Categories: Article

പഠിക്കണം, പ്രകൃതിയുടെ ധര്‍മ്മ ശാസ്ത്രം

പ്രകൃതിക്ക് ഒരു ശാസ്ത്രമുണ്ട്. അതാണ് ഇക്കോളജി. പ്രകൃതിയുടെ ധര്‍മ്മ ശാസ്ത്രം. അതാവണം ഒരു കുട്ടിയെ ആദ്യം പഠിപ്പിക്കേണ്ടത്. പരസ്പരം സഹകരിച്ചും സ്വാധീനിച്ചും സഹായിച്ചും എങ്ങനെയാണ് നമ്മള്‍ നിലനില്ക്കുന്നത് എന്ന് പഠിപ്പിക്കുന്ന ശാസ്ത്രമാണ് ഇക്കോളജി. ഈ പഠനത്തിന്റെ അഭാവമാണ് നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം.

Published by

കെ.വി. ദയാല്‍

ആദ്യം വേണ്ടത് പരിസ്ഥിതി എന്താണ് എന്നറിയുകയാണ്. ഒപ്പം പ്രകൃതി എന്താണെന്നും അറിയണം. ഈ അറിവില്ലായ്മയാണ് പ്രശ്‌നം. പരിസ്ഥിതി എന്നാല്‍ പരിസരം എന്നേ അര്‍ത്ഥമുള്ളൂ. അതായത് ചുറ്റുപാടുകളെക്കുറിച്ചുള്ള പഠനം. പ്രകൃതി പഠനം ഇതില്‍ നിന്നും വിഭിന്നമാണ്.  ഓരോ വ്യക്തിയേയും ചേര്‍ത്ത് പഠിക്കുന്നതാണ് പ്രകൃതി പഠനം. ആന്തരിക പ്രകൃതിയേയും ബാഹ്യപ്രകൃതിയേയും കുറിച്ചുള്ള പഠനമാണത്. മനുഷ്യ ശരീരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ബാഹ്യപ്രകൃതിയിലെ പഞ്ചഭൂതങ്ങള്‍കൊണ്ടാണ്. അതിനാല്‍ ആന്തരിക പ്രകൃതിയും ബാഹ്യപ്രകൃതിയും തമ്മില്‍ ഒരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ അനുനിമിഷം നടക്കുന്നുണ്ട്. ബാഹ്യപ്രകൃതിയില്‍ നിന്നും വായു ആന്തരിക പ്രകൃതിയിലേക്ക് എടുക്കും. ആന്തരിക പ്രകൃതിയില്‍ നിന്നും കാര്‍ബണ്‍ ഡയോക്‌സൈഡ് ബാഹ്യപ്രകൃതിക്ക് കൊടുക്കും. ഈ കാര്‍ബണ്‍ ഡയോക്‌സൈഡ് സസ്യജാലങ്ങള്‍ എടുക്കും. പകരം ഓക്‌സിജന്‍ ബാഹ്യപ്രകൃതിക്ക് നല്‍കും. ഇത് ഒരു താളത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബാഹ്യപ്രകൃതിയും ആന്തരിക പ്രകൃതിയും ഒന്നു തന്നെയാണ്. അതുകൊണ്ടുതന്നെ ബാഹ്യപ്രകൃതിയില്‍ നിന്നും സ്വീകരിക്കുന്നത് വിഷമയമാണെങ്കില്‍ നമ്മളും അപ്രകാരമായിത്തീരും. അതുകൊണ്ട് ബാഹ്യ- ആന്തരിക പ്രകൃതികള്‍ ഒന്നുതന്നെയാണെന്ന ബോധത്തോടെ വേണം ജീവിക്കാന്‍.

പ്രകൃതിക്ക് ഒരു ശാസ്ത്രമുണ്ട്. അതാണ് ഇക്കോളജി. പ്രകൃതിയുടെ ധര്‍മ്മ ശാസ്ത്രം. അതാവണം ഒരു കുട്ടിയെ ആദ്യം പഠിപ്പിക്കേണ്ടത്. പരസ്പരം സഹകരിച്ചും സ്വാധീനിച്ചും സഹായിച്ചും എങ്ങനെയാണ് നമ്മള്‍ നിലനില്ക്കുന്നത് എന്ന് പഠിപ്പിക്കുന്ന ശാസ്ത്രമാണ് ഇക്കോളജി. ഈ പഠനത്തിന്റെ അഭാവമാണ് നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം.  

ഭൂമിയിലെ എല്ലാ ഊര്‍ജ്ജത്തിന്റേയും ഉറവിടം സൂര്യനാണ്.  ഈ സൂര്യപ്രകാശം ശേഖരിച്ചു വയ്‌ക്കാന്‍ സസ്യജാലങ്ങള്‍ക്ക് മാത്രമേ സാധിക്കൂ. കാര്‍ബണിലാണ് സൂര്യപ്രകാശം ശേഖരിക്കുന്നത്. ഈ ഒരു ശാസ്ത്രം പ്രാവര്‍ത്തികമാക്കുകയാണ് വേണ്ടത്. സൂര്യപ്രകാശം പാഴാക്കാതെ പച്ചിലയില്‍ ശേഖരിക്കാന്‍ കഴിയണം. വിത്ത് വിതരണം നടത്തി സസ്യജാലങ്ങളെക്കൊണ്ട് ഇത് സാധ്യമാക്കണം. മരങ്ങള്‍ നടുക എന്നതാണ് പ്രധാനം. അങ്ങനെയെങ്കില്‍ പരിസ്ഥിതി സ്വാഭാവികമായും ശുദ്ധമാകും. ഈ ബോധത്തോടെയാവണം നമ്മുടെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍. പ്രകൃതി വിഭവമായ സൂര്യപ്രകാശത്തിന്റെ മൂല്യം നാം മനസ്സിലാക്കണം. പുനരാവിഷ്‌കരിക്കപ്പെട്ട സൗരോര്‍ജ്ജമാണ് ഭക്ഷണവും വായുവും ജലവുമെല്ലാം. അഗ്രോ ഇക്കോളജിക്കല്‍ ഡിസൈനിലൂടെ കൃഷി നടപ്പാക്കുകയാണ് വേണ്ടത്.  

വികസനവും പുരോഗമനവും രണ്ടും രണ്ടാണ്. നമ്മുടെ ഭൗതിക സാഹചര്യങ്ങളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതാണ് വികസനം. പുരോഗമനം എന്നത് മനുഷ്യന്റെ പുരോഗമനമാണ്. നല്ല മനുഷ്യനായി പുരോഗമിക്കണമെങ്കില്‍ അന്നവും മനസ്സും നല്ലതാവണം. ഇക്കോളജിയെ അടിസ്ഥാനപ്പെടുത്തി കൃഷി ചെയ്താല്‍ ഇത് സാധ്യമാകും. പ്രകൃതി നിയമാനുസൃതമായി സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണെങ്കില്‍ അത് പരിസ്ഥിതിക്ക് ദോഷമാവില്ല. എന്നാല്‍ ഇന്നുള്ള വികസനംപരിസ്ഥിതിക്ക് കോട്ടം വരുത്തുന്നതും മനുഷ്യകുലത്തെ ഇല്ലായ്മ ചെയ്യുന്നതുമാണ്. ഓരോ ഭൂപ്രദേശത്തിനും അനുസരിച്ചുള്ള വികസനമാണ് വേണ്ടത്. അവിടുത്തെ ഭൂപ്രകൃതിയെ തിരിച്ചറിഞ്ഞാവണം കൃഷിയും ഭവന നിര്‍മ്മാണവും എല്ലാം നടത്തേണ്ടത്. തകിടം മറിഞ്ഞ കാലാവസ്ഥയെ തിരിച്ചുപിടിക്കാന്‍ കഴിയണം. ഇക്കോളജി അനുസരിച്ച് വികസന പദ്ധതികള്‍ രൂപകല്‍പ്പന ചെയ്താല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. അതിനുള്ള മനസ്സുണ്ടാവുക എന്നതാണ് പ്രധാനം. പ്രകൃതിയുടെ നിയമമാണ് അത്. അത് തെറ്റിച്ചാല്‍ ശിക്ഷ ഉറപ്പാണ്. അതിന് തെളിവാണ് പ്രളയവും പ്രകൃതിക്ഷോഭവും മഹാമാരിയുമെല്ലാം. കേരളത്തിന്റെ മേല്‍ക്കൂരയാണ് ഹൈറേഞ്ച്. അത് തകര്‍ന്നാല്‍ പിന്നെ ഇവിടെ എങ്ങനെയാണ് ജീവിതം സാധ്യമാകുക. മണ്ണും ജലവും ജൈവ വൈവിധ്യവും സംരക്ഷിക്കാതെയുള്ള വികസനപ്രവര്‍ത്തനങ്ങളുടെ അനന്തരഫലമാണ് കേരളം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ പരിസ്ഥിതിയെ, ചുറ്റുപാടിനെ മനസ്സിലാക്കാന്‍ ആ പ്രദേശത്തെ കാവുകളെ പറ്റി പഠിച്ചാല്‍ മതി. ഇത്തരത്തിലുള്ള പഠനമാണ് നടക്കേണ്ടത്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഇത്തരം ശ്രമങ്ങളാണ് വേണ്ടത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by