തിരുവനന്തപുരം: 500 ചതുരശ്ര അടിയില്‍ കൂടുതലുള്ള വീടുകള്‍ക്ക് ഒറ്റത്തവണ കെട്ടിടനികുതി ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്ല്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. നിലവില്‍ 1076 ചതുരശ്ര അടിയില്‍ കൂടുതലുള്ള വീടുകള്‍ക്കാണ് വില്ലേജ് ഓഫീസുകളില്‍ നികുതി അടയ്ക്കേണ്ടതെന്നിരിക്കെ പാവങ്ങളെ ദ്രോഹിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാരിന്റെ കടംവീട്ടാന്‍ ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. കേന്ദ്രസര്‍ക്കാര്‍ നികുതി സ്ലാബില്‍ ഇളവ് വരുത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി സ്ലാബിന്റെ നിരക്ക് കൂട്ടുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
1000 ചതുരശ്ര അടിയില്‍ താഴെയുള്ളവര്‍ സാധാരണക്കാരായിരിക്കുമെന്നറിഞ്ഞിട്ടും സംസ്ഥാന ധനകാര്യകമ്മിഷന്റെ ശുപാര്‍ശ ഉള്‍ക്കൊണ്ട് മന്ത്രിസഭ ഈ തീരുമാനമെടുത്തത് ന്യായീകരിക്കാനാവില്ല. സമ്പന്നരില്‍ നിന്നും നികുതി ഈടാക്കാത്ത പിണറായി സര്‍ക്കാര്‍ പാവപ്പെട്ടവരെ കൂടുതല്‍ കൂടുതല്‍ പിഴിയുകയാണ്. ഇന്ധന നികുതി കുറയ്ക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ കെട്ടിടനികുതി അടിച്ചേല്‍പ്പിച്ച് ജനങ്ങള്‍ക്ക് ജീവിക്കാന്‍ വയ്യാത്ത സാഹചര്യം സൃഷ്ടിക്കുകയാണ്. പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: