തിരുവനന്തപുരം: കൈനിക്കര കുമാരപിള്ള സ്വപ്നത്തില്‍ പറഞ്ഞ ആവശ്യവും മൂകാംബിക ദേവി ആയുസ്സ് നീട്ടി തന്നതുമാണ് ‘ശ്രീരാമചരിതമാനസം’ മലയാളത്തിലെഴുതാന്‍ കാരണമെന്ന് കവിയും ഹിന്ദി അധ്യാപകനമായ സി ജി രാജഗോപാല്‍. 80-ാം വയസ്സിലാണ് തുളസീ രാമായണ വിവര്‍ത്തനം തുടങ്ങിയത്. 26,152 വരിയും 46 സംസ്കൃത ശ്ളോകങ്ങളുടേയും വിവര്‍ത്തനം അഞ്ചര വര്‍ഷം എടുത്ത് പൂര്‍ത്തീകരിച്ചു. പറഞ്ഞു ബോധ്യപ്പെടുത്താന്‍ പ്രയാസമുള്ള ചില കാര്യങ്ങള്‍ രചനയക്ക് പിന്നിലുണ്ട്. നവതി പിന്നിട്ട സി ജി രാജഗോപലിനെ ആദരിക്കാന്‍ ബാലഗോകുലം സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം മനസ്സു തുറന്നു.
‘വിദ്യാഭ്യാസ വിചക്ഷണനും നാടകകൃത്തും ഉപന്യാസകാരനുമായ കൈനിക്കര കുമാരപിള്ള ഹിന്ദി അധ്യാപകനായിരുന്ന എന്നോട് ‘രാമചരിതമാനസം’ മലയാളത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു. അന്ന് വയസ്സ് 30. അര നൂറ്റാണ്ടിനുശേഷം കൈനിക്കര മരിച്ചിട്ട് 22 വര്‍ഷം കഴിഞ്ഞ്, ഒരു സ്വപ്ന ദര്‍ശനം. കുമാരപിള്ള സാര്‍ ‘അതു ചെയ്തോ’ എന്നു ചോദിക്കുകയും ‘ഇല്ല’ എന്ന ഞാന്‍ മറുപടി നല്‍കുകയും ചെയ്തു. ‘അതു ചെയ്യണം ‘ എന്നു പറഞ്ഞ് അദ്ദേഹം മറഞ്ഞു. ഞെട്ടിയുണര്‍ന്നു ഞാന്‍ ലൈറ്റിട്ടു. രാത്രിയുടെ അന്ത്യയാമം. വാര്‍ധക്യ സഹജമായ അലസത വെടിഞ്ഞ് ആ സരസ്വതി യാമത്തില്‍ തന്നെ വിവര്‍ത്തനം. തുടങ്ങി. കുറച്ചു പേജുകള്‍ വിവര്‍ത്തനം ചെയ്തു ക ഴിഞ്ഞപ്പോള്‍ , അവിചാരിതമായി എന്റെ ജാതകം നോക്കാനായി. അതില്‍ ആയുസ്സ് പറഞ്ഞിരിക്കുന്നത് 79. അപ്പോള്‍ തന്നെ പ്രായം 80 ഉം. എഴുതിയാല്‍ തന്നെ പൂര്‍ത്തിയാക്കാന്‍ പറ്റില്ലന്ന് മനസ്സു പറഞ്ഞു. അതുവരെ എഴുതിയതുമായി മൂകാംബികയ്ക്ക് വിട്ടു. എഴുതിയ പേപ്പറുകള്‍ പൂജാരിയെ ഏല്പിച്ച് കാര്യം പറഞ്ഞു. പൂജിച്ച ശേഷം പ്രസാദം നല്കിയപ്പോള് അദ്ദേഹം പറഞ്ഞു പുസ്തക രചന പൂര്‍ത്തിയാക്കുമെന്ന്.അങ്ങനെ മൂകാംബിക ദേവി നീട്ടിത്തന്ന ആയുസാണ് രാമചരിതമാനസം മലയാളത്തിലാകാന്‍ കാരണം’
ബാലഗോകുലം, തപസ്യ, വിചാരകേന്ദ്രം തുടങ്ങിയ സംഘടനകളുമായുള്ള ദീര്‍ഘ നാളത്തെ ബന്ധം ഓര്‍ത്തെടുത്ത സി ജി രാജഗോപാല്‍, പി പരമേശ്വരന് ആവശ്യപ്പെട്ടതനുസരിച്ച് ഒരു ലക്ഷം ഭഗവത് ഗീത വിതരണം ചെയ്യാനായി നടത്തിയ പരിശ്രമങ്ങളും ജെ നന്ദകുമാറിന്റെ നേതൃത്വത്തില്‍ ‘ഗുരുജി സാഹിത്യം’ തര്‍ജ്ജിമ ചെയ്തപ്പോളുണ്ടായ രസകരമായ അനുഭവങ്ങളും പങ്കുവെച്ചു.
ബാലഗോകുലം ഉപാധ്യക്ഷന്‍ വി ഹരികുമാര്‍ പുരസ്ക്കാരം സമ്മാനിച്ചു. സംസ്ഥാന സമിതിയംഗം ഡി നാരായണ ശര്‍മ്മ പൊന്നാട അണിയിച്ചു. സംഘടനാ സെക്രട്ടറി എ.രഞ്ചുകുമാര്‍, സംസ്ഥാന സമിതിയംഗം പി ശ്രീകുമാര്‍, മേഖല സെക്രട്ടറി കെ.സുനില്‍കുമാര്‍, സംഘടനാ സെക്രട്ടറി എ രാജന്, മുന്‍ ജില്ലാ അധ്യക്ഷന്‍ ഹരിഹരന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: