ടി-20 മത്സരങ്ങളില്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ. എല്‍ രാഹുല്‍ എന്നിവരെ വിശ്വസിക്കാനാവില്ലെന്ന് തുറന്നടിച്ച് ഇന്ത്യയുടെ മുന്‍ നായകന് കപില്‍ ദേവ്. ടി-20യില്‍ ഇവരുടെ ബാറ്റിംഗ് ശരിയല്ലെന്ന് കപില്‍ വിമര്‍ശിച്ചു. ടി-20 ലോകകപ്പിനായി ഇന്ത്യന്‍ ടീം തയ്യാറെടുക്കുന്നതിനിടെയാണ് നിലവിലെ ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍, മുന്‍ ക്യാപ്റ്റന്‍ എന്നിവര്‍ക്കെതിരെ കപില്‍ രംഗത്തെത്തിയിരിക്കുന്നത്.
കോഹ്ലി, രോഹിത്, രാഹുല്‍ എന്നീ ബാറ്റര്‍മാരുടെ അടുത്ത് നിന്ന് കുറച്ചുകൂടി നല്ല കളി പ്രതീക്ഷിക്കുന്നുണ്ട്. അവര്‍ക്ക് വലിയ പ്രശസ്തി ഉള്ളതിനാല്‍, വലിയ സമ്മര്‍ദമുണ്ട്, എന്നാല്‍ അത് അങ്ങനെയാകാന്‍ പാടില്ല. അവര്‍ ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കണം. 150ന് സ്ട്രൈക്ക് റേറ്റിന് മുകളില്‍ കളിക്കാന്‍ സാധിക്കുന്ന താരങ്ങളാണ് അവര്‍. എന്നാല്‍ ടീമിനുവേണ്ടി അവര്‍ റണ്‍സ് കണ്ടത്തണം എന്ന സാഹചര്യത്തിലെല്ലാം അവര്‍ ഔട്ടായി പോകും,’ കപില്‍ പറഞ്ഞു.
രാഹുലിന്റെ കാര്യം കപില്‍ പ്രത്യേകം എടുത്തുപറയുകയും ചെയ്തു. ”രാഹുലിന് സ്ഥിരതയുണ്ടെന്ന് പറയുന്നത് ശരിതന്നെ. എന്നാല്‍ ടി20 മത്സരത്തില്‍ മുഴുവന്‍ ബാറ്റ് ചെയ്ത് 60 റണ്‍സുമായി മടങ്ങിവരുന്നതിനോട് യോജിക്കാനാവില്ല. ആ സമീപനം മാറണം. അതിന് പറ്റിയില്ലെങ്കില്‍ പകരക്കാരെ കൊണ്ടുവരണം. മികച്ച പ്രകടനം നടത്തുകയാണ് വലിയ താരങ്ങള്‍ ചെയ്യേണ്ടത്. മത്സരഫലത്തില്‍ എന്ത് സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നാണ് ക്രിക്കറ്റ് ലോകം അന്വേഷിക്കുന്നത്.” കപില്‍ പറഞ്ഞു.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രോഹിതും കോലിയും മോശം പ്രകടനങ്ങളാണ് നടത്തിയത്. കെ.എല്‍ രാഹുല്‍ ഫോമായിരുന്നെങ്കിലും താരത്തിന്റെ ബാറ്റിംഗ് ശൈലി ഏറെക്കാലമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. ഓസ്ട്രേലിയ വേദിയാകുന്ന ലോകകപ്പില്‍ പരിചയസമ്പന്നരായ താരങ്ങളിലാണ് ആരാധകരുടെ പ്രതീക്ഷ്. പേസും ബൗണ്‍സുമുള്ള പിച്ചില്‍ അവര്‍ക്കേ തിളങ്ങാന്‍ കഴിയൂവെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: