തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ സ്വപ്ന നടത്തുന്ന ഗൂഢാലോചനയില്‍ തന്നേയും ഭാഗമാക്കാന്‍ ശ്രമം നടത്തുന്നതായി മുന്‍ മാധ്യമ പ്രവര്ത്തകന് ഷാജ് കിരണ്‍. സ്വപ്ന സരേഷ് പുറത്തുവിട്ട ഫോണ്‍ സംഭാഷണങ്ങളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് ഷാജ് കിരണ്‍ നല്കിയ പരാതിയിലാണ് ഇക്കാര്യം ആരോപിക്കുന്നത്. ഷാജ് കിരണിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഇബ്രാഹിമും പരാതി നല്കി.
മുഖ്യമന്ത്രിയുടെ ദൂതനാണെന്ന വെളിപ്പെടുത്തലിനെതിരെ പ്രതികരിച്ച ഷാജ് കിരണ്‍ താന്‍ ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അറിയിച്ചു. സൗഹൃദപരമായി സംസാരിച്ച കാര്യങ്ങളാണ് സ്വപ്ന സുരേഷ് പുറത്തുവിട്ടത്. സ്വപ്ന സുരേഷിന്റെ മൊബൈലും ശബ്ദശകലവും പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ട്.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഷാജ് കിരണ്‍ എന്നയാള്‍ തന്നെ സന്ദര്‍ശിച്ച് രഹസ്യമൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി. രഹസ്യമൊഴിയില്‍ പറഞ്ഞത് കള്ളമാണെന്ന് പരസ്യമായി പറഞ്ഞില്ലെങ്കില്‍ ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും ആരോപണ വിധേയരായ മറ്റുള്ളവരും യുഎഇ കോണ്‍സുലേറ്റുമായി ചേര്‍ന്ന് ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നുമാണ് സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍.
അതേസമയം ഷാജ് കിരണ്‍ നല്കിയ പരാതി ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. നിലവില്‍ സ്വപ്നയുടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എസ്പി എസ്. മധുസൂദനന്റെ നേതൃത്വത്തില്‍ 12 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട. ഈ സംഘത്തിന്റെ അന്വേഷണത്തിനായാണ് പരാതി കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: