ന്യൂദല്‍ഹി: പിതാവ് പി.ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരിക്കുന്നതിന്റെ സ്വാധീനം ഉപയോഗിച്ച് 50 ലക്ഷം രൂപ കൈക്കൂലി വാങ്ങി 263 ചൈനീസ് വിസ കൃത്രിമമാര്‍ഗ്ഗത്തിലൂടെ പുതുക്കി നല്കിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം ജാമ്യം തേടി നെട്ടോട്ടത്തില്‍. നേരത്തെ സിബിഐ കോടതി കാര്‍ത്തി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസും ജാമ്യം റദ്ദാക്കുന്നതിന് കാരണമായി. പി. ചിദംബരം കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ആ സ്വാധീനം ഉപയോഗിച്ചാണ് മകന് കാര്‍ത്തി ചിദംബരം വഴിവിട്ട് 263 ചൈനീസ് വിസകള്‍ പുതുക്കി നല്‍കിയത്. നിലവിലുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയായിരുന്നു വിസകള്‍ അനുവദിച്ചത്. പഞ്ചാബ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വൈദ്യുതി നിര്‍മ്മാണ കമ്പനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനായിരുന്നു വിസ അനുവദിച്ചത്.
ഈ കേസില്‍ മറ്റുകുറ്റവാളികളായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ് ഭാസ്കര്‍ രാമന്, വികാസ് മഖാരിയ എന്നിവരുടെ മുന്‍കൂര്‍ ജാമ്യവും റൗസ് അവന്യൂ കോടതി റദ്ദാക്കി. ഭാസ്കര്‍ രാമന് പലപ്പോഴും അച്ഛന്റെ അധികാരസ്വാധീനം ദുരുപയോഗം ചെയ്യാന്‍ കൈക്കൂലി നല്കി മകനായ കാര്‍ത്തി ചിദംബരത്തെ സ്വാധീനിക്കുന്ന പതിവുണ്ടായിരുന്നു.
2011ല്‍ നടന്ന കേസില്‍ ഏറെക്കാലം കഴിഞ്ഞാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് വാദിച്ച് കാര്‍ത്തി ചിദംബരത്തെ രക്ഷിക്കാന്‍ കപില്‍ സിബല്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. 263 ചൈനീസ് വിസകള്‍ പുതുക്കാന്‍ 50 ലക്ഷം രൂപയാണ് തല്‍വണ്ടി സാബോ പവര്‍ ലി എന്ന പഞ്ചാബ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഇടനിലക്കാര്‍ക്ക് കൈക്കൂലിയായി നല്‍കിയത്. വേറെ നാല് കേസുകളില്‍ കൂടി കാര്‍ത്തി ചിദംബരം പ്രതിയാണ്. രണ്ട് കേസുകള്‍ എയര്‍സെല്‍ മാക്സിസുമായി ബന്ധപ്പെട്ടതാണെങ്കില്‍ മറ്റ് രണ്ട് കേസുകള്‍ ഐഎന്‍എക്സ് മീഡിയയുമായി ബന്ധപ്പെട്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: