വിയന്ന: യുവേഫ നേഷന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരും ലോകകപ്പ് ജേതാക്കളുമായ ഫ്രാന്‍സിന് ഇപ്പോഴും കഷ്ടകാലം തന്നെ. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലൂം ഫ്രാന്‍സിന് വിജയം നേടാന്‍ സാധിച്ചില്ല. ഇത്തവണ ഓസ്ട്രിയയോടാണ് ഫ്രാന്‍സ് സമനിലയില്‍ കുരുങ്ങിയത്. സ്കോര്‍:1-1.
ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ കഷ്ടപ്പെടുന്ന ഫ്രാന്‍സിനെയാണ് മത്സരത്തില്‍ കാണാന്‍ സാധിച്ചത്. ഫ്രാന്‍സിനെ അവസരങ്ങള്‍ ഉണ്ടാക്കുന്നതില്‍ തടഞ്ഞ ഓസ്ട്രിയ ഒരു മികച്ച കൗണ്ടര്‍ അറ്റാക്കിലൂടെ ആദ്യ ഗോള്‍ നേടി ലീഡും എടുത്തു. 37-ാം മിനിറ്റില്‍ ആന്‍ഡ്രിയേസ് വെയ്മാനിലൂടെയാണ് ഓസ്ട്രിയ ആദ്യ ഗോള്‍ നേടിയത്.
എന്നാല്‍ രണ്ടാം പകുതിയില്‍ ഫ്രാന്‍സ് മുന്നേറ്റം നടത്തി. മത്സരത്തിന്റെ 83-ാം മിനിറ്റില്‍ സൂപ്പര്‍ താരം കെലിയന്‍ എംബാപ്പെ ഫ്രാന്‍സിനായി സമനില ഗോള്‍ സമ്മാനിച്ചു. തുടര്‍ന്ന് ഫ്രാന്‍സ് മുന്നേറ്റം പ്രതിരോധിച്ച ഓസ്ട്രിയ സമനില ഉറപ്പിക്കുകയായിരുന്നു.
ആദ്യ മത്സരത്തില്‍ ഡെന്മാര്ക്കിനോട് തോറ്റ ഫ്രാന്‍സ് രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയോട് സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഫ്രാന്‍സിന്റെ നോക്കൗട്ട് പ്രവേശനം തുലാസിലായി. ഇനിയുള്ള മത്സരങ്ങള്‍ വിജയിക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ ടീമിന് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാനാകൂ.
മറ്റൊരു കളിയില്‍ തുടര്‍ച്ചയായ അഞ്ച് ജയങ്ങള്‍ക്ക് ശേഷം ഡെന്മാര്ക്കിന് ആദ്യ തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് ക്രൊയേഷ്യ ഡെന്മാര്ക്കിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ ഇരു ടീമിനും സാധിച്ചില്ല. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ക്രൊയേഷ്യ തങ്ങളുടെ വിജയ ഗോള്‍ കണ്ടെത്തി. മാരിയോ പാസാലിച്ചാണ് ക്രൊയേഷ്യക്ക് വേണ്ടി ഗോള്‍ നേടിയത്. ക്രൊയേഷ്യയുടെ ആദ്യ ജയമായിരുന്നു.
തോറ്റെങ്കിലും ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ഡെന്മാര്ക്ക്. മൂന്ന് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്റാണ് ടീമിനുള്ളത്. നാല് പോയിന്റുള്ള ഓസ്ട്രിയ രണ്ടാം സ്ഥാനത്തുണ്ട്. ക്രെയേഷ്യയ്ക്ക് നാല് പോയിന്റാണുള്ളതെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ടീം മൂന്നാമതായി. രണ്ട് പോയിന്റ് മാത്രമുള്ള ഫ്രാന്‍സാണ് നാലാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: