കൊല്ലം: കൊവിഡ് ലോക്ഡൗണ്‍ കാലത്ത് കോര്പ്പറേഷന് ജനകീയ അടുക്കളകളിലേക്ക് മത്സ്യം വാങ്ങിയതിലും വലിയ തട്ടിപ്പ്. ജനകീയ അടുക്കളയിലേക്ക് എന്ന പേരില്‍ മത്സ്യഫെഡ് വഴി വാങ്ങിയ മത്സ്യം കൂടുതലും എത്തിയത് സിപിഎം നേതാക്കളുടെയും കോര്പ്പറേഷന് ഭരണാധികാരികളുടെയും ബന്ധുക്കളുടെയും വീടുകളില്‍.
ജനകീയ അടുക്കളയുടെ പേരില്‍ മാസങ്ങളോളം നെയ്മീന് അടക്കമുള്ള വിലകൂടിയ മത്സ്യം ഒരു പൈസപോലും ചെലവാകാതെ വേണ്ടപ്പെട്ടവരുടെ തീന്മേശയിലെത്തിയതായാണ് ആക്ഷേപം. ലോക്ഡൗണില്‍ മത്സ്യം സംഭരിക്കാന്‍ മത്സ്യഫെഡിനു മാത്രമായിരുന്നു അനുമതി. ജനകീയ അടുക്കളയിലേക്ക് നല്കിയ മത്സ്യത്തിന്റെ തൂക്കം കൂട്ടിക്കാണിച്ചായിരുന്നു തട്ടിപ്പ്.
കൊവിഡ് ലോക്ഡൗണ്‍ സമയത്ത് മത്സ്യഫെഡിനു വേണ്ടി മത്സ്യത്തൊഴിലാളികളില്‍ നിന്ന് മത്സ്യം വാങ്ങിയിരുന്നത് സിപിഎം അഞ്ചാലുംമൂട് ഏരിയകമ്മറ്റി അംഗം, ശക്തികുളങ്ങര ലോക്കല്‍ കമ്മറ്റിയംഗം, മത്സ്യഫെഡ് ചെയര്‍മാന്റെ അടുത്ത സുഹൃത്തുമായിരുന്നു.
മത്സ്യത്തൊഴിലാളികള്‍ക്ക് തൂക്കം കുറച്ചാണ് പണം നല്‍കിയിരുന്നത്. വലിയ ചൂഷണമാണ് ഈ കാലയളവില്‍ നേതാക്കള്‍ നടത്തിയത്. അന്തിപ്പച്ച പദ്ധതി ആരംഭിക്കുന്നതിനു മുമ്പായിരുന്നു ഈ മീന്‍ കൊള്ള.
അന്തിപച്ച പദ്ധതിയില്‍ വാങ്ങുമ്പോഴും തൂക്കത്തില്‍ വ്യത്യാസം വരുത്തി തട്ടിപ്പു നടത്തിയിരുന്നു. 5.600ഗ്രാം തൂക്കം വരുന്ന ഒരു മീനിന് അഞ്ച് കിലോ മാത്രമാകും എഴുതുക. ഇതോടൊപ്പം ആകെ തൂക്കത്തില്‍ 10-15വരെ കുറയ്ക്കുകയും ചെയ്യും. ആറായിരം കിലോ വരെ മത്സ്യം വാങ്ങിച്ച ദിവസങ്ങളുണ്ട്. ഇത്തരത്തില്‍ 300-500കിലോ വരെ തൂക്കത്തില്‍ വ്യത്യാസമുണ്ടാകും.
എന്നാല്‍ ശരിക്കുള്ള തൂക്കത്തിനാണ് അന്തിപ്പച്ച വാഹനങ്ങളിലേക്ക് മത്സ്യം കൊടുക്കുന്നത്. കമ്പ്യൂട്ടര്‍ ബില്ലിങ് ആയതിനാല്‍ വിറ്റുകിട്ടുന്ന മുഴുവന്‍ തുകയും അന്തിപ്പച്ച വാഹനങ്ങളില്‍ പോകുന്നവര്‍ തിരികെ ശക്തികുളങ്ങര സിപിസിയില്‍ ഏല്‍പ്പിക്കും. ഈ രീതിയില്‍ വിറ്റുകിട്ടുന്ന അധികതുക ഇപ്പോള്‍ നടപടി നേരിട്ടുന്നവര്‍ ഉള്‍പ്പെടെ ചിലര്‍ പങ്കിട്ട് എടുത്തിരുന്നതായാണ് ആരോപണം.
അന്തിപ്പച്ച പദ്ധതിയില്‍ ഒരു കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതോടെയാണ് മത്സ്യഫെഡില്‍ നടക്കുന്ന കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരുന്നത്. മത്സ്യഫെഡില്‍ വ്യാപക അഴിമതിയും ക്രമക്കേടും നടന്നതായി വ്യക്തമായ സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണവും ഓഡിറ്റിങും നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.
മത്സ്യഫെഡിന്റെ ശക്തികുളങ്ങര കോമണ്‍ പ്രീ-പ്രോസസിങ് സെന്ററിലെ (സിപിസി) താത്ക്കാലിക അക്കൗണ്ടന്റ് എം.മഹേഷ്, ജൂനിയര്‍ അസിസ്റ്റന്റ് കെ. അനിമോന് എന്നിവര്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്. അന്തിപ്പച്ച പദ്ധതിയില്‍ ഇരുവരും ചേര്‍ന്ന് 93.75ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. മഹേഷിനെ പിരിച്ചുവിടുകയും അനിമോനെ സസ്പെന്‍ഡും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: