കൊച്ചി: ഷാജ് കിരണ്‍ ബിലീവേഴ്സ് ചര്‍ച്ചിന് വേണ്ടി സ്വപ്ന സുരേഷ് ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ലൈസന്‍സ് ഉപയോഗിച്ച് വിദേശഫണ്ട് കടത്താന്‍ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തല്‍. സ്വപ്ന സുരേഷ് ഇപ്പോള്‍ ജോലി ചെയ്യുന്ന എച്ച്ആർഡിഎസ് എന്ന ചാരിറ്റി സംഘടനയുടെ സെക്രട്ടറി അജി കൃഷ്ണനാണ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ഇങ്ങിനെ ബിലീവേഴ്സ് ചര്‍ച്ചിന് വേണ്ടി വിദേശ ഫണ്ട് കേരളത്തില്‍ എത്തിച്ചാല്‍ 20 ശതമാനം വരെ കമ്മീഷന്‍ ഷാജ് കിരണ്‍ വാഗ്ദാനം ചെയ്തിരുന്നതായും അജി കൃഷ്ണന്‍ പറഞ്ഞു. വിദേശഫണ്ട് സ്വീകരിക്കാനുള്ള എഫ് സിആര്‍എ ലൈസന്‍സ് ബിലീവേഴ്സ് ചര്‍ച്ചിന് നഷ്ടപ്പെട്ടതിനാലാണ് ച്ച്ആർഡിഎസിന്റെ ലൈസന്‍സ് ഉപയോഗിച്ച് വിദേശഫണ്ട് എത്തിക്കാന്‍ ഷാജ് കിരണ്‍ ആവശ്യപ്പെട്ടത്. ബിലീവേഴ്സ് ചര്‍ച്ചിന്റെ ആശുപത്രികളുടെയും മറ്റു സ്ഥാപനങ്ങളുടെയും ഡയറക്ടര്‍ ബോര്‍ഡ് അംഗമായാണ് ഷാജ് കിരണ്‍ സ്വയം പരിചയപ്പെടുത്തിയതെന്നും അജി കൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ അത് സമ്മതിച്ചില്ലെന്നും അജി കൃഷ്ണന്‍ പറഞ്ഞു.
സ്വപ്നയുടെ ജോലി കളയാന്‍ സമ്മര്‍ദ്ദങ്ങള്‍ നടക്കുന്നതിനാല്‍ ഇര എന്ന രീതിയിൽ സ്വപ്നയെ സംരക്ഷിക്കേണ്ട ചുമതല എച്ച്ആർഡിഎസിനുണ്ടെന്ന് സെക്രട്ടറി അജി കൃഷ്ണൻ വ്യക്തമാക്കി. എച്ച്ആർഡിഎസിന്റെ പ്രവർത്തനം സുതാര്യമാണെന്നും പോലീസ് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും അജി കൃഷ്ണൻ അറിയിച്ചു. സ്വപ്നയുടെ സുരക്ഷ ഉറപ്പുവരുത്താനായി ഡൽഹിയിൽ നിന്നുള്ള രണ്ട് സുരക്ഷാ ജീവനക്കാരെ നിയമിച്ചത് എച്ച്ആർഡിഎസ് ആണെന്നും അജി കൃഷ്ണൻ അറിയിച്ചു.
സംഘടനയുടെ സംഘപരിവാർ ബന്ധം സംബന്ധിച്ച ചോദ്യങ്ങളോട് ആർഎസ്എസ് ബന്ധം മോശം കാര്യമാണോ എന്നായിരുന്നു അജി കൃഷ്ണന്റെ മറുചോദ്യം. സ്വപ്നയുടെ നീക്കങ്ങൾക്ക് പിന്നിൽ എച്ച്ആർഡിഎസ് ആണെന്ന് കേസുമായി ബന്ധപ്പെട്ടവർ ആരോപിക്കുന്ന സാഹചര്യത്തിലാണ് അജി കൃഷ്ണന്റെ പ്രതികരണം. എന്നാൽ സ്വപ്ന കോടതിയിൽ രഹസ്യമൊഴി നൽകിയ സംഭവത്തിലും അഭിഭാഷകനെ നിയമിച്ചതിലും എച്ച്ആർഡിഎസിന് പങ്കില്ലെന്നും അജി കൃഷ്ണൻ കൂട്ടിച്ചേർത്തു. എന്നാൽ ഇര എന്ന നിലയിലും സ്ഥാപനത്തിലെ ജീവനക്കാരി എന്ന നിലയിലും സ്വപ്നയെ സംരക്ഷിക്കുമെന്നും അജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: