ന്യൂദല്‍ഹി: ഇപ്പോള്‍ ഇഡി ചോദ്യം ചെയ്യല്‍ തുടങ്ങിക്കഴിഞ്ഞ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും ഏഴ് വര്‍ഷം വരെ ജയില്‍ശിക്ഷ കിട്ടിയേക്കാമെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. ഡോടെക്സ് കമ്പനിയുടെ അക്കൗണ്ട് വിവരമനുസരിച്ച് വിദേശവിനിമയത്തിന്റെ കാര്യത്തില്‍ വന്‍ വീഴ്ചയാണ് ഇവര്‍ നടത്തിയതെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കുന്ന കാര്യത്തില്‍ ഇഡിയുടെ ശിക്ഷ കര്‍ശനമാണെന്നും സുബ്രഹ്മണ്യം സ്വാമി ഓര്‍മ്മിപ്പിച്ചു. റിപ്പബ്ലിക് ടിവിയുമായി നടത്തിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യം സ്വാമിയുടെ ഈ വെളിപ്പെടുത്തല്‍.
പാര്‍ട്ടി ഫണ്ട് ദുരുപയോഗം ചെയ്തു എന്ന് കാട്ടി സോണിയയെയും രാഹുലിനെയും നാഷണല്‍ ഹെറാള്‍ഡ് കേസിലേക്ക് കൊണ്ടുവന്നത് സുബ്രഹ്മണ്യം സ്വാമിയാണ്. “ഇത് ഒരു വലിയ അഴിമതിയാണ്. തുടക്കത്തില്‍ യംഗ് ഇന്ത്യന്‍ എന്ന കമ്പനിയില്‍ അഞ്ച് ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ഥാപിതമാകുന്ന സമയത്ത് യംഗ് ഇന്ത്യ കോണ്‍ഗ്രസിന് 50 ലക്ഷം രൂപ കൊടുക്കേണ്ടതുണ്ടായിരുന്നു. പെട്ടെന്ന് യംഗ് ഇന്ത്യന്‍ കൊല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡൊട്ടെക്സ് എന്ന കമ്പനിയില്‍ നിന്നും ഒരു കൂടി രൂപ വായ്പയായി ലഭിച്ചെന്ന് പറയപ്പെടുന്നു. ഇതില്‍ നിന്നും 50 ലക്ഷം കോണ്‍ഗ്രസിനും കൊടുത്തു. പത്രങ്ങളിലും മറ്റും വായ്പ എന്നാണ് പ്രചരിച്ചിരുന്നതെങ്കിലും ഡോടെക്സ് കമ്പനിയുടെ രേഖകളില്‍ സംഭാവനയെന്ന നിലയ്ക്ക് ഒരു കോടിയും പിന്നെ 50 ലക്ഷവും കൊടുത്തു എന്നാണ് കാണിച്ചിരിക്കുന്നത്”- സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
“എന്തടിസ്ഥാനത്തിലാണ് അവര്‍ ഈടോ പലിശയോ നിക്ഷേപമോ ഇല്ലാതെ കോണ്‍ഗ്രസിന് 50 ലക്ഷം രൂപ കൊടുത്തത്. ഞാന്‍ ഇഡിയ്ക്ക് പരാതി നല്കി. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ മനസ്സിലായത് വിദേശ കറന്‍സിക്ക് ബദലായാണ് ഈ തുക കൊടുത്തത് എന്നാണ്. അവര്‍ വിദേശ വിനിമയത്തിന്റെ കാര്യത്തില്‍ ഒരു വലിയ തട്ടിപ്പ് നടത്തിയെന്നാണ് വെളിവാക്കപ്പെട്ടത്. ഇതിന് പരിഹാരമില്ല. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ കാര്യത്തില്‍ ഇഡിയുടെ ശിക്ഷ കര്‍ശനമായതിനാല്‍ അവര്‍ ശിക്ഷിക്കപ്പെടും എന്നുറപ്പാണ്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിച്ചേക്കാം. കാരണം ഇവരാണ് യംഗ് ഇന്ത്യന്‍ എന്ന കമ്പനിയിലെ പ്രധാന ഓഹരിയുടമകള്‍. “- സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
എന്താണ് നാഷണല്‍ ഹെറാള്‍ഡ് കേസ്?
1938ല്‍ ജവഹര്‍ലാല്‍ നെഹ്റു ആരംഭിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രം 2008ലാണ് അടച്ചുപൂട്ടിയത്. കോണ്‍ഗ്രസിന്റെ മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെയും നടത്തിപ്പുകാരായിരുന്ന അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ (എജെഎല്‍)യും കോടികളുടെ ആസ്തി ബാധ്യതകള്‍ നിസ്സാര വിലയ്ക്ക് സോണിയയും രാഹുലും അടക്കമുള്ള ഏതാനും കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലുള്ള യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി സ്വന്തമാക്കി. 2010ലാണ് യങ് ഇന്ത്യന്‍, അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ 90.25 കോടിയുടെ ബാധ്യതകള്‍ യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തത് 50 ലക്ഷം രൂപ മാത്രം നല്‍കിയായിരുന്നു.
യങ് ഇന്ത്യയുടെ 38 ശതമാനം വീതം ഓഹരികള്‍ സോണിയായുടേയും രാഹുലിന്റെയും പേരിലാണ്. മറ്റുള്ള കോണ്‍ഗ്രസ് നേതാക്കളെ പേരിനു മാത്രം ഉള്‍ക്കൊള്ളിച്ചു.
സോണിയ, മക്കളായ രാഹുല്‍, പ്രിയങ്ക വാദ്ര എന്നിവര്‍ പ്രധാന ഓഹരി ഉടമകളായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിക്ക് ഇപ്പോഴുള്ളത് 800 കോടി രൂപയുടെ ആസ്തി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രാഥമിക അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. 2010ല്‍ അഞ്ചു ലക്ഷം രൂപയുടെ ഓഹരി മൂലധനമായാണ് കമ്പനി ആരംഭിച്ചത്. രാഹുലിനു മാത്രം യങ് ഇന്ത്യയില്‍ 154 കോടി രൂപയുടെ ഓഹരികളുണ്ടെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ 68 ലക്ഷം രൂപയുടെ ഓഹരികളാണെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. 2011-12 വര്‍ഷത്തില്‍ യങ് ഇന്ത്യന്‍ 249.15 കോടി രൂപയുടെ ഡിമാന്‍ഡ് നോട്ടീസ് ആദായനികുതി വകുപ്പ് നല്‍കിയിട്ടുണ്ട്.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ (എംജെഎല്‍) ഉടമസ്ഥതയിലുള്ള ദല്‍ഹി, മുംബൈ, പഞ്ച്കുല, ലഖ്നൗ, പട്ന എന്നീ പ്രധാന നഗരങ്ങളിലെ ഓഫീസുകള്‍ 2008ല്‍ പ്രസിദ്ധീകരണം നിര്‍ത്തിയതോടെ വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങുകയായിരുന്നു. ഈ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ സഹായത്തോടെയാണ് തുച്ഛമായ തുകയ്ക്ക് ഈ സ്വത്തുക്കള്‍ ഏറ്റെടുത്തത്. കമ്പനി നിലവില്‍ വരുമ്പോള്‍ അഞ്ച് ലക്ഷം രൂപ മാത്രമാണ് ഓഹരി മൂലധനത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് കൊല്‍ക്കത്ത ആസ്ഥാനമായ ഒരു ഷെല്‍ കമ്പനിയില്‍ നിന്ന് ഒരു കോടി രൂപ വായ്പയും സ്വന്തമാക്കി. സോണിയയും രാഹുലും പ്രിയങ്കയുമാണ് യങ് ഇന്ത്യയുടെ ഭൂരിഭാഗം ഓഹരിയുടെയും ഉടമകള്‍. യങ് ഇന്ത്യ എജെഎല്‍ ഏറ്റെടുത്തതിനെ ചോദ്യം ചെയ്ത് ദല്‍ഹി ഹൈക്കോടതിയില്‍ ആദായനികുതി വകുപ്പ് സമര്‍പ്പിച്ച 2017ലെ മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ടില്‍ ഈ വിശദാംശങ്ങളുണ്ട്.
ആദായ നികുതി വകുപ്പിന്റെ ആരോപണങ്ങള്‍ ഹൈക്കോടതി സാധൂകരിക്കുകയും യങ് ഇന്ത്യയുടെ ഭൂരിഭാഗം ഓഹരി ഉടമകളായ സോണിയയുടെയും രാഹുല്‍ ഗാന്ധിയുടെയും ഐടി റിട്ടേണുകള്‍ വീണ്ടും പരിശോധിക്കാന്‍ അനുവദിക്കുകയും ചെയ്തു. ഒരു ചാരിറ്റബിള്‍ നോണ്‍ പ്രോഫിറ്റ് ഓര്ഗനൈസേഷന് എന്ന നിലയില്‍ നികുതി അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ട കമ്പനിയായിരുന്നു യങ് ഇന്ത്യന്‍. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന 2011 മാര്‍ച്ച് 29നാണ് കമ്പനി നികുതി അടയ്ക്കുന്നതില്‍ നിന്ന് ഇളവിനായി അപേക്ഷിച്ചത്. 2011 മെയ് ഒന്‍പതിന്, 2010- 11 മുതല്‍ പ്രാബല്യത്തോടെ കമ്പനിക്ക് നികുതി ഇളവ് ലഭിച്ചു. ആനുകൂല്യത്തിന് അപേക്ഷിക്കാന്‍ കഴിയാത്ത സമയത്തായിരുന്നു ഈ ഇളവ് ലഭിച്ചതെന്നതും പ്രധാനമാണ്. പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനുപകരം വാണിജ്യ നേട്ടങ്ങള്‍ക്കായി മൂല്യനിര്ണ്ണയക്കാരന് വസ്തു ഉപയോഗിച്ചതായി കണ്ടെത്തിയതോടെ അലോട്ട്മെന്റ് വ്യവസ്ഥയുടെ ലംഘനം ചൂണ്ടിക്കാട്ടി ദല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസിന്റെ വാടക രേഖ ഭവന, നഗര വികസന മന്ത്രാലയം റദ്ദാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: