ബംഗളൂരു: ഏഷ്യന്‍ ആനകളില്‍ ഏറ്റവും നീളം കൂടിയ കൊമ്പുകള്‍ ഉണ്ടായിരുന്ന കബനി ബോഗേശ്വര എന്ന കൊമ്പന് ചരഞ്ഞു. കബനി കായലിലെ വിനോദസഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട കൊമ്പന്മാരില് ഒരാളായ ബോഗേശ്വരയ്ക്ക് അറുപതു വയസ് പ്രായമാണ് കണക്കാക്കുന്നത്. വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ കാരണമാണ് അന്ത്യം. നാഗര്‍ഹോളെയിലും ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലും സഞ്ചാരികളുടെ സ്ഥിരം കാഴ്ചയായിരുന്നു സൗമ്യനായ ഗജ ഭീമന്. ഈ പ്രദേശത്ത് താമസിക്കുന്ന ആദിവാസികള്‍ക്കും നാട്ടുകാര്‍ക്കും ഈ കൊമ്പന് ഒരു കാഴ്ചയായിരുന്നു.
ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെ ഗുന്ദ്രേ റേഞ്ചില്‍ രാവിലെ ഒന്‍പതരയോടെയാണ് ബോഗേശ്വറിനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ രണ്ടുദിവസത്തെ പഴക്കമുണ്ട്. പരിക്കുകളൊന്നും ഇല്ലെന്നും സ്ഥിരീകരിച്ചതായി ബിടിആര്‍ ഡയറക്ടര്‍ രമേഷ് കുമാര്‍ വ്യക്തമാക്കി. നിരവധി വൈല്‍ഡ് ലൈഫ് ഡോക്യുമെന്ററികളില്‍ ഈ കൊമ്പന്റെ ജീവിതകഥ അവതരിപ്പിച്ചിട്ടുണ്ട്. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നിര്‍ദ്ദേശിച്ച നടപടിക്രമങ്ങള്‍ അനുസരിച്ച്, ഈ കൊമ്പന്റെ കൊമ്പുകള്‍ നീക്കം ചെയ്ത് കൂടുതല്‍ പരിശോധനയ്ക്കായി മൈസൂരു ഡിപ്പോയിലേക്ക് അയച്ചിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് ബോഗേശ്വറിന്റെ കൊമ്പുകള്‍ക്ക് 2.58 മീറ്ററും 2.35 മീറ്ററും വലിപ്പമുണ്ട്. ബോഗേശ്വരിന്റേതാണോ ഏറ്റവും നീളം കൂടിയ കൊമ്പുകള്‍ എന്നറിയാന്‍ റെക്കോര്‍ഡ് ബുക്കുകള്‍ പരിശോധിച്ച് വരികയാണെന്ന് വനംവുകപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ക്ഷേത്രവും വേട്ട വിരുദ്ധ ക്യാമ്പും സ്ഥിതി ചെയ്യുന്ന ബോഗേശ്വര് ക്യാമ്പിന് സമീപം സ്ഥിരമായ കണ്ടതിനെ തുടര്‍ന്നാണ് വനം വകുപ്പ് ജീവനക്കാരും ആദിവാസികളും ചേര്‍ന്ന് ആനയെ കബനി ബോഗേശ്വര് എന്ന് വിളിച്ചുതുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: