തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകണമെങ്കില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുമതി നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിളപ്പില്‍ശാലയിലെ വികസന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സില്‍വര്‍ലൈന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് നിരന്തരം അറിയിച്ചിട്ടും പദ്ധതിയുമായി മുന്നോട്ട് പോകാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധങ്ങളും നടന്നുവരികയാണ്. അതിനിടെയാണ് പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയത്.
സില്‍വര്‍ ലൈന്‍ കേന്ദ്രം അനുമതി നല്കിയെങ്കില് മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സാധിക്കൂ. എന്നാല്‍ ഇവിടെ ബിജെപി പ്രവര്‍ത്തകര്‍ പദ്ധതിക്കെതിരെ സമരം ചെയ്യുമ്പോള്‍ കേന്ദ്രം അനുമതി നല്കാന് മടിച്ചു നില്‍ക്കുമെന്നും, കേന്ദ്ര സര്‍ക്കാരിനേയും സംസ്ഥാന ബിജെപി നേതൃത്വത്തേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. നമ്മുടെ വികസന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതല്ല കേന്ദ്ര നിലപാട്. ജനജീവിതം മെച്ചപ്പെടുത്തുന്ന കാര്യങ്ങളെ ജനം അംഗീകരിക്കൂ. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നവര്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ട്.
വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് തങ്ങള്‍ക്ക് ദോഷം ചെയ്യുമോയെന്ന് പ്രതിപക്ഷത്തിന് ഭയമുണ്ട്. സങ്കുചിത നിലപാടാണ് പ്രതിപക്ഷത്തിന്റേത്. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തില്‍ നമ്മള് നിശ്ശബ്ദരാകരുത്. എന്താണോ അവരുടെ ഉദ്ദേശം അത് തുറന്ന് കാട്ടാനാകണം. സ്വകാര്യ നിക്ഷേപത്തിന് വരുന്നവരെ ശത്രുവായി കാണരുത്.
സമൂഹത്തില്‍ വലതുപക്ഷ ശക്തികള്‍ വര്‍ഗീയ, ജാതീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. ഇതിനെ നല്ല രീതിയില്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനാകണം. പ്രകടന പത്രികയിലെ വാഗ്ദങ്ങള്‍ വിപുലപ്പെടുത്തും. തുടര്‍ ഭരണം കിട്ടിയ സാഹചര്യത്തില്‍ ജനജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ട്. ജനതാത്പര്യം സംരക്ഷിക്കാനാണ് എപ്പോഴും നിലകൊണ്ടത്. അഞ്ച് വര്‍ഷത്തെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത് ബാധ്യതയാണ്.
തുടര്‍ഭരണം ജനം നല്കിയ പിന്തുണയാണ്. കേരളത്തിന്റെ വികസനത്തിവ് അഞ്ച് വര്‍ഷം മതിയോ എന്ന ചിന്തയില്‍ നിന്നാണ് 25 വര്‍ഷം മുന്നില്‍ കണ്ടുള്ള വികസന പദ്ധികള്‍ നടപ്പിലാക്കുന്നത്. ലോകത്തിലെ വികസന മധ്യവര്‍ഗ രാഷ്ട്രങ്ങളെ പോലെ കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: