ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ ശ്രീശാന്തിനെ തല്ലിയതില്‍ മാപ്പുമായി മുന്‍ ഇന്ത്യന്‍ താരം ഹര്ഭജന് സിംഗ്. മത്സരത്തിനിടെ പ്രകോപിതനായ ഹര്ഭജന് സിംഗ് ശ്രീശാന്തിന്റെ മുഖത്തടിക്കുകയായിരുന്നു. അത് വലിയ വിവാദവുമായി. അന്നത്തെ സംഭവത്തില്‍ തനിക്ക് അതിയായ ഖേദമുണ്ടെന്നും താനാണ് തെറ്റ് ചെയ്തതെന്നും ഹര്ഭജന് പറഞ്ഞു.
”ശരിയാണ് ആ സംഭവും വലിയ വിവാദങ്ങളിലേക്ക് വഴിവച്ചു. മാന്യന്മാരുടെ കളിയെന്ന് വിശേഷിപ്പിക്കുന്ന ക്രിക്കറ്റില്‍ ഇങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ കാരണം എന്റെ സഹതാരം നാണംകെട്ടു. എനിക്കും നാണക്കേടുണ്ടായി. എന്റെ ഭാഗത്ത് തന്നെയായിരുന്നു തെറ്റ്. മൈതാനത്ത് വെച്ച് അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു. അതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് ലജ്ജ തോന്നാറുണ്ട്. ഞാന്‍ എന്തെങ്കിലും തെറ്റ് തിരുത്തേണ്ടതുണ്ടെങ്കില്‍ അത് ശ്രീശാന്തിനോട് ഗ്രൗണ്ടില്‍ വെച്ച് പെരുമാറിയത് തന്നെയാവും. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ അതിന്റെ ഒരു ആവശ്യവുമില്ലായിരുന്നു എന്ന് തോന്നും,’ ഞാനൊരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു.” ഹര്ഭജന് പറഞ്ഞു.
എന്നാല്‍ പ്രശ്നം നേരത്തെ ഒത്തുതീര്‍പ്പാക്കിയെന്ന് ഒരിക്കല്‍ ശ്രീശാന്ത് വ്യക്താക്കിയിരുന്നു. അന്ന് ശ്രീശാന്തിന്റെ വിശദീകരണം ഇങ്ങനെയായിരുന്നു. ”ഒരിക്കല്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ ഒരുക്കിയ അത്താഴ വിരുന്നില്‍ ഞാനും ഹര്‍ഭജനും പങ്കെടുത്തിരുന്നു. ഇവിടെവെച്ച് പ്രശ്നം സംസാരിച്ച് തീര്‍ത്തിരുന്നു. അന്ന് ഹര്‍ഭജനെതിരെ നടപടിയെടുക്കരുതെന്ന് ഞാന്‍ തന്നെയാണ് ആവശ്യപ്പെട്ടത്.” ശ്രീശാന്ത് ഒരിക്കല്‍ വ്യക്തമാക്കി.
ഈ സംഭവത്തിന് പിന്നാലെ ഹര്‍ഭജനെ സീസണിലെ ബാക്കിയുള്ള എല്ലാ മത്സരത്തില്‍ നിന്നും വിലക്കുകയും ബി.സി.സി.ഐ പ്രത്യേക സമിതിയെ നിയോഗിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷവും ഇരുവരും ഒരുമിച്ച് കളിച്ചിരുന്നു. 2011 ലോകപ്പില്‍ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: