ബെംഗളൂരു: കര്‍ണ്ണാടകയിലെയും കശ്മീരിലെയും പൊലീസിന്റെ സംയുക്ത നീക്കത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് ബെംഗളൂരുവില്‍ അറസ്റ്റിലായി. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സംഘടനയുടെ പ്രധാന ഭീകരരില്‍ ഒരാളാണ് താലിബ് ഹുസൈന്.
ജമ്മു കശ്മീരില്‍ ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ സേന ശക്തമാക്കിയതോടെയാണ് താലിബ് ഹുസൈന് ഭാര്യയോടും കുട്ടികളോടും ഒപ്പം ജമ്മു കശ്മീരില്‍ നിന്നും കര്‍ണ്ണാടകയിലേക്ക് കടന്നത്. ശ്രീരാം പുരയിലെ ഒരു പള്ളിയിലാണ് താലിബ് ഹുസൈന് അഭയം തേടിയത്. ഇവിടെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. ഹിസ്ബുള്‍ മുജാഹിദീന്റെ അതിഭീകരന്‍ രണ്ട് വര്‍ഷത്തോളം ബെംഗളൂരുവില്‍ സുഖമായി ഒളിച്ചുകഴിഞ്ഞുവെന്നത് ഞെട്ടലുളവാക്കിയിരിക്കുകയാണ്. ബെംഗളൂരു കശ്മീര്‍ തീവ്രവാദികളുടെ സുരക്ഷിത ഒളിത്താവളമാണോ എന്ന ചോദ്യവും ഉയരുന്നു.
ജമ്മുകശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ നാഗസേനി തെഹ്സില്‍ സ്വദേശിയായ താലിബ് ഹുസൈന് രണ്ട് ഭാര്യമാരും അഞ്ച് കുട്ടികളുമുണ്ട്. കശ്മീരില്‍ നിന്നും ഒളിച്ചുകടന്ന് ബെംഗളൂരുവിലെത്തിയ ഇദ്ദേഹം ഒരു ഓട്ടോറിക്ഷാ ഡ്രൈവറായി കഴിയുകയായിരുന്നു. ഈ അറസ്റ്റ് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച പഴയ എല്‍ടിടിഇ തീവ്രവാദികളെയാണ് ഓര്‍മ്മയില്‍ കൊണ്ടുവരുന്നത്. അവരും ഒളിച്ചുകഴിയാന്‍ താവളമാക്കിയത് ബെംഗളൂരുവിനെയാണ്.
നിരവധി ബോംബ് സ്ഫോടനങ്ങളില്‍ പങ്കെടുത്ത ഭീകരനാണ് താലിബ് ഹുസൈന്. സൈന്യം താലിബ് ഹുസൈന് വേണ്ടി തിരച്ചില്‍ ശക്തമാക്കിയതോടെയാണ് കശ്മീരില്‍ നില്ക്കാന് കഴിയാതെ വന്നപ്പോള്‍ ബെംഗളൂരുവിലേക്ക് കടന്നത്. ബെംഗളൂരുവില്‍ പൊതുവേ സമാധാന ജീവിതം നയിച്ചുവരികയായിരുന്നു. എന്നാല്‍ അറസ്റ്റിന് ശേഷമാണ് ഇയാള്‍ ഭീകരനാണെന്നും ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ അംഗമാണെന്നും പുറംലോകമറിഞ്ഞത്.
താലിബ് ഹുസൈനെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത ശരിയാണെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സ്ഥിരീകരിച്ചു. നേരത്തെയും സിര്‍സി, ഭത്കല്‍ എന്നീ പ്രദേശങ്ങളില്‍ നിന്നും ഭീകരരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം നീക്കങ്ങള്‍ക്ക് ജമ്മു കശ്മീര്‍ പൊലീസിന് എല്ലാ സഹായവും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: