ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. പോലീസുകാരൻ കൊല്ലപ്പെട്ട ഭീകരാക്രമണ കേസിലെ പ്രതിയുൾപ്പെടെ മൂന്ന് ഭീകരരെയാണ് വധിച്ചത്. പുൽവാമയിലെ ദർഭഗം മേഖലയിലായിരുന്നു സംഭവം.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ എത്തിയ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ പുലർച്ചെവരെ നീണ്ടു. പ്രദേശത്ത് ഇപ്പോഴും പരിശോധന തുടരുകയാണെന്നാണ് വിവരം.
കൊല്ലപ്പെട്ടവരിൽ ഒരാൾ രണ്ട് പൊലീസുകാരെ വധിച്ച ലഷ്‌കർ ഇ ത്വയ്ബ ഭീകരനാണ്. . പുൽവാമ സ്വദേശിയായ ജുനൈദ് ഷീര്‍ഗോജ്രി ആണ് ഈ ലഷ്‌കർ ഇ ത്വയ്ബ ഭീകരന്‍. ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥരായിരുന്ന ജി ഹസൻ ദാർ, സൈഫുള്ള ഖാദ്രി എന്നിവരെ കൊലപ്പെടുത്തുകയും 9 വയസ്സുള്ള പെൺകുട്ടിയെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിലെ മുഖ്യസൂത്രധാരനാണ് ഇയാൾ.
പുൽവാമ സ്വദേശികളായ ഫൈസൽ നസീർ ഭട്ട്, ഇർഫാൻ മാലിക്ക് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് പേർ. ഇവരുടെ പക്കൽ നിന്നും എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.
ഇതോടെ ഈ വര്‍ഷം കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 100 ആയി. ഇതില്‍ 28 പേര്‍ പാകിസ്ഥാനികളാണ്. 47 സജീവ ഭീകരരെയും ഇവരുടെ കൂട്ടാളികളായ 185 പേരെയും അറസ്റ്റ് ചെയ്തു. ന്യൂനപക്ഷ സമുദായക്കാരായ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും എതിരെയും അന്യസംസ്ഥാനങ്ങളില്‍ നിന്നെയവരെയും ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ നടത്തി ഭീതി സൃഷ്ടിക്കുകയായിരുന്നു ഭീകരര്‍. ഇതിനെതിരെ ശക്തമായ നിലപാടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായി ഈയിടെ നടന്ന യോഗത്തില്‍ കൈക്കൊണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭീകരര്‍ക്കെതിരായ നീക്കം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: