തിരുവനന്തപുരം: മോദിഭരണത്തിന്റെ എട്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ വികസനപദ്ധതിയുടെ പ്രചാരണവും വിവിധ കേന്ദ്ര പദ്ധതികളില്‍ ജനങ്ങളെ ചേര്‍ക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായും വിപുലമായ പരിപാടികള്‍ ഒരുക്കി ബിജെപി ജില്ലാ കമ്മിറ്റി. സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വ്യക്തികളെ സമ്പര്‍ക്കം ചെയ്ത് കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പറയുകയും ജനങ്ങളെ പദ്ധതികളില്‍ ചേര്‍ക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നേതൃത്വത്തില്‍ പ്രമുഖരെ സമ്പര്‍ക്കം ചെയ്തു. ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, നടന്‍ ഇന്ദ്രന്‍സ്, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയവരെയാണ് സന്ദര്‍ശിച്ചത്.
ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് സി. ശിവകുട്ടി, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്ന്(5-06-2022) കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് ബിജെപി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ സമ്മാനിച്ച് പരിസ്ഥിതിദിനാചരണം സംഘടിപ്പിക്കും.
ജൂണ്‍ 6 ന് ജില്ലയിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും കര്‍ഷകരുമായി സംവദിക്കും. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ എട്ടുവര്‍ഷമായി കാര്‍ഷിക മേഖകളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ള ആനുകൂല്യങ്ങള്‍ എന്നിവയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് പുറമെ കൂടുതല്‍ സര്‍ക്കാര്‍ പദ്ധതികളെ പറ്റി ബോധവാന്‍മാരാക്കുകയും ചെയ്യും. മോദി സര്‍ക്കാര്‍ കര്‍ഷകമേഖലയില്‍ നടപ്പാക്കാന്‍ പോകുന്ന പരിഷ്‌കരണങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തും.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളില്‍ ഉള്‍പ്പെടാന്‍ അവസരം ലഭിക്കാത്തവരെ എല്ലാ ബൂത്തുകളിലും പ്രവര്‍ത്തകര്‍ സഞ്ചരിച്ച് ഗുണഭോക്താക്കളാക്കും.
ജൂണ്‍ ഏഴിന് സംസ്ഥാന നേതാക്കള്‍ മുതല്‍ ബൂത്ത് തല പ്രവര്‍ത്തകര്‍ വരെ വിവിധ ശ്രേണിയിലുള്ള മഹിളകളെ സമ്പര്‍ക്കം നടത്തും. മഹിളകളുടെ പുരോഗതിക്കും ഉന്നമനത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍ പരിചയപ്പെടുത്തുകയും ചര്‍ച്ച ചെയ്യുകയും ചെയ്യും.
ജൂണ്‍ എട്ടിന് ബിജെപിയിലെ മുഴുവന്‍ നേതാക്കളും പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട ജനങ്ങളെ കാണും. അവര്‍ക്കായി സര്‍ക്കാര്‍ നടത്തിവരുന്ന പദ്ധതികളെ കുറിച്ച് ബോധവാന്‍മാരാക്കുകയും ചെയ്യും. ജൂണ്‍ ഒമ്പതിന് പട്ടികവര്‍ഗ വിഭാഗത്തിലെ ജനങ്ങളെ കാണും. ജൂണ്‍ 10ന് മറ്റു പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പദ്ധതികള്‍ പരിചയപ്പെടുത്തുകയും സമ്പര്‍ക്കം ചെയ്യുകയും ചെയ്യും.
ജൂണ്‍11ന് പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിലെ വ്യക്തിത്വങ്ങളെ ബൂത്തുതലങ്ങള്‍ കേന്ദ്രീകരിച്ച് നേരില്‍കാണും. ജൂണ്‍ 12ന് നഗര പ്രദേശങ്ങളില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന പാവപ്പെട്ടവരെ കണ്ടെത്തി കേന്ദ്രപദ്ധതികള്‍ പരിചയപ്പെടുക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്യും. ജൂണ്‍ 13ന് വ്യത്യസ്ഥ മേഖലകളില്‍ വിജയം വരിച്ച വ്യക്തികള്‍, സമൂഹത്തിലെ പ്രമുഖര്‍ എന്നിവരെ നേരില്‍കാണും. ജൂണ്‍ 14ന് കൊവിഡ് മഹാമാരി വ്യാപിച്ചപ്പോള്‍ മുന്നില്‍ നിന്ന് രാജ്യത്തെ നയിച്ച ആരോഗ്യ, സന്നദ്ധ പ്രവര്‍ത്തകരെ ആദരിക്കും. കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ ഇനി ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് വാക്‌സിനേഷന് അവസരം ഒരുക്കുകയും ബോധവത്ക്കരിപ്പിക്കുകയും ചെയ്യും. ജൂണ്‍ 15ന് പ്രധാനമന്ത്രിയുടെ വിവിധ പദ്ധതികളുടെ ആനുകൂല്യം നേടി വിജയം വരിച്ച ഗുണഭോക്താക്കളെ നേരില്‍ കാണും.
ജൂണ്‍ 15ന് മുമ്പ് ഒരു കേന്ദ്ര മന്ത്രി പങ്കെടുക്കുന്ന ഗരീബ് കല്യാണ്‍ സഭ സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ലഭിച്ചിട്ടുള്ള ഗുണഭോക്താക്കളുടെ കൂട്ടായിമ സഭയാണിത്. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ വികാസ് ബൈക്ക് റാലിയും സംഘടിപ്പിക്കപ്പെടും. കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതിയുടെ ഒരു സ്ഥലത്ത് നിന്നും ആരംഭിച്ച് മറ്റൊരു സ്ഥലത്ത് അവസാനിക്കുന്ന റാലിയാണിത്. കേന്ദ്ര പദ്ധതിയായ കഴക്കൂട്ടം കാരോട് ബൈപ്പാസിലൂടെയാവും ബൈക്ക് റാലി സംഘടിപ്പിക്കുക. വരാന്‍ പോകുന്ന ദിവസങ്ങളില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാവും ബൂത്ത് തലങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുവാനും ഗുണഭോക്താക്കളാക്കുവാനുമായി രംഗത്ത് ഇറങ്ങുക. ഒരു പ്രവര്‍ത്തകന്‍ 10 ദിവസം കൊണ്ട് 75 മണിക്കൂര്‍ ജനങ്ങളുമായി സംവദിക്കുന്നതിന് വേണ്ടി മാറ്റിവയ്‌ക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ്, ജില്ലാ മീഡിയ കോര്‍ഡിനേറ്റര്‍ സമ്പത്ത് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: