിരുന്നു. ഈ സുപ്രധാന സംഭവത്തിന്റെ സുരക്ഷാ പ്രത്യാഘാതങ്ങള്‍ പരിഗണിക്കാതെ തന്നെ, അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്കായി ഇന്ത്യ ഭക്ഷ്യസാമഗ്രികള്‍ നല്കി. മുന്‍കാലത്ത്, അഫ്ഗാനികള്‍ക്കു പാര്‍ലമെന്റ് മന്ദിരം സമ്മാനിച്ചതും അഫ്ഗാനിസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട അണക്കെട്ടുകളിലൊന്നു നിര്‍മ്മിച്ചതും ഇന്ത്യയാണ്.
‘വസുധൈവ കുടുംബകം’ എന്ന മഹത്തായ തത്വത്തില്‍ ജീവിക്കുന്ന ഇന്ത്യ, ലോകത്തെ നാംഎങ്ങനെ കാണുന്നുവെന്നതിലും അവരുമായി ഏതു രീതിയില്‍ ഇടപഴകുന്നു എന്നതിലും മൂല്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിലും പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടു വളരെ വലുതാണ്. ഉദാഹരണത്തിന്, ആഭ്യന്തര കാരണങ്ങളാല്‍ ഗോതമ്പു കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ പോലും, ആവശ്യമുള്ള രാജ്യങ്ങള്‍ക്കു പ്രത്യേക സാഹചര്യത്തില്‍ ഗോതമ്പു നല്‍കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുമാനം അടിവരയിടുന്നതു ലോകം ഒരു കുടുംബമാണെങ്കില്‍ ഭക്ഷ്യസുരക്ഷ ഇന്ത്യക്കു മാത്രമല്ല വേണ്ടതെന്ന ആഴത്തിലുള്ള ധാര്‍മിക വീക്ഷണമാണ്.
‘ഡിജിറ്റല്‍ ഇന്ത്യ’യുടെ ചരിത്രവും വിവരണാതീതമാണ്. സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ മൂന്നാമത്തെ ഏറ്റവും വലിയ രാജ്യമായ നമുക്ക് 100 യൂണികോണുകള്‍ എന്ന അഭിമാനാര്‍ഹ നേട്ടവുമുണ്ട്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഡിജിറ്റല്‍ പണമിടപാടുകള്‍ വളരെ ജനപ്രിയമാക്കിയ ഏറ്റവും മികച്ച യുപിഐകളിലൊന്നു നമ്മുടെ പക്കലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് പ്രതിരോധ കുത്തിവയ്പു പരിപാടി ഡിജിറ്റലായി നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദിയുടെ ‘ഡിജിറ്റല്‍ ഇന്ത്യ’ നയത്തിന്റെ ആണിക്കല്ലാണു ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍. മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തമായി, സാങ്കേതികവിദ്യ പങ്കിടാന്‍ നാം തയ്യാറാണ്. പുനരുപയോഗ സാധ്യതകള്‍, വിശേഷിച്ചു സൗരോര്‍ജം, പ്രതിരോധശേഷിയുള്ള വികസനം, ഹരിത നിക്ഷേപം തുടങ്ങിയവയിലൂടെ കാലാവസ്ഥാമേഖലയില്‍, വൈമനസ്യം കാട്ടുന്നവര്‍ക്കു പ്രകാശഗോപുരമായി ഇന്ത്യ വര്‍ത്തിക്കുന്നു.
‘നമുക്കു കഴിയും’ എന്ന മോദിയുടെ തത്വത്തില്‍ പ്രചോദിതരായ, ‘യങ് ഇന്ത്യ’യുടെ മികച്ച ഉദാഹരണങ്ങളായ, കായികതാരങ്ങള്‍ നാം മുമ്പു സ്വപ്നം മാത്രം കണ്ടിരുന്ന പതക്കങ്ങള്‍ ഇന്ത്യയിലെത്തിച്ചു. സര്‍ഗാത്മകതയും സംസ്കാരവും സാങ്കേതികവിദ്യയും സംയോജിപ്പിച്ച് ആഗോളതലത്തിലെ മികച്ചവരുമായി മത്സരിക്കാന്‍ കഴിയുന്ന ലോകോത്തര ഉള്ളടക്കം നിര്‍മിക്കാന്‍ നമ്മുടെ അതിശക്തമായ ചലച്ചിത്ര വ്യവസായം മുന്നോട്ടു വന്നു. ലോകമെമ്പാടുമുള്ള ഉള്ളടക്ക നിര്‍മ്മാതാക്കള്‍ക്ക് അനുയോജ്യ വേദിയായ ഇന്ത്യയെ ‘ഉള്ളടക്ക ഉപഭൂഖണ്ഡ’മാക്കി മാറ്റാന്‍ വിനോദ മാധ്യമങ്ങളും സാങ്കേതികവിദ്യയും തടസ്സങ്ങളില്ലാതെ കൂട്ടിയിണക്കി. ഉള്ളടക്കത്തിന്റെ ഏറ്റവും വലിയ ഉപഭോക്താവും ഉത്പാദകരുമാകാന് ഇന്ത്യ ഒരുങ്ങുകയാണ്. ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്ര മേളയില്‍ ‘കണ്ട്രി ഓഫ് ഹോണര്‍’ ആയി തെരഞ്ഞെടുത്തതിലൂടെയും ഇന്ത്യ അംഗീകരിക്കപ്പെട്ടു.
ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള ദൗത്യത്തിനും ഇന്ത്യയിന്നു തയ്യാറാണ്. ഇന്ത്യക്കു സൂപ്പര്‍സോണിക് മിസൈലുകളും വിമാനവാഹിനിക്കപ്പലുകളും നിര്‍മിക്കാനാകും. ഏറ്റവും മികച്ച സര്ഗാത്മകചിന്തകള് സൃഷ്ടിക്കാനും കഴിയും. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വേഗത്തില്‍ നികത്താനാകും. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു മഹാമാരിയെ ഫലപ്രദമായി കൈകാര്യം ചെയ്യാനും മറ്റാരെക്കാളും വേഗത്തില്‍ സമ്പദ് വ്യവസ്ഥ പുനരാരംഭിക്കാനും കഴിയും. ദാരിദ്ര്യവും അസമത്വവും ഫലപ്രദമായി കുറയ്ക്കാന്‍ സാധിക്കും. കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി തലയുയര്‍ത്തി നില്‍ക്കാനും ഇന്ത്യക്കു കഴിയും.
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, വരാനിരിക്കുന്ന ദശകങ്ങളില്‍ പരിധികളില്ലാത്ത ഉയര്‍ച്ചയ്ക്കാണ് ഈ എട്ടു വര്‍ഷത്തിനിടെ പ്രധാനമന്ത്രി മോദി അടിത്തറയിട്ടത്. ഇന്ത്യ അഭിവൃദ്ധിപ്പെടുകയും ലോകരാഷ്ട്രങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യയുടെ മഹത്വം ഉയരുകയും ചെയ്യും. ഇന്നിന്റെ ലോകത്ത് ഒരു പുരാതന നാഗരികത അതിന്റെ ശരിയായ സ്ഥാനം ഏറ്റെടുക്കുമ്പോള്‍, ആത്മവിശ്വാസമുള്ളതും സ്വയംപര്യാപ്തമായതും പ്രചോദനാത്മകവുമായ ഒരു രാഷ്ട്രമെന്ന നിലയില്‍, ഇന്ത്യ ‘വിശ്വഗുരു’വായി അംഗീകരിക്കപ്പെടും. ഇന്ത്യയുടെ ഭാഗധേയം യഥാര്‍ഥത്തില്‍ തിരുത്തിക്കുറിച്ചിരിക്കുകയാണു പ്രധാനമന്ത്രി മോദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: