രാമസിംഹന്
തീ കാഞ്ഞാല്‍ മേ കായും
മേ കാഞ്ഞാല്‍ ബുദ്ധി കായും
ബുദ്ധി കാഞ്ഞാല്‍ ചത്തു പോകും…
പണ്ട് കുഞ്ഞായിരുന്നപ്പോള്‍ വയനാട്ടിലെ കൊടും തണുപ്പത്ത് അതിരാവിലെ തീകായുമ്പോള്‍ മൂത്തോറന് പാടിത്തന്ന പാട്ടായിരുന്നു. അന്നങ്ങനെയായിരുന്നു. സ്കൂള്‍ വിട്ടുവന്നാല്‍ കരിയിലയും ചുള്ളിക്കമ്പുമെല്ലാം വാരിക്കൂട്ടി വയ്ക്കും. പിറ്റേന്ന് തീയിട്ട് തണുപ്പ് മാറ്റാന്‍. എന്നിട്ടു വേണം മദ്രസയിലും സ്കൂളിലുമൊക്കെ പോകാന്‍.
സ്കൂളില്‍ പോകുമ്പോള്‍ വഴിയരികിലെല്ലാം പുഷ്പിച്ചു നില്ക്കുന്ന കാട്ടു ചെടികള്‍. മണ്‍പാതയിലൂടെ മണികിലുക്കി വരുന്ന കാളവണ്ടിയുടെ പുറകില്‍ തൂങ്ങിയുള്ള യാത്ര. ഗന്ധകശാല വിളഞ്ഞു നില്ക്കുന്ന പാടവരമ്പിലൂടെ വെള്ളവസ്ത്രം ധരിച്ചു കൊക്കുകളെ പോലെ ചലിക്കുന്ന കുറുമാട്ടികള്‍.
സൂര്യന് തലകുനിക്കുമ്പോള്‍ ഉയരുന്ന ചീവീടുകളുടെ ശബ്ദ കോലാഹലം, അവയ്ക്കൊപ്പം ഒഴുകിയെത്തുന്ന പണിയരുടെ തുടിതാളം, പണിയര്‍ മയങ്ങി കഴിയുമ്പോഴേക്കും കട്ടിക്കരിമ്പടത്തിനുള്ളില് ഞങ്ങള്‍ കുട്ടികള്‍ തിങ്ങിത്തിരുങ്ങി കണ്പൂട്ടുമ്പോള് കുറുക്കന്മാരുടെ ഓരിയിടല്‍. ഇതാണ് ശൈശവത്തിന്റെ ഓര്‍മ്മ. ബാല്യത്തിലേക്ക് കടന്നപ്പോള്‍ മുത്തങ്ങ കാട്ടിലെ അരുവിയും കാടിന്റെ കറുപ്പും കണ്ടു. പിന്നെ കോഴിക്കോട്ടേക്കുള്ള യാത്രയില്‍ വൈത്തിരിയിലെ ചങ്ങലയും ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച മഴമാപിനിയും കണ്ടു. 365 ദിവസവും നിലയ്ക്കാതെ പെയ്യുന്ന നൂല്‍മഴ ആസ്വദിച്ച് എത്ര പ്രാവശ്യം ചുരമിറങ്ങി. വീതി കുറഞ്ഞ ചുരം വഴി കാട്ടിലൂടെയുള്ള വഴിയായിരുന്നു, വെളിച്ചം കടന്നുവരാത്ത കാട്, ചുരമിറങ്ങും മുന്‍പ് ചുണ്ടയിലെ പള്ളിയില്‍ നേര്ച്ചയിടും, ചുരത്തിലെ വെള്ളച്ചാട്ടത്തില്‍ വണ്ടി തണുപ്പിക്കലും തണുത്ത വെള്ളം കൊണ്ട് മുഖം മരവിപ്പിക്കലും. ഇതിനിടയില്‍ കാര്ന്നോര് പറഞ്ഞു ഇത് വണ്ടിപ്പേട്ടയായിരുന്നു. കാളവണ്ടികള്‍ വിശ്രമിച്ച സ്ഥലം. രണ്ടും മൂന്നും ദിവസം കൊണ്ടായിരുന്നത്രെ കോഴിക്കോട് നിന്നും വയനാട്ടില്‍ എത്തിയിരുന്നത്. കാട്ടുമൃഗങ്ങളെ കണ്ട് യാത്ര തുടരും.
ചുരമിറങ്ങിക്കഴിഞ്ഞാല് ഒടുങ്ങാക്കാട് പള്ളിയില്‍ നേര്‍ച്ച. അപകടം കൂടാതെ ചുരമിറക്കിയതിന്. കാലം മുമ്പോട്ട് പോയി ലോറികള്‍ ചുരം കയറി… തിരികെ മരം നിറച്ചു മടങ്ങി… കടലില്‍ മരമുണ്ടായിട്ടാണോ മഴ പെയ്യുന്നതെന്ന വാര്‍ത്ത കേട്ടു, വീണ്ടും ചുരമിറങ്ങിയപ്പോള്‍ നൂല്‍മഴ കണ്ടില്ല, വണ്ടിപ്പേട്ടയില്‍ വേശ്യാലയങ്ങള്‍ കണ്ടു… താഴ്വാരങ്ങളില് റബ്ബര്‍ മരങ്ങള്‍ ഉയരുന്നത് കണ്ടു…..
കാലം കുറച്ചുകൂടി പോയപ്പോള്‍ മരങ്ങള്‍ നിറഞ്ഞു നിന്ന കാപ്പിത്തോട്ടങ്ങള്‍ മുരുക്കു മരങ്ങള്‍ നിറഞ്ഞ കുരുമുളക് തോട്ടമായി…കോണ്‍ഗ്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ന്നു. കാലത്തെ തീ കായല്‍ പോയി, പുതപ്പിന്റെ കട്ടി കുറഞ്ഞു. ഒടുവില്‍ ഫാന്‍ എന്ന തണുപ്പിക്കും യന്ത്രം വീട്ടിലെത്തി.
അയ്യപ്പപ്പണിക്കരുടെ കവിതയെത്തി
കാടെവിടെ മക്കളെ….
ശാസ്ത്രസാഹിത്യ പരിഷത്ത് വന്നു…
കാട് വേണം…
ഞാനും ഏറ്റു പാടി… പണ്ട് പണ്ടൊരു വന്മരം…
അതിനൊക്കെ ആയുസ്സ് കുറവായിരുന്നു. രാഷ്ട്രീയക്കാരുടെ ആര്ത്തിക്കുമുന്പില് കാട് ക്ലിയര്‍ ഫില്ലിംഗിന് നല്കി, കാട് വെളുത്തു. പിന്നീട് കര്‍ശന നിയമങ്ങള്‍ വന്നപ്പോഴേക്കും ഞാന്‍ എഴുതിത്തുടങ്ങിയതെല്ലാം മാഞ്ഞുപോയിരുന്നു.
ചാരായം പോയി വിദേശി വന്നു. പണിയര്‍ അതില്‍ മയങ്ങി, തുടിതാളം മുറിഞ്ഞു.
വലിയ ഉരുള്‍ പൊട്ടല്‍…..
കൃത്യമായി വന്ന ഇടവപ്പാതിയും കര്‍ക്കിടക മഴയുമെല്ലാം അവര്‍ക്ക് തോന്നുമ്പോള്‍ വരലായി..
പുല്‍പ്പള്ളിയില്‍ കുടിവെള്ളമില്ലാതായി, ബത്തേരിയില്‍ നിന്നും വെള്ളം ജീപ്പില്‍ പുല്‍പ്പള്ളിക്ക് പോവുന്നത് കണ്ടു…
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വായിക്കാതെ കത്തിക്കുന്നതും കണ്ടു…
ഞാന്‍ കണ്ട വയനാട് പുതുതലമുറ കാണുന്നില്ല. ഒരു കുളിര്‍കാറ്റിനായി അന്യ ജില്ലകളില്‍ നിന്ന് വന്ന് റിസോര്‍ട്ടിലെ മരയില്‍ കിടക്കുമ്പോള്‍, അവര്‍ വയനാട്ടിലെ പല്ല് കൂട്ടിയിടിച്ചിരുന്ന തണുപ്പ് അനുഭവിക്കാതെ മടങ്ങുന്നു. ഞാന്‍ ചുരമിറങ്ങിയിട്ട് വര്‍ഷങ്ങളായി…
ഇപ്പോഴും ഞാന്‍ ഇടയ്ക്കിടെ പോകും കുഞ്ഞും നാളിലെ വയനാട് കാണാന്‍… അതവിടെയില്ല..
ചില പച്ചത്തുരുത്തുകള്‍ അത്രേയുള്ളൂ.
ചിലപ്പോള്‍ ചിന്തിക്കും ലോകം മാറാതിരുന്നെങ്കില്‍…
അതേ മാറേണ്ടായിരുന്നു..
പ്രകൃതിയുടെ കനിവില്‍ സൗഭാഗ്യ ജീവിതം..
തുടി താളം…. മുട്ടമ്പുമായി കുറുമരുടെ, വേട്ടയാടല്‍. കാട്ടുപൂക്കളുടെ സൗരഭ്യം. ഗന്ധകശാല വിളഞ്ഞു നില്ക്കുന്ന പാടം. കുന്നില്‍ മുകളില്‍ ചെന്ന് മേഘത്തെ തൊടല്. കൂട്ടുകാരൊത്ത് അമ്പുത്തി മലയിലെ എടക്കല്‍ ഗുഹയില്‍ അഗ്നി കൂട്ടി അന്തിയുറക്കം… എവിടെ നിന്നോ ആ ഗാനമുയരുന്നു..
നാട് നല്ല നാട് മച്ചോ, എങ്ക വയനാട്..
നാട് നല്ല നാട് മച്ചോ, മഞ്ഞു പെയ്യും നാട്…
എല്ലാത്തിനും സാക്ഷിയായി കരിന്തണ്ടനുറങ്ങുന്ന ചങ്ങല മരം അവിടെത്തന്നെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: