മലപ്പുറം:കെഎസ്ആര്‍ടിസി ഇപ്പോള്‍ വേറിട്ട യാത്രാനുഭവങ്ങളുടെ കൂടി പേരാണ്. ടൂറിസത്തിനായി ആനവണ്ടി ഉപയോഗിക്കുന്ന പുതിയ പദ്ധതിയുടെ ഭാഗമായി മലപ്പുറത്ത് നിന്നും ഊട്ടിയ്ക്ക് കീശ കീറാതെ ഒരു യാത്ര പോകാനാവും. ടിക്കറ്റ് വില വെറും 174 രൂപ.
ദിവസേനയുണ്ട് ഈ ഊട്ടി ട്രിപ്പ്. രാവിലെ 11 മണിക്കാണ് ബസ് പുറപ്പെടുക. വേനല്‍ക്കാലത്താണ് ഈ യാത്ര അടിപൊളിയാവുക. മലപ്പുറത്ത് നിന്നും മഞ്ചേരി വഴിയ എടവണ്ണ സ്പര്‍ശിച്ച് നിലമ്പൂരെത്തിയാല്‍ തണുപ്പ് തുടങ്ങുകയായി. ഉച്ചഭക്ഷണം വഴിക്കടവില്‍ വെച്ചാണ്.
പിന്നെ നാടുകാണിച്ചുരം കയറിയിറങ്ങുകയായി. ബസിലെ മ്യൂസിക് സിസ്റ്റത്തില്‍ നിന്നും നല്ല പാട്ടുകള്‍ കേള്‍ക്കാം. ഗൂഡല്ലൂരില്‍ അല്പനേരം വിശ്രമം. വൈകീട്ട് നാല് മണിക്ക് ഊട്ടിയിലെത്തും.
ഇവിടെ നിന്നും ബൊട്ടാണിക്കല്‍ ഗാര്ഡന്, ബോട്ട് ഹൗസ് എന്നിവിടങ്ങളിലേക്ക് നടന്നുപോകാം. മീറ്റര്‍ ഗേജ് ട്രെയിന്‍ ഓടുന്ന ഊട്ടിയിലെ പ്രസിദ്ധ റെയില്‍വേസ്റ്റേഷനും അടുത്താണ്. ഊട്ടിയില്‍ നിന്നും ബസിന്റെ മടക്കയാത്ര വൈകീട്ട് 4.40നാണ്. രാത്രി പത്ത് മണിയോടെ മലപ്പുറത്ത് തിരിച്ചെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: