ന്യൂദല്‍ഹി: ബലാത്സംഗ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ബോഡി സ്പ്രേ കമ്പനിയുടെ പരസ്യം തടയിട്ട് കേന്ദ്ര സര്‍ക്കാര്‍. ലേയര്‍ ഷോട്ട് ബോഡി സ്പ്രേയുടെ പരസ്യത്തിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നത്. ബോഡി സ്പ്രേയുടെ രണ്ട് പരസ്യങ്ങളാണ് ട്വിറ്ററില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയത്.
രണ്ട് പരസ്യങ്ങളിലും നാല് യുവാക്കള്‍ ദ്വയാര്‍ത്ഥമുള്ള പ്രയോഗങ്ങളാണ് നടത്തുന്നത്. പരസ്യത്തിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് ദല്‍ഹി വനിതാ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിരുന്നു. പരസ്യത്തിനെതിരെ വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാല്‍ വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിന് കത്തും അയച്ചു.
നാലു പുരുഷന്മാര് തമ്മില്‍ നടത്തുന്ന സംഭാഷണത്തില്‍ നിന്നാണ് പരസ്യം ആരംഭിക്കുന്നത്. ഇവര്‍ക്കിടയിലേക്ക് ഒരു സ്ത്രീ കടന്നു വരുന്നുണ്ട്. അശ്ലീലചുവയോടെ പുരുഷന്മാര് സംസാരിക്കുന്നതും വിഡിയോയില്‍ ഉണ്ട്. തന്നെ കുറിച്ചാണ് പുരുഷന്മാര് സംസാരിക്കുന്നതെന്നു കരുതിയ യുവതി ഇവരെ രോഷാകുലയായി നോക്കുന്നതും വിഡിയോയിലുണ്ട്. നാലുപേരില്‍ ആരാണ് ഷോട്ട് എടുക്കാന്‍ പോകുന്നതെന്നാണ് ഇവര്‍ തമ്മിലുള്ള തര്‍ക്കം. മറ്റൊരു പരസ്യത്തില്‍ സൗഹൃദത്തിലിരിക്കുന്ന ഒരു പുരുഷനും സ്ത്രീയും ഒരു മുറിയില്‍ കിടക്കയില്‍ ഇരിക്കുന്നു. ഈ മുറിയിലേക്ക് മൂന്നു പുരുഷന്മാര് കടന്നു വരികയും അതില്‍ ഒരാള്‍ യുവതിയോട് മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്നു. പിന്നീട് മുറിയില്‍ നിന്നും സ്പ്രേ എടുത്ത് ഇയാള്‍ ഉപയോഗിക്കുന്നതും വിഡിയോയില്‍ ഉണ്ട്.
ഈ രണ്ട് പരസ്യങ്ങളും ബലാത്സംഗ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് കാണിച്ചാണ് വിലക്ക്. അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ്സിഐ ) നേരത്തെ തന്നെ പരസ്യത്തിനെതിരെ രംഗത്ത് വന്നിരുന്നു. എഎസ്സിഐ നിര്‍ദേശിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതാണ് പരസ്യമെന്നും പൊതുതാല്പര്യത്തിന് എതിരാണ് പരസ്യമെന്നും എഎസ്സിഐ അറിയിച്ചു. പരസ്യനിര്മാതാവിനോട് എത്രയും വേഗം പരസ്യം നിര്‍ത്തലാക്കാന്‍ എഎസ്സിഐ നിര്‍ദേശവും നല്കി. അതിന് പിന്നാലെയാണ് ദല്‍ഹിയിലെ വനിത കമ്മീഷന് അദ്ധ്യക്ഷയായ സ്വാതി മാലിവാള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: