തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു. പ്രതിദിന രോഗികളുടെ എണ്ണവും ടിപിആറും ആശങ്ക ഉയര്‍ത്തുന്ന വിധത്തിലാണ് വര്‍ധിക്കുന്നത്. കേരളത്തില്‍ പത്ത് ദിവസത്തിനിടെ ഇരട്ടി വളര്‍ച്ചയാണ് കോവിഡ് കേസുകളിലുണ്ടായത്. കോവിഡ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും മരണവും കൂടുകയാണ്.
കഴിഞ്ഞ മെയ് 26 ന് കേരളത്തില്‍ 723 കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.7 ശതമാനവും കേസുകളുടെ വളര്‍ച്ചാ നിരക്ക് 0.01 ശതമാനവുമായിരുന്നു. രണ്ട് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പത്ത് ദിവസം കഴിഞ്ഞപ്പോള്‍ എല്ലാം ഇരട്ടിയായി. ശനിയാഴ്ച 1544 കേസുകളാണ് കേരളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 11.39 ആണ് ടിപിആര്‍. നാല് പേര് കോവിഡ് ബാധിതരായി മരണമടഞ്ഞു. കേസുകളുടെ വളര്‍ച്ചാ നിരക്ക് 0.02 ശതമാനവുമാണ്.
7972 പേരാണ് നിലവില്‍ സംസ്ഥാനത്ത് ആക്ടീവ് കോവിഡ് രോഗികള്‍. നിലവില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ എറണാകുളത്താണ്. 2862 പേരാണ് എറണാകുളത്ത് കോവിഡ് രോഗികള്‍. ശനിയാഴ്ച മാത്രം 60 പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതില്‍ 23 പേരും പത്തനംതിട്ടയിലാണ്. ആകെ 212 പേര് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. പടരുന്നത് ഒമിക്രോണ്‍ വകഭേദമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കൊവിഡ് മരണം തീരെ ഇല്ലാതാവുകയും ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വരുന്ന സാഹചര്യം കുറയുകയും ചെയ്തിരുന്നിടത്ത് നിന്നാണ് നേരിയ തോതിലാണെങ്കിലും ഈ വര്‍ധനവ് എന്നതാണ് ഇതിന്റെ ഗൗരവം. സംസ്ഥാനത്ത് പടരുന്നത് ഒമിക്രോണ്‍ വകഭേദം ആണെന്നും ആശങ്കയുടെ ആവശ്യമില്ലെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്.
രാജ്യത്തെ കോവിഡ് കേസുകളും വര്‍ധിക്കുകയാണ്. കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പകുതിയില്‍ അധികം കേസുകളും കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: