കൊച്ചി : സ്വപ്ന സുരേഷിന്റെ ശബ്ദ രേഖയുടെ അടിസ്ഥാനത്തില്‍ ഷാജ് കിരണിനെയും ഇബ്രാഹിമിനെയും പോലീസ് ചോദ്യം ചെയ്യും. ഇരുവരോടും ഉടന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച നോട്ടീസ് നല്‍കും. നോട്ടീസ് നല്‍കുമെന്ന് പോലീസ് അറിയിച്ചതായി ഇബ്രാഹിം പറഞ്ഞു. ഷാജ് കിരണും ഇബ്രാഹിമും കഴിഞ്ഞദിവസം തമിഴ്നാട്ടിലേക്ക് കടന്നതാണ്, തിരിച്ചെത്തിയിട്ടില്ല.
സ്വപ്നയുമായുള്ള സംഭാഷണത്തിന്റെ വീഡിയോ ഡിലീറ്റ് ആയെന്നും അത് തിരിച്ചെടുക്കുന്നതിനായാണ് തമിഴ്നാട്ടില്‍ പോയതെന്നുമാണ് ഇരുവരുടേയും വാദം. വീഡിയോ തിരിച്ചു കിട്ടിയാല്‍ ഉടന്‍ കേരളത്തില്‍ എത്തുമെന്ന് ഷാജ് കിരണ്‍ പറഞ്ഞു. തന്നെ കെണിയില്‍ പെടുത്താന്‍ ഗൂഢാലോചന നടന്നെന്നും സ്വപ്നയുടെ ഫോണ്‍ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ഷാജ് കിരണ്‍ ഡിജിപിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇപ്പോള്‍ ചോദ്യംചെയ്യാനൊരുങ്ങുന്നത്.
സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖ ആധികാരികമാണോ എന്ന് പരിശോധിക്കണമെന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനയില്‍ തങ്ങളെ ഉള്‍പ്പെടുത്താന്‍ ശ്രമം നടന്നെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ പരാതി ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഗൂഢാലോചനയില്‍ ഇവര്‍ക്കും പങ്കുണ്ടോ എന്ന കാര്യവും പോലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവരെ പ്രതിയാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
സംസ്ഥാന സര്‍ക്കാരിനെതിരായ ഗൂഢാലോചനയില്‍ തന്നെയും സുഹൃത്തിനെയും കുടുക്കാന്‍ സ്വപ്ന ശ്രമിച്ചു. ശബ്ദരേഖയില്‍ കൃത്രിമം നടത്തി തങ്ങള്‍ക്ക് മാനനഷ്ടമുണ്ടാക്കി തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുള്ളത്. തമിഴ്നാട്ടില്‍ എത്തിയ ശേഷമാണ് ഷാജ് കിരണ്‍ അഭിഭാഷകന് മുഖേന പരാതി നല്‍കിയത്. വീഡിയോ സ്വപ്നയുമായി ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ച്ചയുടേത് ആണെന്നും തെറ്റായ വീഡിയോ സംബന്ധിച്ച സ്വപ്നയുടെ ആശങ്കകകള്‍ക്ക് അടിസ്ഥാനമില്ലെന്നും അത് സ്വപ്നയെ കൊണ്ട് മറ്റാരോ പറയിപ്പിക്കുന്നതാണെന്നുമായിരുന്നു ഇബ്രാഹിം കഴിഞ്ഞ ദിവസം പറഞ്ഞത്. ഷാജ് കിരണിനെതിരേ പോലീസ് നടപടിയുണ്ടാകാത്തത് അയാളുടെ ഉന്നത രാഷ്ട്രീയബന്ധങ്ങള്‍ക്കു തെളിവാണെന്നും ആരോപണമുണ്ട്.
അതേസമയം അഞ്ചുകമ്പനികളുടെ ഡയറക്ടറാണ് ഷാജ് കിരണ്‍. 20 കെ. അഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡ്, ഫാംകോ അഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രൈം ഗ്രോ അഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡ്, സ്വയംഭരം എന്റര്‍പ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സ്പ്രിങ് ഗിവര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഡയറക്ടറായാണ് ഷാജ് പ്രവര്‍ത്തിക്കുന്നത്.
മാധ്യമപ്രവര്‍ത്തകനായി ജോലിചെയ്തിരുന്ന ഷാജിന്റെ ചുരുങ്ങിയനാളിലെ വളര്‍ച്ചയ്ക്കുപിന്നില്‍ ദുരൂഹതകള്‍ ഏറെയുണ്ടെന്നാണ് ആരോപണം. ബിലീവേഴ്സ് ചര്‍ച്ചുമായി ബന്ധപ്പെട്ടാണ് ഷാജ് കിരണിനെ പരിചയപ്പെട്ടതെന്നാണ് സ്വപ്ന പറയുന്നത്. സ്വര്‍ണക്കടത്തുകേസിലെ പ്രതിയായിരുന്ന ശിവശങ്കറാണ് ഷാജിനെ പരിചയപ്പെടുത്തിയതെന്ന് പറഞ്ഞ സ്വപ്ന ബിലീവേഴ്സ് ചര്‍ച്ചിന്റെ ഡയറക്ടറെന്നു ഷാജ് അവകാശപ്പെട്ടിരുന്ന കാര്യവും മാധ്യമങ്ങളോടു പങ്കുവെച്ചിരുന്നു. എന്നാല്‍ ഷാജുമായി ഒരുബന്ധവുമില്ലെന്നാണ് ബിലീവേഴ്സ് ചര്‍ച്ചിന്റെ വിശദീകരണം. ഷാജിന്റെ ഭാര്യ ആറുമാസത്തോളം സഭയുടെ ആശുപത്രിയില്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ജോലിചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: