ആര്. സഞ്ജയന്
സ്വര്‍ഗീയനായ ബാബ യോഗേന്ദ്രജി അതുല്യ സംഘാടകനായിരുന്നു. സംസ്കാര്‍ ഭാരതിയെന്ന കലാ സംസ്കാരിക പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കുന്നതില്‍ നിസ്തുലമായ സംഭാവനയാണ് അദ്ദേഹം നല്‍കിയത്. 1986 ല്‍ കോഴിക്കോട് തളി ഗായത്രി കല്യാണ മണ്ഡപത്തില്‍ നടന്ന തപസ്യയുടെ സംസ്ഥാന പഠന ശിബിരത്തില്‍ സംസ്കാര്‍ ഭാരതിയുടെ അന്നത്തെ സംഘടനാ സെക്രട്ടറിയെന്ന നിലയില്‍ യോഗേന്ദ്രജിയും ഉപാധ്യക്ഷനായിരുന്ന യാദവ റാവു ദേശ്മുഖും പങ്കെടുക്കുകയുണ്ടായി. ആ കാലം മുതലാണ് യോഗേന്ദ്രജിയെ അടുത്ത് പരിചയപ്പെട്ടു തുടങ്ങിയത്. പിന്നീട് ദീര്‍ഘകാലം അദ്ദേഹത്തോടൊപ്പം സംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നു. സംസ്കാര്‍ ഭാരതിയുടെ അഖില ഭാരതീയ സമ്മേളനങ്ങള്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നടക്കുന്ന സന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ കുറഞ്ഞത് രണ്ടുതവണയെങ്കിലും കണ്ടുമുട്ടാറുണ്ടായിരുന്നു. നിരവധിയാളുകളുടെ പങ്കാളിത്തമുള്ള അത്തരം സമ്മേളനങ്ങളില്‍ അദ്ദേഹം ഓരോ വ്യക്തിയേയും പ്രത്യേകം പരിഗണിച്ച് അവരുമായി വ്യക്തിപരമായ ആശയസംവാദം നടത്തുകയും സ്നേഹബന്ധം ദൃഢപ്പെടുത്തുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ സംഘടനാ കുശലത അതുല്യമായിരുന്നു. സംസ്കാര്‍ ഭാരതിയുടെ ഔദ്യോഗിക സര്‍ക്കുലറുകള്‍ക്ക് പുറമെ, പ്രധാന പ്രവര്‍ത്തകര്‍ക്കെല്ലാം പോസ്റ്റ് കാര്‍ഡിലൂടെയാണ് നിര്‍ദ്ദേശങ്ങള്‍ എഴുതി അയക്കുക. ചെറിയ കൈയ്യക്ഷരത്തില്‍ പോസ്റ്റ് കാര്‍ഡ് പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തി അദ്ദേഹം എനിക്ക് അയച്ചിരുന്ന കത്തുകള്‍ ഇംഗ്ലീഷിലായിരുന്നു എന്നതും ഒരു പ്രത്യേകതയാണ്. പോസ്റ്റ് കാര്‍ഡിലൂടെ ഒരു അഖില ഭാരതീയ സംഘടനയെ വളര്‍ത്താന്‍ സാധിച്ച വ്യക്തി എന്നതും അദ്ദേഹത്തെക്കുറിച്ച് രേഖപ്പെടുത്താവുന്നതാണ്.
സംസ്കാര്‍ ഭാരതിയുടെ ജന. സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ജഗദീശ് പാല്, ഉപാധ്യക്ഷനായിരുന്ന ഹൈദ്രാബാദില്‍ നിന്നുള്ള ഡോ. ഘനശ്യാം പ്രസാദ് റാവു എന്നിവരേയും ഈ വേളയില്‍ അനുസ്മരിക്കാവുന്നവരാണ്. യോഗേന്ദ്രജിയുടെ പ്രത്യേക ആഗ്രഹപ്രകാരം സംസ്കാര്‍ ഭാരതിയുടെ ‘സാധയതി സംസ്കാര ഭാരതി’ എന്നു തുടങ്ങുന്ന ധ്യേയഗീതം സംസ്കൃത പണ്ഡിതനായ ഡോ. ഘനശ്യാം പ്രസാദ് റാവുവാണ് രചിച്ചത്. ദക്ഷിണ ഭാരതത്തില്‍ ഉള്‍പ്പടെ അത് പ്രചാരത്തില്‍ വരുത്തുവാന്‍ യോഗേന്ദ്രജി വളരെയേറെ ശ്രദ്ധ കൊടുത്തു.
യോഗേന്ദ്രയുടെ 75-ാം ജന്മവര്ഷം അമൃത മഹോത്സവമായി അഘോഷിക്കുകയുണ്ടായി. വിവിധ സംസ്ഥാനങ്ങളില്‍ അദ്ദേഹത്തിന് സ്വീകരണ പരിപാടികളുണ്ടായിരുന്നു. കേരളത്തില്‍ തപസ്യയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴയിലാണ് ആ പരിപാടി നടന്നത്. ചിത്രാപൗര്‍ണ്ണമി സാംസ്കാരികോത്സവം എന്ന നിലയില്‍ മൂന്ന് ദിവസം നീണ്ടുനിന്ന സാംസ്കാരിക പരിപാടികളും അതിന്റെ ഭാഗമായി അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങും നടത്തി. അദ്ദേഹത്തിന് ഒരു പണക്കിഴിയും സമര്‍പ്പിച്ചു. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയായിരുന്നു സമാപന ചടങ്ങില്‍ മുഖ്യാതിഥി. അവര്‍ ഇരുവരും ഒരേ കാലയളവില്‍ പ്രചാരകന്മാരായി പ്രവര്‍ത്തിച്ചിരുന്നവരാണ്.
യോഗേന്ദ്രജി പല തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. ഞാന്‍ തപസ്യയുടെ പ്രവര്‍ത്തനത്തില്‍ അധികം സജീവമല്ലാത്ത കാലത്തും ഒരു തവണ അദ്ദേഹം ഇവിടെയെത്തി. ഞങ്ങള്‍ തമ്മില്‍ കാണുകയുണ്ടായി. തമ്മില്‍ ഉണ്ടായിരുന്ന ദീര്‍ഘകാലത്തെ പരിചയവും സ്നേഹ ബന്ധവും ഒരിക്കലും മറക്കാന്‍ സാധിക്കുന്നതല്ല.
അദ്ദേഹം നല്ല പ്രഭാഷകനായിരുന്നു. പ്രത്യേകിച്ചും അനൗണ്‍സ്മെന്റ് കാര്യത്തില്‍. ഭാവനിര്‍ഭരമായ പ്രഭാഷണ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. പ്രശസ്ത പുരാവസ്തു ഗവേഷകനും ചിത്രകാരനുമായ ഡോ. വി.എസ്. വാകങ്കറുടെ ഒപ്പം പ്രവര്‍ത്തിച്ചാണ് യോഗേന്ദ്ര ജി സംസ്കാര്‍ ഭാരതി എന്ന ആശയത്തെ രൂപപ്പെടുത്തിയതും അഖില ഭാരതീയ തലത്തില്‍ കരുത്തുറ്റ സാന്നിധ്യമാക്കി മാറ്റിയതും. സംസ്കാര്‍ ഭാരതിയുടെ ആദ്യ അധ്യക്ഷനായിരുന്നു വാകങ്കര്.
തപസ്യ പ്രവര്‍ത്തനം ആരംഭിച്ച് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്കാര്‍ ഭാരതിക്ക് തുടക്കം കുറിച്ചത്. അതുകൊണ്ടുതന്നെ വാകങ്കര് കേരളത്തിലെ പ്രവര്‍ത്തന രീതികള്‍ മനസ്സിലാക്കാന്‍ സ്വയം ശ്രമിക്കുക മാത്രമല്ല, പ്രധാന പ്രവര്‍ത്തകരെ കേരളത്തിലേക്ക് നിയോഗിക്കുകയും ചെയ്തു. സംസ്കാര്‍ ഭാരതിയെ അഖില ഭാരതീയ തലത്തില്‍ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റിയതില്‍ വലിയ സംഭാവന യോഗേന്ദ്രജിയുടേതാണ്. അദ്ദേഹത്തിന്റെ ഭാവനാപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളാണ് അതിന് ശക്തി പകര്‍ന്നത്. വാര്‍ദ്ധക്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സമീപകാലം വരേയും അദ്ദേഹം വിശ്രമമില്ലാതെ യാത്ര ചെയ്തു. പ്രവര്‍ത്തകര്‍ക്ക് പ്രചോദനവും മാര്‍ഗ്ഗ ദര്‍ശനവും നല്കി. അദ്ദേഹത്തിന്റെ സാന്നിധ്യം പുതിയ തലമുറയിലെ പ്രവര്‍ത്തകര്‍ക്കും ആവേശമായിരുന്നു. ആ ധന്യ സ്മരണയ്ക്ക് മുന്നില്‍ ആദരപൂര്‍വ്വം ആദരാഞ്ജലി അര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: