ന്യൂദല്‍ഹി: നാല് സംസ്ഥാനങ്ങളിലെ -മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാന്, കര്‍ണ്ണാടക- എംഎല്‍എമാര്‍ വെള്ളിയാഴ്ച 16 രാജ്യ സീറ്റുകളിലേക്ക് ആവേശത്തോടെ വോട്ടു ചെയ്തു. പല സീറ്റുകളിലും കടുത്ത മത്സരമായതിനാല്‍ പാര്‍ട്ടികള്‍ വോട്ടുകള്‍ ഉറപ്പിക്കാന്‍ എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ വരെ കനത്ത കാവലില്‍ താമസിപ്പിച്ചു. കുതിരക്കച്ചവടം ഉണ്ടായേക്കുമെന്ന ഭീതിമൂലമായിരുന്നു ഇത്.
ഒഴിവുള്ള 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 41 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഉത്തര്‍പ്രദേശ്, തമിഴ്നാട്, ബീഹാര്‍, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ് ഗഢ്, പഞ്ചാബ്, തെലുങ്കാന, ഝാര്‍ഖണ്ഡ് , ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ രാജ്യസഭാംഗങ്ങളാണ് കഴിഞ്ഞ വെള്ളിയാഴ്ച എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട 41എംപിമാര്‍.
രാജ്യസഭയുടെ കരുത്ത്
രാജ്യസഭയിലെ ആകെയുള്ള 245 സീറ്റുകളില്‍ 95 പേര് ബിജെപിയാണെങ്കില്‍ 29 പേര് കോണ്‍ഗ്രസായിരുന്നു. തൃണമൂല്‍ (13), ഡിഎംകെ (10), ബിജെഡി (8), ആം ആദ്മി (8) എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളുടെ നില. ബാക്കിയുള്ള സീറ്റുകള്‍ സ്വതന്ത്രരും ചെറുകിട പാര്‍ട്ടികളും പങ്കുവെയ്ക്കുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 57 സീറ്റുകളില്‍ ബിജെപി 24 സീറ്റുകള്‍ നേടി. എന്തായാലും ബിജെപിയുടെ നില 95ല്‍ നിന്നും 91 ആയേക്കുമെന്നാണ് സൂചന. എന്നാല്‍ ഇനി ഒഴിവുള്ള സീറ്റുകളിലേക്ക് നാമനിര്ദേശമുള്ളതിനാല് ബിജെപിയുടെ ശക്തി ഇനിയും വര്‍ധിക്കും.
രാജ്യസഭ പ്രധാനം
ഒരു പ്രമേയം മൂന്നില്‍ രണ്ട് അംഗങ്ങള്‍ വോട്ട് ചെയ്ത് അംഗീകരിച്ചാല്‍, ആ പ്രമേയം അത്യവശ്യമോ ദേശീയതാല്പര്യമുള്ളതിനാല് അടിയന്തരമോ ആണെങ്കില്‍, പാര്‍ലമെന്റില്‍ പാസാകും. സംസ്ഥാനങ്ങള്‍ക്കാവശ്യമായ നിയമങ്ങള്‍ രാജ്യസഭയുടെ അംഗീകാരമില്ലാതെ കേന്ദ്രസര്‍ക്കാരിന് നിയമമാക്കാന്‍ സാധിക്കില്ല. ഏതെങ്കിലും സംസ്ഥാനത്ത് ക്രമസമാധാനപ്രശ്നമുണ്ടാകുമ്പോള് രാഷ്ട്രപതിയ്ക്ക ആ സര്‍ക്കാരിനെ പിരിച്ചുവിടണമെങ്കില്‍ രാജ്യസഭകൂടി അംഗീകരിക്കണം.
രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ എങ്ങിനെ ബാധിക്കും?
ആകെയുള്ള വോട്ടുകളില്‍ 50 ശതമാനത്തില്‍ അധികം നേടിയാല്‍ ബിജെപി നേതൃത്വത്തിലുള്ള എന്ഡിഎമുന്നയുടെ സ്ഥാനാര്‍ത്ഥി രാഷ്ട്രപതിയാകും.
ആകെ ലോക്സഭയിലും രാജ്യസഭയിലും കൂടി 776 അംഗങ്ങളാണുള്ളത്. ഓരോരുത്തര്‍ക്കും 700 വോട്ടുകള്‍ വീതമുണ്ട്. സംസ്ഥാനങ്ങളിലാകെ 4,033 സാമാജികര്‍ ഉണ്ട്. ഇതില്‍ സംസ്ഥാനങ്ങളുടെ ജനസംഖ്യകണക്കിലെടുത്ത് ഇവരുടെ വോട്ടുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ട്.
രാജ്യസഭയിലെ ഇപ്പോഴത്തെ 16 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പും മൂന്ന് ലോക്സഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികളുടെ അവസാനപ്പട്ടിക പുറത്ത് വരും. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയ്ക്ക് 440 എംപിമാരുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയ്ക്ക് 180 എംപിമാരുമുണ്ട്. തൃണമൂലിന് 36 എംപിമാരുണ്ട്. പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഐക്യനിര കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രാജ്യസഭയിലെ കരുത്തും കൂടി കണക്കിലെടുത്താന് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് തന്നെ സാധ്യത കല്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: