എം.എന്‍. ജയചന്ദ്രന്
ജൂണ്‍ 5 ന് ലോകപരിസ്ഥിതി ദിനമായി ആഘോഷിച്ചു തുടങ്ങിയതു മുതലുള്ള കാലങ്ങളില്‍ കാലിക പ്രസക്തമായ ഓരോ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ടാണ് നാം അതാഘോഷിക്കുന്നത്. 60 വര്‍ഷം മുമ്പ് 1972ല്‍ പരിസ്ഥിതിക്ക് വേണ്ടി സ്റ്റോക്ക്ഹോമില്‍ നടത്തിയ സമ്മേളനത്തിലെ മുദ്രവാക്യമായിരുന്നു ‘ഒരേയൊരു ഭൂമി’. അമ്പതുവര്‍ഷങ്ങള്‍ക്ക് ശേഷം അതേ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് തന്നെയാണ് 2022ലെ പരിസ്ഥിതിദിനം ആഘോഷിക്കുന്നത്. ഒരേയൊരു ഭൂമി എന്ന മുദ്രാവാക്യം ഉയര്‍ത്തുമ്പോള്‍ അത് കേവലം മരങ്ങള്‍ നട്ടുപോകലോ, പരിസ്ഥിതി റാലി നടത്തുന്നതിലോ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലുന്നതിലോ ഒതുങ്ങുന്നില്ല. പകരം നിത്യജീവിതത്തില്‍ അനുഷ്ഠിക്കേണ്ട ജീവിതചര്യയായി പരിസ്ഥിതി സൗഹാര്‍ദ ജീവിതരീതി കൈക്കൊള്ളേണ്ടിയിരിക്കുന്നു.
നാളത്തെ തലമുറയ്ക്ക് കരുതലോടെ കൈമാറേണ്ടതാണ് നാം ഇന്നനുഭവിക്കുന്ന ഭൂമി. ഈ കൈമാറ്റം സാധ്യമാവണമെങ്കില്‍ എല്ലാ ജീവജാലങ്ങളെയും, ജീവനില്ലാത്ത വസ്തുക്കളേയും, പരിപാലിക്കുന്ന പരിസ്ഥിതിയെയും സംരക്ഷിച്ചേപറ്റു.
അപ്പോള്‍ സ്വഭാവികമായി ഉയരുന്ന ചോദ്യം എന്താണ് പരിസ്ഥിതി എന്നാണ്? ഏറ്റവും ചുരുങ്ങിയ വാക്കില്‍ പറഞ്ഞാല്‍ നമ്മളുള്‍പ്പടെ നമ്മുടെ ചുറ്റുമുള്ള ജീവനുള്ളതും ജീവനില്ലാത്തതുമായ മുഴുവന്‍ പ്രകൃതിദത്ത വസ്തുക്കളും ചേര്‍ന്നതാണ് പരിസ്ഥിതി. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണമെന്നു പറയുമ്പോള്‍ നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രകൃതിദത്തമായ സകല വസ്തുക്കളുടെയും സംരക്ഷണമാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പ്രകൃതിസംരക്ഷണം ജീവിതശൈലിയാക്കണം. നമ്മള് പ്രകൃതിയില്‍ നിന്ന് എത്രത്തോളം നമ്മുടെ ആവശ്യത്തിനുവേണ്ടി സ്വീകരിക്കുന്നു എന്നിതിനെ ആശ്രയിച്ചിരിക്കുമത്. ഇവിടെയാണ് മഹാത്മജിയുടെ വാക്കുകള്‍ പ്രസക്തമാക്കുന്നത്. ഭൂമിയില്‍ എല്ലാവരുടെയും ആവശ്യത്തിനുണ്ട്. ആരുടെയും ആര്ത്തിക്കില്ല.
(എസ്പിസിഎ ഇടുക്കി ജില്ലാ സെക്രട്ടറിയും പരിസ്ഥിതി പ്രവര്‍ത്തകനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: