ന്യൂദല്‍ഹി: ഇന്ത്യയില്‍ മതനിന്ദ നടന്നുവെന്നാരോപിച്ച് ഖത്തര്‍ ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തി. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലിനെയാണ് വിളിച്ചുവരുത്തിയത്. എന്നാല്‍ ഖത്തറിന് ഇന്ത്യന്‍ അംബാസഡര്‍ തക്കതായ മറുപടി നല്കി.
പ്രവാചകനെക്കുറിച്ച് നിന്ദ കലര്‍ന്ന അഭിപ്രായപ്രകടനം ബിജെപിയിലെ നേതാവ് നടത്തിയെന്നതില്‍ നിരാശയുണ്ടെന്ന് ഖത്തര്‍ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇത് ഇന്ത്യന്‍ സര്‍ക്കാരിന്റെ വീക്ഷണമല്ലെന്നും ചില തീവ്രചിന്താഗതിക്കാരായ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും അഭിപ്രായമാണെന്നുമായിരുന്നു ഡോ.ദീപക് മിത്തലിന്റെ വിശദീകരണം.
ഖത്തറിലെ വിദേശകാര്യമന്ത്രി സോല്ത്താന് ബിന്‍ സാദ് അല്‍ മുരൈഖി ഖത്തര്‍ ഭരണകൂടത്തിന്റെ വിയോജനക്കുറിപ്പ് ഇന്ത്യന്‍ അംബാസഡര്‍ക്ക് കൈമാറി. ബിജെപി തന്നെ ഈ അഭിപ്രായപ്രകടനം നടത്തിയവരോട് അകലം പാലിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചു
“ഇസ്ലാമിനെതിരായ ട്വീറ്റുകള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ വീക്ഷണമല്ല പ്രതിഫലിപ്പിക്കുന്നത്. അത് ചില തീവ്രവാദസ്വഭാവമുള്ള ഘടകങ്ങളുടെ കാഴ്ചപ്പാടുകള്‍ മാത്രമാണ്.” – ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പറഞ്ഞു.
ടൈംസ് നൗ ചാനലില്‍ ഗ്യാന്‍വാപി മസ്ജിദിനെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത നൂപുര്‍ ശര്‍മ്മ പ്രവാചകനെക്കുറിച്ച് നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനയെ തുടര്‍ന്ന് ഇവരെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു. അതിന് പിന്നാലെ സമാന പ്രതികരണം നടത്തിയ നവീന്‍ കുമാര്‍ ജിന്‍ഡലിനെയും പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: