‘രണ്ടും കെട്ടും നാലും കെട്ടും ഇഎംഎസിന്റോളേം കെട്ടും’ – ഇതൊരു പഴയ മുദ്രാവാക്യമാണ്. ഏതാണ്ട് നാല്പത് വര്‍ഷത്തെ പഴക്കം. കേരളത്തില്‍ ശരീഅത്ത് വിവാദം കത്തിനില്‍ക്കവേ കേട്ടത്. ഇങ്ങനെ പോയാല്‍ കെട്ടാന്‍ പെണ്ണിനെ കിട്ടുമോ എന്നതാണ് ഇപ്പോഴത്തെ ഭീതി.
ഗുജറാത്തിലെ വഡോദരയില്‍ ഒരു 24 കാരി സ്വയം വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ജൂണ്‍ 11 നാണ് വിവാഹം. തനിക്ക് തന്നോട് അത്രമാത്രം പ്രണയമെന്നാണ് യുവതിയുടെ ന്യായം. രാജ്യം ഇതുവരെ കാണാത്ത വിവാഹ വാര്‍ത്ത കേട്ടുകൊണ്ടിരിക്കെയാണ് കേരളത്തില്‍ മറ്റൊരു സംഗതി. രണ്ടു ചെറുപ്പക്കാരികള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
സൗദിയിലെ സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരിക്കെയാണ് ആദില നസ്രിന് എന്ന പെണ്‍കുട്ടി ഫാത്തിമ നൂറയെന്ന കൂട്ടുകാരിയെ കണ്ടുമുട്ടുന്നത്. ആദ്യം സൗഹൃദം, പിന്നീടത് പ്രണയമായി വളര്‍ന്നു. ഒരുമിച്ച് ജീവിക്കണമെന്നല്ലാതെ കൂടുതലൊന്നും അന്ന് ഇരുവര്‍ക്കും അറിയില്ലായിരുന്നു. ആലുവ സ്വദേശിയായ ആദിലയുടേയും കോഴിക്കോട് സ്വദേശിയായ നൂറയുടേയും രക്ഷിതാക്കളും സുഹൃത്തുക്കളായിരുന്നു. അതിനാല്‍ പ്ലസ്ടു കഴിഞ്ഞ് രണ്ടുപേരേയും ഒരുമിച്ച് കോഴിക്കോട്ടെ ഒരു കോളേജില്‍ വിട്ട് പഠിപ്പിക്കാനും തീരുമാനിച്ചു. ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കി ഒരുമിച്ച് ജീവിതം തുടങ്ങാനായിരുന്നു ഇരുവരുടേയും തീരുമാനം.
പക്ഷെ അതത്ര എളുപ്പമല്ലെന്ന് ഇരുവര്‍ക്കും ബോധ്യപ്പെടാന്‍ ഏറെയൊന്നും കാത്തിരിക്കേണ്ടിവന്നില്ല. ഇരുവരും തമ്മിലുള്ള പ്രണയം വീട്ടില്‍ അറിഞ്ഞതോടെ പ്രശ്നമായി. വീട്ടുകാര്‍ ഒരുമിച്ച് പഠിപ്പിക്കാനുള്ള തീരുമാനം മാറ്റി. രണ്ടും പെണ്ണല്ലേ കുറച്ച് കഴിഞ്ഞാല്‍ ഇതൊന്നും കാണില്ല എന്നായിരുന്നു വീട്ടുകാര്‍ ആദ്യം ധരിച്ചിരുന്നതെന്ന് ആദില. വീട്ടില്‍ കടുത്ത നിയന്ത്രണങ്ങള്‍ വന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും ബന്ധം തുടര്‍ന്നു. പിന്നീട് തുടര്‍ പഠനത്തിനായി കേരളത്തിലെ രണ്ട് കോളേജുകളിലെത്തിയതോടെ പരസ്പരം വീണ്ടും കണ്ടു. സ്വവര്‍ഗാനുരാഗത്തെ കുറിച്ചും സമാന ജീവിതം നയിക്കുന്നവരെ കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ മനസ്ലിലാക്കി.
ബന്ധം തുടരുന്ന കാര്യം വീണ്ടും വീട്ടില്‍ അറിഞ്ഞ് പ്രശ്നമായതോടെയാണ് ഇരുവരും വീടു വിട്ടിറങ്ങിയത്. സ്വവര്‍ഗാനുരാഗം മാനസിക രോഗമാണെന്നും മതവിശ്വാസത്തിന് നിരക്കാത്തതാണെന്നും വീട്ടുകാര്‍ കണ്ടെത്തുന്ന ആളെ വിവാഹം കഴിക്കണമെന്നുമായിരുന്നു വീട്ടുകാരുടെ നിലപാട്. ഒടുവില്‍ ഇനി ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനത്തില്‍ വീടുവിട്ടിറങ്ങി.
നൂറയെ ആദില തട്ടിക്കൊണ്ടുപോയതായി കാണിച്ച് നൂറയുടെ വീട്ടുകാര്‍ പരാതി നല്‍കുകയും നൂറയെ കോടതിയിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊാണ്ടുപോവുകയും ചെയ്തു. പിന്നീട് വീട്ടുകാരുടെ മര്‍ദനത്തിനിരയായെന്നും പോലീസിന്റെ സഹായത്തോടെയാണ് വീട്ടില്‍ നിന്നും ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറിയതെന്നും ആദില പറയുന്നു. നൂറയെ വീട്ടുകാര്‍ കൊണ്ടുപോ
യ ശേഷം ഒരിക്കല്‍ മാത്രമാണ് ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞത്. അന്ന് നൂറയോടും നൂറയുടെ കൗണ്‍സിലറോടും സംസാരിച്ചു, അന്നും ആദിലയ്ക്കൊപ്പം ജീവിച്ചാല്‍ മതിയെന്നാണ് നൂറ പറഞ്ഞതെന്നും പിന്നീട് കൂട്ടുകാരിയെ കുറിച്ച് ഒരു വിവരവും ഇല്ലാതായതോടെയാണ് പരാതിയുമായി ആലുവ സ്റ്റേഷനിലും ഹൈക്കോടതിയെയും സമീപിച്ചതെന്നും ആദില പറയുന്നു.
ഒരേ ലിംഗത്വമുള്ളവര്‍ ഒരുമിച്ച് ജീവിക്കുന്നതിനെ ഉള്‍ക്കൊള്ളാന്‍ ഇപ്പോളും ആര്‍ക്കും കഴിയുന്നില്ല. ശാരീരിക പീഡനത്തിനും മാനസിക പീഡനത്തിനും ഇരകളാകുന്നു. സ്വവര്‍ഗരതി കുറ്റമല്ലെന്നും സ്വവര്‍ഗാനുരാഗികള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്നും സുപ്രീം കോടതി തന്നെ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ട് നൂറയെ ആദിലയ്ക്ക് ഒപ്പം കഴിയാന്‍ ഹൈക്കോടതി അനുവദിച്ചു. ഇത്രയും ആയതോടെ പഴയ മുദ്രാവാക്യത്തെ വെല്ലുന്ന വര്‍ത്തമാനങ്ങളാണെങ്ങും. ഇതിന് ഹദ്ധടി (പച്ചമടല് വെട്ടിയുള്ള അടി) തന്നെ വേണമെന്ന് ചിലര്‍. ഒരുമിച്ചുജീവിക്കാന്‍ ഇടമെവിടെ എന്ന ചോദ്യവും പ്രസക്തമാണ്. ഇത് വ്യാപകമായാല്‍ രണ്ടു കെട്ടും നാലും കെട്ടും എന്നത് തന്നെ ഉപേക്ഷിക്കേണ്ടിവരില്ലെ എന്ന ചോദ്യവും പ്രസക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: