കൊല്ലം: ദേശീയപാത വികസനം കരുനാഗപ്പള്ളിയുടെ പ്രതാപം വിസ്മൃതിയിലാക്കി. ദേശീയ പാതയുടെ വികസനത്തിനായി വ്യാപാരവാണിജ്യ ഇതരസ്ഥാപനങ്ങള്‍ പൊളിച്ചു തുടങ്ങി. അറിവിന്റെ അക്ഷയഖനി തുറന്നിട്ട ലാലാജി ഗ്രന്ഥശാലയും പുള്ളിമാന്‍ ലൈബ്രറിയും ഇനി ഓര്‍മകളില്‍. ഓച്ചിറയില്‍ തുടങ്ങി ജില്ലയുടെ തെക്കേയറ്റത്ത് വരെ സ്ഥിതിചെയ്യുന്ന നഗരങ്ങളില്‍ ത്വരിത വികസനം നടന്ന നഗരമാണ് കരുനാഗപ്പള്ളി.
കാവനാട് എത്തി ബൈപാസ് വഴി നാലുവരിപ്പാത കടന്നുപോകുന്നതിനാല്‍ കൊല്ലം നഗരത്തെ ഹൈവേ വികസനം ബാധിക്കില്ല. ഹൈവേ വികസനത്തിന് വലിയ നഷ്ടം സഹിച്ച ജില്ലയിലെ വലിയ നഗരങ്ങളില്‍ മുന്‍പന്തിയില്‍ കരുനാഗപ്പള്ളി മാത്രമാണ്. പൊളിച്ച സ്ഥാപനങ്ങള്‍ക്ക് പകരമായി പുതിയ വ്യാപണ്ടാരവാണിജ്യ സ്ഥാപനങ്ങള്‍ ഉയരാന്‍ കാലമെടുക്കും. ചില വ്യാപാര സ്ഥാപനങ്ങള്‍ ഇടറോഡുകളിലേക്ക് ചേക്കേറിക്കഴിഞ്ഞു. പലരും തെരുവാധാരമായി.
വ്യാപാരികള്‍ക്കും അവരെ ആശ്രയിച്ചു കഴിഞ്ഞ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ നല്‍കുമെന്ന് ഉറപ്പുനല്‍കിയ ആശ്വാസധനം ജലരേഖയായി. തൊഴിലാളികള്‍ തൊഴില്‍ രഹിതരായി. തെരുവിലേക്ക് വലിച്ചെറിയപ്പെട്ട വ്യാപാരികളെയും തൊഴിലാളികളെയും തൊഴിലാളിവര്‍ഗ സര്‍ക്കാര്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്.
കുടിയിറക്കപ്പെട്ടവരുടെയും തൊഴില്‍ നഷ്ടപ്പെട്ടവരുടെ രോദനം ഭരണാധികാരികള്‍ കേള്‍ക്കണമെന്നാണ് ആവശ്യം ശക്തമായിട്ടുണ്ട്. കുടുംബവും കുട്ടികളുമുണ്ട്. ബാങ്ക് ബാധ്യതകളുണ്ട്. അനുഭാവപൂര്‍ണമായ സമീപനം ഭരണാധികാരികളില്‍ നിന്ന് പ്രതീക്ഷിക്കുന്നതായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: